Saturday, October 22, 2011
നിലാമഴ...: കൂനിത്ത ള്ള എന്ന നാണിയമ്മായി
നിലാമഴ...: കൂനിത്ത ള്ള എന്ന നാണിയമ്മായി: ആദ്യമായി കൂനിതള്ള എന്ന് കുട്ടികള്‍ രഹസ്യമായി വിളിക്കുന്ന നാണിയമ്മായിയെ ഞാന്‍ കാണുന്നത് ഞങ്ങളുടെ വിവാഹ ദിവസം ആയിരുന്നു .അഷ്ടമാഗല്യ താ...
Friday, October 14, 2011
നിലാമഴ...: നിഴല്‍ ജീവിതങ്ങള്‍
നിലാമഴ...: നിഴല്‍ ജീവിതങ്ങള്‍: നിഴല്‍ ജീവിതങ്ങള്‍ അമ്മ പറഞ്ഞാണ് അറിഞ്ഞത് ഗ്രാമത്തിലെ ചെറിയ അമ്പലം പുനരുദ്ധരിക്കപ്പെട്ടു എന്ന് . ഒന്ന് കാണണം ഒപ്പം പഴയ പരിചയങ്ങള്‍ ഒക...
Wednesday, September 28, 2011
പാഴ് ഭൂമി
മല ചെത്തി മണ്ണിട്ട് മൂടീടുക
മൂടിയ മണ്ണിനെ ഊക്കൊടുറപ്പിച്ച്
മേളില്‍ പണിയുക കെട്ടിടങ്ങള്‍
മണ്ണോട്ടും കാണാതെ പാദം പതിയാതെ
പാകി മറയ്ക്കുക മുറ്റമാകെ
ഭംഗിയില്‍ ഓരത്തായ് പണിയുക ചാലുകള്‍
മഴവെള്ളം മൊത്തത്തില്‍ വാര്‍ന്നു പോകാന്‍
എന്നിട്ടോടുക്കമീ അമ്മതന്‍ നെഞ്ചിലെ -
ക്കാഴത്തില്‍ കുഴല്‍ താഴ്ത്തൂ കുടിനീരിനായി
ഇത്രയുമൊക്കെ കഴിഞ്ഞാലിനി വരും
വെക്കത്തില്‍ പട്ടണ ച്ഛായ പോലും
പകലന്തിയോള മീ മണ്ണില്‍ പണിതോരാ
അച്ഛന്റെ മക്കള്‍ക്കും ജോലിയാകും
കറ്റയറുത്തും മെതിച്ചും തളര്‍ന്നൊരാ
അമ്മതന്‍ മക്കള്‍ക്കും ജോലിയാകും
കൂമ്പാള തൊപ്പിയും ചുട്ടിമുണ്ടും പിന്നെ
കന്നും കലപ്പയും കാഴ്ച വസ്തു
മോടിയില്‍ ചെര്‍തീടാം ചില്ലുകൂട്ടില്‍ ...നാളെ
ചൊല്ലിക്കൊടുതീടാം പൈതങ്ങള്‍ക്ക്
Tuesday, August 16, 2011
മഴക്കാഴ്ച
തോരാതെ പെയ്യുന്ന മാരി കാണാനിന്നു
മുറിവിട്ടു ഞാനും പുറത്തു വന്നു
ഉമ്മറക്കോണിലെ ചാരു ബെഞ്ചില്‍
എന്റെ കട്ടി കരിമ്പടം പുതച്ചിരുന്നു.
കുളിരേറ്റിയെത്തുന്ന കാറ്റിലെന്‍ കണ്‍ പീലി
ചെറുകണം മേടിച്ചു ചാര്‍ത്തി നിന്നു
തൂലിക തേടിയെന്‍ വിരലുകള്‍ നീങ്ങവേ
ഹൃദയത്തില്‍ തുടിതാളം പൊങ്ങിവന്നു
വെള്ളം നിറഞ്ഞൊരു പാട വരമ്പത്തു
തലയേന്തി നില്‍ക്കുന്ന പുല്‍ തുരുത്തില്‍
തോരാ മഴയെ ,യറിഞ്ഞോരു പറവകള്‍
പഞ്ഞമകറ്റാന്‍ നനഞ്ഞിറങ്ങി
കാണാം വരമ്പുകള്‍ക്കപ്പുറം പുഴയൊരു
മേദസ്സു മുറ്റിയ പെണ്ണിനെപ്പോല്‍
കരകവിഞ്ഞാ രൂപം ശോഭകെട്ടി,
ട്ടതി ദ്രുതം ആരെയോ തേടി പോണൂ
'തുള്ളിക്കൊരുകുട' മെന്നപോല്‍ പെയ്യുമീ
മഴയില്‍ , പെയ്യുന്ന കൂരയ്ക്കുള്ളില്‍
പുകയുമടുപ്പിന്റെ ഓരം പറ്റി , ഒരു
ചെറുമനും മക്കളും ചേര്‍ന്നിരിപ്പൂ.
പശിയാറ്റാന്‍ പാവത്താന്‍ പാട്ട് പാടി , ഒപ്പം
പശിയോടെ പൈതങ്ങള്‍ ഏറ്റു പാടി
"പകലോ നൊന്നിനി വന്നിരുന്നേല്‍ , ഏന്‍
പാടത്തും പറമ്പിലും പോയിടുമേ .....
കനിയും കിഴങ്ങും എടുത്തിടുമേ..
പഞ്ഞ വയറൊന്നു നിറച്ചിടുമേ"..
ചെറുമന്റെ പെണ്ണുമതേറ്റു പാടി
കാറ്റും മഴയും മറിച്ചു പാടി
ചെറുമ ക്കുടിലിന്റെ ഉമ്മറത്ത്
ചാവാലി പട്ടി ചുരുണ്ടുകൂടി
കത്തും വയറിന്റെ ആന്തലിലാ
പട്ടിതന്‍ മൂളലും പാട്ടുപോലെ
ആര്‍ത്തു ചൊരിയുന്ന വാനമിന്നു
ചെറുമ ക്കുടിലിലോ ആധി പാകി
കാതം അകലത്തെന്‍ ഉമ്മറത്തോ
'തുള്ളിക്കൊരുകുടം' കവിതയായി ...

ചെറുമ ക്കുടിലിന്റെ ഉമ്മറത്ത്ചാവാലി പട്ടി ചുരുണ്ടുകൂടി
കത്തും വയറിന്റെ ആന്തലിലാ
പട്ടിതന്‍ മൂളലും പാട്ടുപോലെ
ആര്‍ത്തു ചൊരിയുന്ന വാനമിന്നു
ചെറുമ ക്കുടിലിലോ ആധി പാകി
കാതം അകലത്തെന്‍ ഉമ്മറത്തോ
'തുള്ളിക്കൊരുകുടം' കവിതയായി ...
Sunday, July 31, 2011
നിഴല്‍ ജീവിതങ്ങള്‍
നിഴല്‍ ജീവിതങ്ങള്‍
അമ്മ പറഞ്ഞാണ് അറിഞ്ഞത് ഗ്രാമത്തിലെ ചെറിയ അമ്പലം പുനരുദ്ധരിക്കപ്പെട്ടു എന്ന് . ഒന്ന് കാണണം ഒപ്പം പഴയ പരിചയങ്ങള്‍ ഒക്കെ ഒന്ന് പുതുക്കണം.
തറവാട്ടിലെത്തിയ ഒരു ഒഴിവു ദിവസം അഞ്ചുമണിക്ക് മകളെയും കൂട്ടി നാട് കാണാനിറങ്ങി. ഓരോ കാഴ്ചയും അവളിലുണര്‍ത്തിയ ആവേശം എന്നിലേക്കും പടര്‍ന്നു . "എന്ന് വന്നു ...........എന്ന് പോകും .........."എന്നീ ചോദ്യങ്ങള്‍ക്ക് ആവര്‍ത്തിച്ചു മറുപടി പറയുമ്പോള്‍ അവള്‍ ചിരിക്കുന്നത് ഞാന്‍ അറിഞ്ഞു. ഓരോ വീടിനെക്കുറിച്ചും പറയുവാന്‍ ബന്ധങ്ങളുടെ വഴിതിരുവുകള്‍ ഉണ്ടായിരുന്നു
."ഇത്രയും ബന്ധുക്കളോ അമ്മയ്ക്ക് ? ............."നിഷ്കളങ്കമായ ചോദ്യം . ജനിച്ചു വളര്‍ന്ന ഈ നാടിനെക്കുറിച്ച് പറയാന്‍ സ്വന്തവും ബന്ധവും സൌഹൃതവും മാത്രമേ ഉള്ളു ....അതാണല്ലോ ഗ്രാമത്തിന്റെ ചൈതന്യം ..
വളവു തിരിഞ്ഞു അമ്പലത്തിനു അടുതെത്തിയപ്പോഴേ കണ്ടു ഉയരത്തിലൊരു ചുറ്റുമതില്‍ . അതിനു മുകളിലൂടെ ശ്രീ കോവിലിന്റെ ഓടു പാകിയ മേല്‍ക്കൂര .....ശിവ പഞ്ചാക്ഷരിയുടെ നേര്‍ത്ത കേള്‍വി ....കര്‍പ്പൂരത്തിന്റെയും ചന്ദനത്തിരികളുടെയും വാസന....ശരിക്കും ഒരു അമ്പല ഗന്ധം ഞാന്‍ അറിഞ്ഞു. മുന്‍പ് കാറ്റേറ്റ് അണയുന്ന കല്‍വിളക്കിലെ പാതി കത്തിയ തിരികളുടെ ഗന്ധമായിരുന്നു ഈ പ്രകൃതിക്ക് .
പടവുകള്‍ക്കു താഴെ മൈതാനത്തു കെട്ടിയൊരുക്കിയ ആല്‍ത്തറയില്‍ നേര്‍ത്ത സുഗന്ധമുള്ള കാറ്റേറ്റ് വെറുതെ ഒട്ടു നേരമിരുന്നു. അപ്പുറത്ത് സല്ലപിച്ചിരുന്ന ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ തെല്ലത്ഭുതതോടെ നോക്കുന്നത് ഞാന്‍ അറിഞ്ഞു . അപരിചിതത്തിനു അപ്പുറം ആല്‍ത്തറയിലിരിക്കാന്‍ ഒരു സ്ത്രീ എത്തിയതിന്റെ അമ്പരപ്പായിരുന്നു ആ നോട്ടമെന്നു തോന്നി. എങ്കിലും ഈ മാറിയ പ്രകൃതിയെ കുറച്ചെങ്കിലും ആസ്വതിക്കാതെ പോകാന്‍ മനസ് വന്നില്ല. പടികള്‍ കെട്ടിയ ചെറിയ കുളത്തിലെ വെള്ളം കോരി ദേഹത്തുതളിച്ച് അമ്പലത്തിലേക്ക് നീങ്ങുന്ന സ്ത്രീ ജനങ്ങളെ മകള്‍ കൌതുകത്തോടെ നോക്കിനിന്നു, മുന്‍പ് ഏതോ ആവശ്യത്തിനു പൊട്ടിച്ചു മാറ്റിയ പാറക്കെട്ടിലെ ഉറവക്കുഴിയാണ് ഇന്ന് കുളമായി പരിണമിച്ചത് ..
ആല്‍ത്തറ വഴി വന്നവരെല്ലാം എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി . ചിലര്‍ പരിചയത്തില്‍ അടുത്ത് വന്നും അകലെ നിന്നും കുശലം പറഞ്ഞു. ഗ്രാമത്തിന്റെ ആ കുശാല ഭാവം നഗര വാസിയായ എന്റെ മകളെ അലോസരപ്പെടുത്തി തുടങ്ങിയപ്പോള്‍ ഞാനും അമ്പല പ്പടവുകളിലേക്ക് നടന്നു
ഭക്തിക്കപ്പുറം പുതുമകള്‍ കാണാനുള്ള കൌതുകമായിരുന്നു എന്നിലപ്പോള്‍ .മനോഹരമായ ചായക്കൂട്ടുകളില്‍ തീര്‍ത്ത ചുവര്‍ ചിത്രങ്ങളും ശില്‍പ്പങ്ങളും... മറ്റൊരിടത്തായിരുന്നേല്‍ മകള്‍ അവളുടെ കാമറയില്‍ അവ പകര്‍ത്തിയേനെ ...അത്രയ്ക്ക് സൂക്ഷ്മതയോടെ അവ ളാചിത്രങ്ങളെ നോക്കി നിന്നു.
ആരോ പേരുചൊല്ലി വിളിക്കുന്നത് കേട്ടാണ് തിരിഞ്ഞു നോക്കിയത്. കറുത്ത് വണ്ണമുള്ള ഒരു സ്ത്രീ . കണ്ടു മറന്ന മുഖം ..എങ്കിലും ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല .അവരുടെ ചെമ്പന്‍ മുടി എണ്ണമയം ഏല്‍ക്കാത്തതും അഴകില്ലാത്തതും ആയിരുന്നു. ഞാന്‍ കണ്ട നഗര വാസികളായ പെണ്ണുങ്ങളൊന്നും മുടിയില്‍ എണ്ണ വയ്ക്കുന്നവരായിരുന്നില്ല .എന്നിരുന്നാലും അവരുടെ മുടിയിഴകള്‍ നല്ല ബലവും തിളക്കവും ഉള്ളവയായിരുന്നു.
"ഞാന്‍ രമയാണ് ..."അവര്‍ സ്വയം പരിചയപ്പെടുത്തി. "ഓര്‍ക്കുന്നുണ്ടോ എന്നെ ?.....മുന്‍പ് നമ്മള്‍ ഒരുമിച്ചു പൊറംപാറ സ്കൂളില്‍ പഠിച്ചിട്ടുണ്ട് ..." പൊറംപാറ..ഇന്നും പാറപ്പുറത്തുള്ള ആ സ്കൂളിനെ അങ്ങനെ വിശേഷിപ്പിക്കുന്നവരുണ്ടോ ?....പഴയ തലമുറയിലെ ആ പേര് പുതു തലമുറ മനപൂര്‍വ്വം ഒഴിവാക്കിയിരുന്നു . എന്റെയും ഓര്‍മ്മയില്‍നിന്ന് ആ സ്ഥല നാമം എന്നേ മറഞ്ഞിരുന്നു.
"ഉവ്വ് ...ഓര്‍ക്കുന്നുണ്ട് ...ഇപ്പോളെവിടെയാണ്..എല്ലാരും സുഖമായി ഇരിക്കുന്നോ ?...കുട്ടികള്‍ എത്രപേരാണ് "?...ഒരു ഓര്‍മ്മ പുതുക്കല്‍ വേളയില്‍ ഏവരും ചോദിക്കുന്ന കുറച്ചു സാധാരണ ചോദ്യങ്ങള്‍ . ചോദ്യകര്‍ത്താവിനും ഉത്തരം നല്‍കുന്നവനും വിരസത ഉണ്ടാക്കാന്‍ ഇടയില്ലാത്തവ.
അമ്പലമുറ്റത്ത് നിന്നുള്ള സംസാരത്തിലെ ഔചിത്യമില്ലായ്മ ഓര്‍മ്മിപ്പിച്ചുകൊണ്ട് മകള്‍ കൈത്തണ്ടയില്‍ പതിയെ നുള്ളിയപ്പോള്‍ രമയെയും കൂട്ടി കരിങ്കല്‍ പാളികള്‍ പാകിയ പടവുകളിറങ്ങി. അപ്പോള്‍ സന്ധ്യയുടെ ശോഭ ചക്രവാളത്തില്‍ പരന്നു തുടങ്ങിയിരുന്നു.
പ്രൈമറി ക്ലാസ്സുകളില്‍ രമ ഒപ്പമുണ്ടായിരുന്നത് ഞാന്‍ ഓര്‍ത്തു. കൂട്ടുകാരില്ലാത്ത..അധികം വണ്ണമുള്ള..ആരോടും സംസാരിക്കാത്ത രമ .പാണ്ടിമാക്കല്‍ എന്നാ വീട്ടുപേര് ലോപിച്ച് പാണ്ടിരമ എന്നറിയപ്പെട്ട കുട്ടി ...നാട്ടിലെ പല വീടുകളുടെയും പിന്നാമ്പുറങ്ങളില്‍ നിശബ്ദം പാത്രം കഴുകി കുടുംബം നോക്കുന്ന സാവിത്രി എന്ന സാധു സ്ത്രീ യുടെ മകള്‍....ഗ്രാമത്തില്‍ വീടുകള്‍ തോറും മണ്‍ചട്ടികള്‍ വില്‍ക്കാന്‍ വരുന്ന പൊള്ളാച്ചിക്കാരന്‍ മുരുകന്റെ മകള്‍...
പെന്‍സില്‍ കൊണ്ടുവരാത്തതില്‍..തീര്‍ന്ന നോട്ട് ബുക്കുകള്‍ക്ക് പകരം പുതിയവ വാങ്ങാത്തതില്‍ ...ചോദ്യങ്ങള്‍ക്കൊന്നിനും മറുപടി പറയാത്തതില്‍... സ്കൂള്‍ പിരുവുകളില്‍ യഥാ സമയം പണം അടയ്ക്കാത്തതില്‍ ....അങ്ങനെ അങ്ങനെ പല കാരണങ്ങളിലായി ക്ലാസ്സിനകത്തും പുറത്തും കുനിഞ്ഞ മുഖവുമായി എഴുന്നേറ്റു നില്‍ക്കുന്ന സമയമായിരുന്നു ഇരിക്കുന്ന സമയത്തില്‍ കൂടുതല്‍ രാമയ്ക്കുണ്ടായിരുന്നത്...അപ്പോളൊന്നും അവളുടെ കണ്ണുകള്‍ പെയ്തിട്ടില്ല. മുഖത്ത് കുറ്റബോധം ഉണ്ടായിരുന്നോ? ....അതൊന്നും തിരിച്ചറിയുവാനുള്ള പ്രായം എനിക്കും ഉണ്ടായിരുന്നില്ല ..
ഒട്ടും മാര്‍ദ്ദവമില്ലാത്ത ,തഴമ്പുകളുള്ള വലതു കൈകൊണ്ടു എന്റെ കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിച്ച് രമ എന്റെ ഓര്‍മവഴികളില്‍ തടയിട്ടു.
"എനിക്കൊരു സഹായം ചെയ്യണം .....എന്റെ മോള്‍ നന്നായി വീട്ടുപണിയൊക്കെ ചെയ്യും .അറിയാവുന്ന ആരുടെയെങ്കിലും വീട്ടിലല്ലാതെ എങ്ങനെയാ പണിക്കു വിടുന്നത്. ശമ്പളം എന്തെങ്കിലും മതി. മൂന്നു നേരം ഭക്ഷണവും സുരക്ഷിതമായ ഒരു താമസവും മാത്രമേ അവള്‍ക്കു വേണ്ടി ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. "
ഞാന്‍ ആര്‍ദ്രതയോടെ ആ കണ്ണുകളിലേക്കു നോക്കി .....
"രമയ്ക്ക് എത്രപേരാണ് കുട്ടികള്‍ ?.." ഞാന്‍ ആ ചോദ്യം ആവര്‍ത്തിച്ചു.
""അവള്‍ക്കു താഴെ ഒരാളുടെ . മോനാണ് ..അവന്‍ പള്ളിക്കലെ ആശാഭവനിലാണ്..പള്ളിക്കാരാണ് പഠിപ്പിക്കുന്നത് .." രമ പറഞ്ഞു.
ഭര്‍ത്താവ് എവിടെ എന്ന ചോദ്യം അവിടെ അപ്രസക്തമാണ് എന്നെനിക്കു തോന്നി. കുടുംബം അന്വേഷിക്കത്തവനാകാം ..ഭാര്യയെയും കുട്ടികളെയും വിട്ടു ഓടിപ്പോയിരിക്കാം .....മറ്റൊരു സ്ത്രീയില്‍ സുഖം തേടി പോയിരിക്കാം ....രോഗിയായി കിടന്നു പോയിട്ടുണ്ടാവാം .....അതോ ഇനി മരിച്ചു പോയിരിക്കുമോ?...എന്തോ എനിക്ക് ആ വിഷയം സംസാരിക്കാന്‍ യാതൊരു ആകാംഷയും തോന്നിയില്ല.
എന്റെ നിശബ്ധത രമയില്‍ ആകുലതയായി പടര്‍ന്നെന്നു തോന്നുന്നു. ആലംബത്തിനെന്നോണം എന്റെ കൈകളില്‍ അമര്‍ന്നിരുന്ന ആ കൈകള്‍ അയയുന്നതും വിട്ടകലുന്നതും അതിന്റെ സൂചന ആയിരുന്നു.
ഒരു സഹായിയെ വീട്ടില്‍ നിര്‍ത്തുക എന്നതിനെക്കുറിച്ച് ഇന്നോളം ചിന്തിച്ചിരുന്നില്ല. ഞാന്‍ കഴിച്ച പാത്രവും ഉടുത്ത വസ്ത്രങ്ങളും ഉപയോഗിച്ച കുളിമുറിയും മറ്റൊരാളെ ക്കൊണ്ട് വൃത്തിയാക്കിക്കാന്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല. പിന്നെ പാചകം ......ഒരു മൂവര്‍ കുടുംബത്തിനു എന്താണ് അധികം വയ്ക്കാന്‍ ....മുന്‍പൊക്കെ രുചി ഭേതങ്ങളില്‍ പരാതി പറഞ്ഞിരുന്ന ഭര്‍ത്താവ് ഇന്ന് നിശബ്ദനായി ഭക്ഷണം കഴിച്ചു പോകുന്നു. അത് കാലം എന്റെ പാചകവുമായി അദ്ദേഹത്തെ താതാത്മ്യപ്പെടുത്തിയതോ അതോ ഞാന്‍ ആ രുചി സങ്കല്‍പ്പത്തിനൊത്തു ഉയര്‍ന്നിട്ടോ എന്ന് നിശ്ചയം പോരാ....
"അമ്മാ...." ഒരു കൊച്ചു വിളിയൊച്ച എന്റെ ചിന്തകള്‍ക്ക് തടസ്സമായി എത്തി . രമയുടെ സാരിത്തലപ്പില്‍ പിടിച്ചു ഒരു കൊച്ചു പെണ്‍കുട്ടി .വിളറി മെലിഞ്ഞ ആ മുഖം പാതിയും സാരിത്തലപ്പില്‍ മറച്ചു എന്നേ ഉറ്റു നോക്കി നില്‍ക്കുന്നു. ഇതാര് എന്ന എന്റെ ചോദ്യം മനസ്സില്‍ നിന്നു വായിച്ചതുപോലെ രമ പറഞ്ഞു.

"ഇതാണ് ഞാന്‍ പറഞ്ഞ ആള്‍ ... പഞ്ചമി ."
അതുവരെ മനസ്സില്‍ ഉണ്ടായിരുന്ന ലാഘവത്വം മാഞ്ഞു പോയി .കൈ നീട്ടി ആ കുഞ്ഞു താടിയില്‍ പിടിച്ചുയര്‍ത്തി എന്ത് പറയണമെന്ന് അറിയാതെ ഞാന്‍ നിന്നു.നനവാര്‍ന്ന ചന്ദനക്കുറി വരച്ച ആ നെറ്റിയില്‍ അറിയാതെ എന്റെ ചുണ്ടുകള്‍ അമര്‍ന്നു.തിരിഞ്ഞു രമയെ നോക്കുമ്പോള്‍ ആദ്യമായി ആ മിഴികളില്‍ നീര്‍ത്തിളക്കം ഞാന്‍ കണ്ടു.
"ഈ കുഞ്ഞിനെ ആണോ രാമ വീട്ടില്‍ സഹായിയായി വിടാമെന്ന് പറഞ്ഞത് " .....
ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെനിക്ക്.
ആല്‍ത്തറയില്‍ കത്തുന്ന കര്‍പ്പൂരങ്ങളെ ഉഴിഞ്ഞു മുഖത്ത് ചേര്‍ത്ത് വാസനിക്കുന്ന മകളുടെ കുഞ്ഞിക്കൈയില്‍ ചൂട് തട്ടുമോ എന്ന് അല്‍പ്പം ആധിയോടെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു ഞാന്‍ .ആ കൈകളുടെ മാര്‍ദ്ദവം ഇല്ലെങ്കിലും എന്റെ കൈക്കുള്ളില്‍ ചേര്‍ന്നിരിക്കുന്ന കുഞ്ഞു കൈകള്‍ക്കും അതേ ചൂട് ....കണ്ണുകളില്‍ അതേ നിഷ്കളങ്കത .......
"വെട്ടിമുറ്റത്തെ ജോസ് ചേട്ടന്റെ മോള്‍ ഗള്‍ഫിലാണ് . അവരുടെ കുട്ടികളെ നോക്കാന്‍ കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നു.അടുത്താഴ്ച വിസ എടുക്കുമെന്ന് അറിയിച്ചു . മോളെ ബന്ധു ക്കളെ ഏല്‍പ്പിച്ചു പോകാന്‍ മനസ്സ് വരുന്നില്ല. അമ്മ രാവിലെ പണിക്കു പോയാല്‍ വൈകിട്ടെ എത്തു .ഇന്നത്തെ കാലമല്ലേ . എവിടെയെങ്കിലും ആക്കാതെ പോയാല്‍ എനിക്കൊരു സമാധാനവും കിട്ടില്ല. ഇന്നലെ അംഗനവാടിയില്‍ പോയപ്പോളാ നിങ്ങളൊക്കെ എത്തിയിട്ടുണ്ടെന്നു പറഞ്ഞു കേട്ടത് .അമ്പലത്തില്‍ വരവൊക്കെ വല്ലപ്പോഴുമാണ് .. ഇന്ന് വന്നതും ഒരു മാര്‍ഗ്ഗം കാട്ടണേ ന്നു പ്രാര്‍ത്ഥിച്ചു തിരിഞ്ഞപ്പോള്‍ നിങ്ങളെ കണ്ടതും ഒക്കെ ഒരു നിമിത്തം പോലെ തോന്നിച്ചു . അതാണ് ചോദിച്ചത്. "
ഒറ്റവാക്കില്‍ ഒരുത്തരം നല്‍കി രമയെ ആശ്വസിപ്പിക്കാന്‍ എനിക്കാകുമായിരുന്നില്ല. വിളിക്കാം എന്ന് വാക്കുനല്കി ഫോനെ നമ്പറും വാങ്ങി തിരിഞ്ഞു നടക്കുമ്പോള്‍ എന്നെപ്പോലെ തന്നെ മകളും നിശബ്ധയായിരുന്നു .മനസ് ബന്ധന മുക്തനായ അശ്വത്തെ പോലെ പള്ളിക്കൂട മുറിയിലേക്ക് പാഞ്ഞു.
അവിടെ നാല് മണി ബെല്ല് മുഴങ്ങുന്നതും ഭയത്തോടെ ....നിസ്സഹായതയോടെ... ക്ലാസ്സിന്റെ മൂലയിലേക്ക് ഒതുങ്ങുന്ന രമയെന്ന പെണ്‍കുട്ടിയും ....അവളെ നുള്ളിയും അടിച്ചും വേദനിപ്പിച്ചു ഓടിപ്പോകുന്ന സഹപാഠികളും; അവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു.
നിസ്സഹായയായ തന്റെ അമ്മയോട് അവള്‍ ആ സങ്കടങ്ങള്‍ പറഞ്ഞിരിക്കുമോ ?....കരഞ്ഞിരിക്കുമോ ?.....
ഒപ്പം നടന്ന മകളെ ചേര്‍ത്ത് പിടിച്ചു ഒരു മാത്ര ഞാന്‍ നിന്നുപോയി. ആ ഭാവപ്പകര്‍ച്ച അവളെ അമ്പരപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും അവള്‍ നിശബ്ധയായിരുന്നു .
"നമുക്ക് പഞ്ചമിയെ നമ്മുടെ വീട്ടിലേക്കു കൊണ്ടുപോയാലോ ?... കളിക്കാനും സ്കൂളില്‍ പോകാനുമൊക്കെ നിനക്കൊരു കൂട്ടുമാവും ....എന്താ ".....
എന്റെ ചോദ്യം കേള്‍ക്കാത്ത പോലെ അവള്‍ നടന്നു. എന്തോ ആ ചോദ്യം ഞാനും ആവര്‍ത്തിച്ചില്ല.
ഇരുട്ട് പതിയെ കാഴ്ചകളെ അവ്യക്തമാക്കി..ക്രമേണ മനസിലെ ചിന്തകളെയും...
അത്താഴ മേശയിലെ ചര്‍ച്ചക്കൊടുവില്‍ രമയ്ക്ക് ആശ്വാസമാകുന്ന തീരുമാനത്തിലേക്ക് ഞാനും എത്തി. എങ്കിലും മകളുടെ പതിവില്ലാത്ത മൌനം എന്നില്‍ അസ്വസ്ഥത ഉണ്ടാക്കി. കിടക്കയില്‍ അവളുടെ പ്രിയപ്പെട്ട കൊച്ചു ബ്ലാങ്കെട്ടും ചേര്‍ത്ത് കമന്നു കിടന്ന അവള്‍ ഉറങ്ങിയതായി തോന്നിയില്ല. സാമീപ്യം അറിഞ്ഞു പെട്ടന്നവള്‍ തിരിഞ്ഞു എന്റെ കണ്ണുകളിലേക്കു ഉറ്റു നോക്കി ചോദിച്ചു ..
."അമ്മ എന്നെ ഒറ്റയ്ക്കാക്കി എവിടെയെങ്കിലും പോകുമോ ?...."
അവളുടെ കൊച്ചു കണ്ണുകളിലും ചുണ്ടുകളിലും തുടുത്ത കവിളുകളിലും എല്ലാം ഭയത്തിന്റെ തിരയിളക്കം ഞാന്‍ കണ്ടു. കാലം കരുതിവച്ചിരിക്കുന്ന മറുപടികള്‍ അറിയാതെ ഞാന്‍ ആ കുരുന്നു ഭയത്തെ നെഞ്ചോടു ചേര്‍ത്ത്
'ഇല്ല' .....'ഇല്ല' ...എന്ന് പിറുപിറുത്തുകൊണ്ടേയിരുന്നു
രമയുടെ കൊച്ചു വീട്ടിലേക്കു കയറിചെല്ലുമ്പോള്‍ തറയില്‍ തുറന്നവച്ച പാഠപുസ്തകത്തിലെ വരികള്‍ വടിവോടെ ഇരട്ട വര ബുക്കിലേക്ക് പകര്‍ത്തി എഴുതുകയായിരുന്നു പഞ്ചമി. തെളിഞ്ഞ പുഞ്ചിരിയോടെ എണീറ്റ് അകത്തേക്ക് നോക്കി "അമ്മാ ...." നീട്ടിവിളിച്ചു .തിരിഞ്ഞു ചുവരോട് ചേര്‍ന്ന് കിടന്ന കൊച്ചു ബെഞ്ചിലേക്ക് ചൂണ്ടി "ഇരിക്കൂ ...." എന്ന ആദിത്യ മര്യാദ ...
ക്രമേണ പഞ്ചമിയുടെ മുഖം വിഷാദ പൂര്‍ണമാകുന്നത് ഞാന്‍ കണ്ടു. പാഠപുസ്തകങ്ങളും അവശ്യം വേണ്ട തുണികളും പ്ലാസ്റ്റിക് കൂടുകളിലാക്കി രമ എന്നെ ഏല്‍പ്പിച്ചു . അവളുടെ മെലിഞ്ഞ ദേഹത്തിനു പാകമല്ലാത്ത ഒരു വലിയ ടോപും സ്കേര്‍ട്ടും , മുറുക്കി പിന്നി ചുവന്ന രിബന്‍ കൊണ്ട് രണ്ടു വശത്താക്കി കെട്ടിയ മുടിയുമായി മുറിയില്‍ നിന്നു പഞ്ചമി ഇറങ്ങി വന്നു. കണ്‍ പീലികളിലെ നനവ് ഞാന്‍ കാണാതിരിക്കാനാവും അവള്‍ കുനിഞ്ഞു നിന്നു. ആ കുഞ്ഞു കൈയില്‍ പിടിച്ചു തിരിഞ്ഞു നടക്കുമ്പോള്‍ ഭയത്തിന്റെയും നിസ്സഹായതയുടെയും വിറയല്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു . ഇടയ്ക്ക് ഉയര്‍ന്ന അമര്‍ത്തിയ ഒരു തേങ്ങല്‍ എന്റെ മനസ്സിനെ നോവിച്ചു. എങ്കിലും പിന്നില്‍ ഞങ്ങളെ യാത്രയാക്കുന്ന രമയെന്ന അമ്മയുടെ കണ്ണിലെ ആശ്വാസത്തിന്റെ നീര്‍തിളക്കം എനിക്ക് ഊര്ജ്ജമായി ....
Saturday, July 2, 2011
ഒരു ചെടിയുടെ നൊമ്പരം
ഒരു ചെടിയുടെ നൊമ്പരം
എന്റെ പ്രണയ മലര്‍വാടിയില്‍ പൂക്കള്‍ കരിഞ്ഞതും
ഇലകള്‍ വിളര്‍ത്തതും കൂട്ടുകാരാ നീ അറിഞ്ഞതില്ലേ
നിന്‍ ഉയിരിന്‍ ഉയിരായ് കാത്തിടാമെന്നു-
പല കാലവും നീ പറഞ്ഞതല്ലേ
നിന്നിലര്‍പ്പിച്ചോരെന്‍ നിനവിന്റെ മുകുളങ്ങള്‍
പാതിയും പുഴുക്കള്‍ കാര്‍ന്നു തിന്നു
കുടിനീര് തേടി ചരിഞ്ഞോരാ തളിരിളം നാമ്പുകള്‍
ക്രൂരമായ് നഖം ചേര്‍ത്ത് ഇറുത്തതെന്തേ
പുലരികാണാന്‍ വെമ്പി വിടര്‍ന്നൊരാ പൂക്കളെ
ഏറെ പുലര്ച്ചയ്ക്കെ നീ അറുത്തു വിറ്റു
നിണമൂറി നിന്നൊരാ മുറിവേറ്റ നാമ്പുകള്‍
ഇളം കാറ്റു വന്നൂതി തലോടി നീങ്ങെ
വീണ്ടുമെന്‍ ഉള്ളിലെ കാതര മോഹങ്ങള്‍
നിന്നുയിര്‍ സാമീപ്യം തേടിടുന്നു ............

Friday, June 24, 2011
ഗൃഹാതുരത്വം
നാട്ടിലേക്കുള്ള യാത്രയില്‍ മനസ്സ് നിറയെ അമ്മയുടെ തറവാട് ആയിരുന്നു.ബാല്യവും കൌമാരവും ചെലവിട്ട ആ വീടിനോട് യൌവ്വനത്തിന്റെ പടവുകളിറങ്ങുന്ന ഈ കാലത്ത് വല്ലാത്തൊരു ഗൃഹാതുരത്വം .നനുത്ത ഗന്ധമുള്ള വെണ്‍ ചെമ്പക പൂക്കള്‍ വീണ വഴിയും വേരോളം പൂക്കുന്ന അശോക മരത്തിന്റെ തണലും ചെങ്കണ്ണന്‍ ഉപ്പാന്റെ കൂടുള്ള ജാതിമരവും മുറ്റത്തേക്ക് മാങ്ങകളുമായി ചരിഞ്ഞെത്തി നില്‍ക്കുന്ന മൂവാണ്ടന്‍ മാവും ഒക്കെ സുഖമുള്ള ഓര്‍മ്മകള്‍ക്ക് അപ്പുറം ശക്തമായ നഷ്ട്ട ബോധത്തിന്റെ നീറ്റലുംതേങ്ങലുമായി എന്നെ ഉലയ്ക്കാന്‍ തുടങ്ങിയിട്ട് നാളേറെ ആയി.
ബാല്യത്തിന്റെ സമ്പന്നത തിരിച്ചറിയുവാന്‍ ഒരുപാട് വൈകി.കൈയെത്തും ദൂരത്തെന്നു തോന്നിയ എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള പാച്ചിലില്‍ പലതും മറന്നു.ചിലത് കണ്ടില്ലെന്നു നടിച്ചു.വീണ്ടും നടക്കുമ്പോള്‍ വള്ളിപ്പടര്‍പ്പുകളായി കാലില്‍ ചുറ്റിയ ഓര്‍മ്മപ്പെടുത്തലുകളെ നിര്‍ദ്ദയം പൊട്ടിച്ചകറ്റി .ഒടുവിലെപ്പോളോ ആരോ ഉണര്‍ത്തിയ പോലെ ഒരു മാത്ര നിന്നപ്പോള്‍ .....തിരിഞ്ഞു നോക്കി...നേടിയത് തുച്ഛം....നഷ്ട്ടപെടുതിയതോ .....ഒരു കണക്കെടുപ്പിനു തന്നെ ധൈര്യം പോരാ .
ആ അധൈര്യത്തിന്റെ തിക്കുമുട്ടലില്‍ നിന്നായിരുന്നു ഈ യാത്രയുടെ ആലോചന ഉയര്‍ന്നത് .മറ്റാരെയും ഒപ്പം കൂട്ടാന്‍ തോന്നിയില്ല.ഭര്‍ത്താവിനും മകള്‍ക്കും അതിലല്‍പ്പം പരിഭവം ഉണ്ടെന്നറിയാം . എങ്കിലും വേണ്ടാ ..ഈ യാത്രയില്‍ ഒറ്റയ്ക്ക് മതി . എന്റെ ബാല്യത്തെ അറിയുന്ന ആ മണ്ണില്‍ അല്‍പ്പനേരം ചെലവഴിച്ചോട്ടെ എന്ന് അനുവാദം ചോദിയ്ക്കാന്‍ ഇന്നത്തെ അവകാശികളുടെ മുറ്റത്ത്‌കാത്തു നില്ക്കാന്‍ അവര്‍ക്ക് ക്ഷമ കിട്ടീന്നു വരില്ല.ആ മണ്ണില്‍ ഉറങ്ങുന്ന പൂര്‍വ്വീകരുടെ ആത്മാക്കള്‍ എന്നെ ആശ്ലേഷിക്കുമ്പോള്‍ എനിക്ക് പൊട്ടിക്കരയണം .ഉറക്കെ ഉറക്കെ മാപ്പിരക്കണം. അപ്പോള്‍ മറ്റൊരു സാന്നിധ്യം എന്റെ കപട അഭിമാന ഭാവത്തെ ഉണര്‍ത്തും .
വര്‍ഷകാലത്ത് ശബ്ദമുണ്ടാക്കി ഒഴുകുന്ന പൊയ്കയില്‍ ഇപ്പോള്‍ നീരോഴുക്കുണ്ടാവുമോ ?..അതിലെ പരല്‍ മീനുകള്‍ എന്നും എനിക്ക് ഹരമായിരുന്നു .ആഴ്ച്ചപ്പതിപ്പുകളുടെ പിന്നുകളി ളക്കി ഉണ്ടാക്കുന്ന ചൂണ്ടയുമായി അവധി ദിവസങ്ങളില്‍ ആ പോയ്കയുടെ വശങ്ങളില്‍ എത്രനേരം ചിലവഴിച്ചിട്ടുണ്ട് .
നാടാകെ മാറിയിരിക്കുന്നു. മുന്‍പ് മഴച്ചാലുകള്‍ ചെറു കുഴികള്‍ തീര്‍ത്ത ചെമ്മണ്‍ പാത ഇന്ന് ടാറിളകി കല്‍ചീളുകളാല്‍ ദുര്‍ഘടമായിരിക്കുന്നു. ഒരു പാട് പുതിയ വീടുകള്‍ ...പരിചയമില്ലാത്ത മുഖങ്ങള്‍ . റബ്ബര്‍ മരങ്ങളുടെ നീലിമയാര്‍ന്ന തണല്‍ പാതയോരത്തുനിന്നു പോയ് മറഞ്ഞിരിക്കുന്നു.
പണ്ട് സ്കൂള്‍ വിട്ടു കൂട്ടുകാരുമോന്നിച്ചു വീട്ടിലേക്കു നടന്നു വന്നിരുന്ന പാത .മൂന്നു കിലോ മീറ്റര്‍ നീളുന്ന ആ യാത്രകള്‍ ഒരിക്കലും മടുപ്പുണ്ടാക്കിയിരുന്നില്ല.വര്‍ഷവും വെയിലും ഒന്നും ആ യാത്രകളെ അലോസരപ്പെടുത്തിയിട്ടില്ല. .അന്നി വീഥി യോരത്തെ എല്ലാ വീടുകളും സുപരിചിതമായിരുന്നു.പലതും കൂടെ പഠിക്കുന്നവരുടെയോ അതേ സ്കൂളില്‍ പഠിക്കുന്നവരുടെയോ ആയിരുന്നു. ഇപ്പോള്‍ അവരൊക്കെ എവിടെയാവും.
വണ്ടി എവിടെയെങ്കിലും ഒതുക്കി നിര്‍ത്തി നടന്നു പോകണം എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്.കാലം തലയില്‍ വെള്ളിവരകള്‍ വീഴ്ത്തിയ എന്നെ തിരിച്ചറിയുന്നവരോടൊക്കെ കുശലം പറഞ്ഞു തറവാട്ടിലേക്ക് നടന്നു പോകണം .ആ പഴയ നാട്ടുംപുറത്തുകാരിയായി മണ്ണിന്റെയും മരങ്ങളുടെയും ഗന്ധമാസ്വതിച്ചു പോകണം .പക്ഷെ വെയിലിന്റെ ചൂടും മെറ്റലിളകിയ പാതയും തീരുമാനത്തെ തിരുത്തി.
ഒടുവില്‍ തറവാട്ടിലേക്കുള്ള സ്വകാര്യ വഴിയിലേക്ക് വണ്ടി തിരിഞ്ഞപ്പോള്‍ വല്ലാത്തൊരു വിഹ്വലത .അപരാധം ചെയ്തു പിടിക്കപ്പെടുമെന്നു ഭയപ്പെടുന്ന കുട്ടിയെപ്പോലെ മനസ് വിറപൂണ്ടു. വണ്ടി ഒതുക്കി നിര്‍ത്തി കുറച്ചു നേരം വെറുതെ ഇരുന്നു.
ഒരുപാട് മാറിയിരിക്കുന്നു . ആളനക്കം ഏല്‍ക്കാത്ത പോലെ ആകെ കാടുപിടിച്ച് ...തിരിച്ചറിയാനാവാത്ത വിധം ആയിരിക്കുന്നു. അല്ലെങ്കില്‍ തന്നെ ഈ മണ്ണും മരങ്ങളും അറിയുന്ന ഞാന്‍ ഒരു പാവാടക്കാരി പെണ്ണായിരുന്നല്ലോ .ചാഞ്ഞു നില്‍ക്കുന്ന കശുമാവിന്‍ കൊമ്പുകളില്‍ വലിഞ്ഞു കേറി ,തുഞ്ചത്ത് തൂങ്ങുന്ന ഏറ്റവും നല്ല കശുമാങ്ങ കൈയെത്തി പറിച്ചു ,അവിടെയിരുന്നു തന്നെ തിന്നുന്ന മരംകേറി പെണ്ണ്.
പുല്ലും തൊട്ടാവാടിയും നിറഞ്ഞു വഴി നടക്കാന്‍ പോലും പറ്റാത്ത വിധമായിരിക്കുന്നു.പണ്ട് ഓണത്തിനും വിഷുവിനും ചെത്തി ഒരുക്കി വെടിപ്പാക്കിയിരുന്ന വഴി.മുന്‍പ് ഈ വഴിക്ക് ഇരുവശവും കപ്പകൃഷി ആയിരുന്നു. കാലാ ഒരുക്കലും കപ്പ നടീലും പിന്നെ കപ്പ വാട്ടലും ഉണങ്ങലും ഒക്കെ ഒരുതരം ആഘോഷം ആയിരുന്നു. രാവെളുക്കോളം നീളുന്ന കപ്പവാട്ടലില്‍ ചുറ്റൊട്ടുംഉള്ളവര്‍ കൂടുമായിരുന്നു.ചെമ്പടുപ്പിലിട്ടു ചുട്ടെടുത്ത കപ്പയും, ചുട്ടഉണക്ക മീനും കാന്താരിമുളകും ചേര്‍ത്ത് ചതച്ച ചമ്മന്തിയും കഴിച്ചു പനമ്പിലോ ചാക്കിലോ ഒക്കെ ചുരുണ്ട് കൂടി ഉറങ്ങുന്ന കുട്ടികളെ പണി തീരുവോളം ആരും ശല്യപ്പെടുത്തില്ല. ഓര്‍ക്കുമ്പോള്‍ എത്ര രസമായിരുന്നു ആ കാലം .ഇപ്പോഴുള്ള കുട്ടികള്‍ വിശ്വസിക്കുമോ ഇതൊക്കെ.
വിശ്വസിക്കാതിരിക്കാന്‍ എന്താ ...കഴിഞ്ഞ ഡിസംബറിലും അവിടെ മരുഭൂമിയിലെ ഉള്‍ പ്രദേശത്ത് ടെന്റ് കെട്ടി താമസിച്ചതും മസാല പുരട്ടിയ ചിക്കനും വഴുതനങ്ങയും ഉള്ളിയുമൊക്കെ ബാര്‍ബിക്യു ചെയ്തു കഴിച്ചതും ആസ്വതിച്ച മകള്‍ക്ക് അമ്മയുടെ ഈ ഓര്‍മ്മകളെ ആ രീതിയിലെങ്കിലും കാണാ നായേക്കും
കണ്ണുകള്‍ ഏറെ ആവേശത്തോടെ പരതിയത് ചമ്പകം നിന്നിടത്തേക്കാണ്. കത്തി നോവേല്‍ക്കാതെ എന്നും ഗര്‍വ്വോടെ തലയുയര്‍ത്തി അതിഥികള്‍ക്ക് പൂ പാത ഒരുക്കിയിരുന്ന എന്റെ വെണ്‍ ചെമ്പകം തലയറ്റു,...ആരും രക്ഷിക്കനില്ലാത്ത അഗതിയുടെ കൈയ്യുയര്‍ത്തല്‍ പോലെ ...ആരോഗ്യമില്ലാത്ത ചെറു നാമ്പുകള്‍ ഉയര്‍ത്തി നില്‍ക്കുന്നു. താഴെ വഴിയരുകില്‍ കൂട്ടിയിട്ടിരിക്കുന്ന ഉണങ്ങിയതും ഉണങ്ങാത്തതുമായ ശേഷിപ്പ്...ഒരു ശവപ്പറമ്പിലെ അസ്ഥി ക്കൂട്ടം പോലെ ....എന്നിട്ടും അതിനിടയിലെ പച്ചനാമ്പില്‍ ഒരുകുലപ്പൂവ് ..കാണാന്‍ കൊതിച്ചു ഓടിയെത്തിയ എന്നെ കാത്തു 'ഇപ്പോളെങ്കിലും വരാന്‍ തോന്നിയല്ലോ 'എന്ന് ചോദിക്കും പോലെ ....
ഈ മണ്ണില്‍ മുട്ടുകുത്തി ഇരുന്ന് ഈ പൂക്കളെ ഒന്ന് വാസനിക്കാതിരിക്കാന്‍ ആവുന്നില്ല. രണ്ടു തുള്ളി കണ്ണീര്‍ പൂക്കുലയില്‍ അടര്‍ന്നു വീണപ്പോള്‍ എന്നെ പൊതിഞ്ഞ ഇളം കാറ്റിനു എന്നോ കൈമോശം വന്ന ബാല്യത്തിന്റെ സുഖമുണ്ടായിരുന്നു. അശോക മലരിന്റെ ഗന്ധമുണ്ടായിരുന്നു .
എന്റെ വരവ് മുന്‍കൂട്ടി അറിഞ്ഞിരിക്കുന്നു അശോകവും.കടയ്ക്കല്‍ വരെ പൂക്കുലകള്‍ .തേന്‍ ഉണ്ണുന്ന ചിത്ര ശലഭങ്ങള്‍ ,തേനീച്ചകള്‍ , പൂക്കുലകള്‍ക്കിടയില്‍ ചെറു പുഴുക്കളെ തപ്പുന്ന കുരുവികള്‍ ......അശോക മര തണലിനു എന്നും സുഗന്ധമുള്ള കുളിര്‍മ്മയാണ് .അടര്‍ന്നു വീണ പൂക്കള്‍ ഒരു പൂമെത്ത പോലെ . എത്ര തവണ വെട്ടിമാറ്റാന്‍ തീരുമാനിക്കപ്പെട്ടതായിരുന്നു
ഈ വൃക്ഷത്തെ ....സീതയുടെ ഭാതൃ വിരഹത്തിനു സാക്ഷിയാവേണ്ടി വന്ന ഈ പാവം വൃക്ഷത്തെ 'സ്ത്രീ ദുഃഖ 'കാരണമായി കണ്ടെത്തിയ ഏതോ കുബുദ്ധിയുടെ പിന്‍ഗാമി മുത്തശ്ശിയെയുംസ്വാധീനിച്ചു .ചെറുപ്പത്തിലെ വിധവ ആയ മുത്തശ്ശി ഭയപ്പെട്ടത്തില്‍ അത്ഭുതമില്ല . അന്ന് അമ്മയുടെ ധൈര്യവും അച്ഛന്റെ പിന്‍തുണയും ഈ മരത്തെ രക്ഷിച്ചു .അതിന്റെ സ്നേഹമാവും ഇന്നീ പൂച്ചെണ്ടുകള്‍ നീട്ടി എനിക്കുള്ള സ്വീകരണം. പിന്നീടൊരിക്കല്‍ ഒരു നാട്ടു വൈദ്യന്റെ വേഷത്തിലും മരണം അശോക മരത്തിന്റെ നേരെ അടുത്തു. ആയുര്‍ ദൈര്‍ഘ്യം അന്നും ഇതിനെ രക്ഷിച്ചു .ഇന്നും രക്ഷിക്കുന്നു.ഇനിയും രക്ഷിക്കട്ടെ.......
മഴക്കാലത്ത് വഴുക്കലുണ്ടാകാറുള്ള റോഡിലെ ചരിവ് ഇറങ്ങി മുറ്റത്തെത്തിയപ്പോള്‍ മനസ് വീണ്ടും ഒരു കൊച്ചു കുട്ടിയെ പോലെ പതറാന്‍ തുടങ്ങി .മണല്‍ വിരിച്ച മനോഹരമായ മുറ്റത്തിന്റെ സ്ഥാനത് നിറയെ കളകള്‍. ഈ വീടിന്റെ യവ്വന കാലത്ത് എത്ര പ്രൌടമായിരുന്നു ഈ മുറ്റം ....ഓരം ചേര്‍ന്ന് ചെടിത്തടങ്ങള്‍..എന്നും പൂക്കുന്ന അതുല്യ ഗന്ധമുള്ള പനിനീര്‍ ചെടികള്‍ ,പത്തുമണി ചെടികള്‍ നിറഞ്ഞ ചെടിച്ചട്ടികള്‍...ഒക്കെ നശിച്ചു പോയിരിക്കുന്നു .കാട്ടു വള്ളികള്‍ കയറി മൂടിയ ചാമ്പ മരങ്ങള്‍..മാമ്പഴങ്ങളുമായി മുറ്റത്തേക്ക് കുനിഞ്ഞെത്തുമായിരുന്ന മൂവാണ്ടന്‍ മാവെവിടെ ?...ചെങ്കണ്ണന്‍ ഉപ്പാന്റെ കൂടുള്ള ജാതിമരം എവിടെ ?.....
ഇല്ല.... ഒക്കെ ശിഖരങ്ങള്‍ അറുത്തു തായ് മരങ്ങളായി ...രക്ത സാക്ഷി സ്തൂപങ്ങള്‍ പോലെ ....ചില്ലകള്‍ വിരിച്ചു മുറ്റത്തിന്റെ ഒരു കോണ് മുഴുവന്‍ തണല്‍ വിരിച്ചിരുന്ന ജാതിമരം .ബാല്യത്തില്‍ കൂട്ടുകാരുമൊത്തു ഈ ജാതിമരത്തിന്റെ ചില്ലകളില്‍ കയറി ഇരുന്നു മതിവരുവോളം ജാതിക്ക ഉപ്പും ചേര്‍ത്ത് തിന്നിട്ടുണ്ട്. അന്നീ ജാതിമാരത്തില്‍ കൂട് കൂട്ടുമായിരുന്ന ചെങ്കണ്ണന്‍ ഉപ്പന്റെ മുഖ്യ ശത്രു ഞാന്‍ തന്നെ ആയിരുന്നു. 'ഉപ്പന്റെ കൂട്ടില്‍ നീലക്കൊടുവേലി ഉണ്ടാകും 'എന്ന മുത്തശ്ശി പറഞ്ഞ കഥയെ വിശ്വസിച്ചു ആ പാവം പക്ഷിയോട് എത്ര തവണ വഴക്ക് കൂടിയിരിക്കുന്നു . അപ്പോളൊക്കെ ആ പക്ഷി എന്നെ ശപിച്ചിട്ടുണ്ടാവുമോ?..ഉണ്ടാവും തീര്‍ച്ച ...വിരിയാറായ മുട്ടകള്‍ എന്റെ കരസ്പര്‍ശം ഏറ്റ തിന്റെ പേരില്‍ അവ താഴെയിട്ടു പൊട്ടിച്ചിരു ന്നു.അന്നൊന്നും ആ ഉപ്പന്റെ മാതൃ ഭാവം എനിക്ക് മനസ്സിലാക്കാനായില്ല .
ഇടിഞ്ഞു വീണ പശുക്കൂടും വക്കടര്‍ന്ന കിണറും വള്ളികള്‍ പടര്‍ന്ന വീടും .........എന്തിനായിരുന്നു ഞാന്‍ വന്നത്...മനസ്സിലെ ഓജസ്സും തേജസ്സും ഉണ്ടായിരുന്ന എന്റെ തറവാടിന്റെ ചിത്രത്തിന് മേല്‍ നിരാശയുടെയും വേദനയുടെയും ശവക്കല്ലറ തീര്‍ക്കാനോ?..........ഉറക്കമില്ലാത്ത രാത്രികളില്‍ വെറുതെ ഓര്‍ത്തോര്‍ത്തു കിടക്കാന്‍ ഇന്നലെ വരെ കുറച്ചു നല്ല ഓര്‍മ്മകള്‍ ഉണ്ടായിരുന്നു ...ഇനിയെന്ത് ?....................
Posted on: 23 Sep 2011

www.mathrubhumi.com
Mathrubhumi NRI: NRI News, Pravasi Bharatham News,Gulf News, America News,Europe News, Australia and Oceania News, Africa News
Subscribe to:
Posts (Atom)