Thursday, June 23, 2011

കൂനിത്ത ള്ള എന്ന നാണിയമ്മായി

ആദ്യമായി  കൂനിതള്ള  എന്ന്   കുട്ടികള്‍ രഹസ്യമായി വിളിക്കുന്ന നാണിയമ്മായിയെ  ഞാന്‍ കാണുന്നത് ഞങ്ങളുടെ വിവാഹ ദിവസം ആയിരുന്നു .അഷ്ടമാഗല്യ താലവും കുരവയുമായി എന്നെ ഭാതൃ ഭവനത്തില്‍ എതിരേല്‍ക്കാന്‍ നിന്ന സ്ത്രീ ജനങ്ങളുടെ ഇടയിലെവിടെ ഒക്കെയോ ആ മുഖവും രൂപവും ഞാന്‍ കണ്ടിരുന്നു. ചായ സത്കാര വേളയില്‍ ബന്ധുക്കളെയും  അയല്‍ക്കാരെയും പരിചയപ്പെടുത്തി തരുന്നതിനിടയിലും "ശ്രീക്കുട്ടാ ഞാന്‍ "എന്ന ഭാവത്തില്‍ അവര്‍ മുന്നോട്ടു വന്നു . വളരെ അടുപ്പത്തോടെ ഭര്‍ത്താവു അവരെ നാണിയമ്മായി എന്നെനിക്കു പരിചയപ്പെടുത്തുമ്പോള്‍ "ഞാന്‍ ശ്രീക്കുട്ടന്റെ അച്ഛന്റെ പേരമ്മയാണ് " എന്ന് ആവേശത്തോടെ അവര്‍ പറഞ്ഞത് എനിക്ക് കൌതുകമായി .അപ്പോള്‍ ആ കണ്ണുകളില്‍ തന്റെ ബന്ധുത്വം പ്രതിപാദിക്കാതെ പോകുമോ എന്ന ആശങ്ക ഉള്ളതുപോലെ തോന്നിച്ചു ..

തിരക്കുകള്‍ക്കിടയില്‍ ഞാന്‍ ഒറ്റക്കാവുന്ന എല്ലാ സന്തര്‍ഭങ്ങളിലും വല്ലാതെ മെലിഞ്ഞ അതിലേറെ തണുത്ത ആ കൈകള്‍ എന്റെ കരങ്ങളില്‍ മുറുക്കെ പിടിക്കാനെത്തി. പ്രായാധിക്യത്തില്‍ തിരിയാത്ത ഭാഷയില്‍ അവര്‍ ബന്ധവും പഴയ കാല പ്രതാപവും കുടുംബങ്ങളിലുണ്ടായിരുന്ന സഹകരണവും ഒക്കെ പറയുമ്പോള്‍ , പുകയിലയുടെയോ മറ്റെന്തിന്റെയോക്കെയോ  മടുപ്പിക്കുന്ന ഗന്ധം എന്നെ അലോസരപ്പെടുത്തി .

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു വൈകുന്നേരം വീണ്ടും നാണിയമ്മായി എന്റെ ബെഡ് റൂമിന്റെ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു . പരിചയ ഭാവത്തില്‍ ഞാന്‍ ചിരിച്ചത് കൊണ്ടാവാം ഒരു മുഖവുരയും ഇല്ലാതെ അവരെന്റെ മുറിയ്ക്കകതെക്ക് വന്നതും ബെഡി ലിരുന്നു  സംസാരം തുടങ്ങിയതും.

മുന്‍പ് കാണുമ്പോള്‍ പശ ഏല്‍ക്കാത്ത  സെറ്റ് മുണ്ടും നെര്യതുമായിരുന്നു വേഷം . പക്ഷെ ഇന്ന് ഇല്ലായ്മകള്‍ വിളിച്ചു പറയുമ്പോലെ അലക്കിയും വെയിലേറ്റും നിറം മങ്ങി പിഞ്ഞിത്തുടങ്ങിയ ഒരു ബ്ലൌസും നരച്ചു മുഷിഞ്ഞ ഒരു കൈലി മുണ്ടും . കുഴമ്പിന്റെയും പുകയിലയുടെയും ഒക്കെ കൂടി കുഴഞ്ഞ ഒരു ഗന്ധം മുറിയിലാകെ നിറഞ്ഞപോലെ തോന്നി.

"ബന്ധു വീട് കളിലോന്നും  പോയില്ലേ " നാണിയമ്മായി ചോദിച്ചു .ഒരു പാട് വീടുകളില്‍ ഒരു ഓട്ട പ്രദിക്ഷണം തന്നെ ആയിരുന്നു . പരിചയപ്പെട്ടവരെയോ പോയ വീടുകളോഒന്നും വ്യക്തമായി തിരിച്ചു പറഞ്ഞു കൊടുക്കാന്‍ കഴിയാത്തതുകൊണ്ട് "പോയി "എന്ന ഒറ്റ വാക്കില്‍ ഞാന്‍ ഒതുക്കി

പോയ വീടുകളിലൊന്നും നാണിയമ്മായി യെ കണ്ടിരുന്നില്ല. ഒന്നും അവരുടെ വീടായി ആരും പറഞ്ഞതുമില്ല. "ഞങ്ങടങ്ങോട്ട് കണ്ടില്ല .. അതാ ചോദിച്ചത്.." അവരുടെ മുഖത്ത് ഒരു വേദന നിഴലിച്ചോ ...എനിക്ക് സംശയമായി."നാളെ നാണിയമ്മായി യുടെ വീട്ടില്‍ പോകണം എന്ന് ചേട്ടന്‍ പറയുന്നതുകേട്ടു "ഒരു പൊടിക്കൈ പ്രയോഗം ഞാന്‍ നടത്തി നോക്കിയതാണ് . സന്തോഷത്തിന്റെ പൂത്തിരി മിന്നല്‍ ഞാന്‍ ആമുഖത്തു കണ്ടു. പിന്നെ ആ വാക്കുകളില്‍ ആവേശമായിരുന്നു. "ഒത്തിരി ദൂരെയോന്നുമല്ല.വടക്കേ പറമ്പിലെ കാപ്പിത്തോട്ടം കഴിഞ്ഞാല്‍ ഞങ്ങളുടെ വീടാണ് "എനിക്ക് അത്ഭുതം തോന്നി.

പിന്നെയും പലപ്പോളായി അവര്‍ വീട്ടില്‍ വന്നു പോയി. ക്രമേണ അവര്‍ അവിടുത്തെ ആശ്രിതരാണെന്നും   അകന്ന ബന്ധുവാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു .വരുമ്പോളൊക്കെ അമ്മയോ ഏട്ടത്തി യമ്മയോ നല്‍കുന്ന ചോറിനും കട്ടന്‍ കപ്പിക്കുമൊക്കെ അവരുടെ മുഖത്തുണ്ടാകുന്ന ആര്‍തിയും പരവേശവും എന്നില്‍ വല്ലാത്ത അനുകമ്പ ഉണ്ടാക്കി .

ഭര്‍ത്താവു അവധി കഴിഞ്ഞു വിദേശത്തേക്ക് തിരികെ പോകുന്നത്തിന്റെ തലേന്ന് നാണിയമ്മായി വരുമ്പോള്‍ ഒപ്പം  വെളുത്തുരുണ്ട വെള്ളാരം കണ്ണുള്ള ഒരു പെറ്റിക്കോട്ടുകാരി കുട്ടി കൂടെയുണ്ടായിരുന്നു .എപ്പോളോ കഴിച്ച ഭക്ഷണത്തിന്റെ ഭാഗങ്ങള്‍ ഉണങ്ങിയ കടവായും ചെളിയോ കണ്മഷി  പടര്ന്നതോന്നു  തിരിച്ചറിയാനാവാത്ത കവിളും ചീകിയോതുക്കാത്ത ചെമ്പന്‍ മുടിയും ...എന്റെ നോട്ടം നേരിടാനാവാത്തതിനാലാവും ആ മൂന്നു വയസുകാരി നാണിയമ്മായി യുടെ പിന്നിലേക്ക്‌ ഒളിച്ചു . "മോന്റെ മോളാ..ഇതിന്റെ മൂത്തത് ചെക്കനാ ..ഇംഗ്ലീഷ് മീഡിയ ത്തിലാ പഠിക്കുന്നെ "അഭിമാനം സ്പുരിക്കുന്ന ആ ശബ്ദം വല്ലാതെ കിതച്ചിരുന്നു .കറുത്ത് മെല്ലിച്ചു പുകയിലക്കറ പുരണ്ട ഉന്തിയ പല്ലുമുള്ള ഇവരുടെ കൊച്ചു മകളോ ഈ മദാമ്മ കുട്ടി . ഞാന്‍ അത്ഭുത പെട്ടു. ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത  അവരുടെ മകനെയും മരുമകളെയും മനസ്സില്‍ സങ്കല്‍പ്പിക്കാന്‍ ഞാന്‍ വെറുതെ ശ്രമിച്ചു .

"എന്നാല്‍ ഞാന്‍ അങ്ങോട്ട്‌ ചെല്ലട്ടെ. നേരം രാത്രിയാവുന്നു "എന്ന് ഉറക്കെയും പതുക്കയും രണ്ടു മൂന്നു വട്ടം അവര്‍ പറഞ്ഞു. ഒടുവിലെപ്പോളോ എന്റെ ഭര്‍ത്താവ് അവരുടെ കൈകളില്‍ തിരുകിവച്ച രൂപ ചുരുള്‍ എന്നെ മറയ്ക്കാന്‍ അവര്‍ ശ്രമിച്ചോ? അവരുടെ യാത്ര പറച്ചിലില്‍ വേദനയോ അഭിമാന ബോധത്തിന്റെ നേര്‍ത്ത വിറയലോ ഒക്കെ ഞാനറിഞ്ഞു.

ജോലിസ്ഥലത്ത് നിന്നും അവധിക്കെത്തുമ്പോള്‍ പലപ്പോളും ഞാന്‍ നാണിയമ്മായി യെ കണ്ടു . ഒരിക്കല്‍ കാണുമ്പോള്‍ ശരീരമാകെ ചൊരിഞ്ഞു പൊട്ടിയ നിലയിലായിരുന്നു. നിറം മങ്ങിയ വെളുത്ത തുണി കൊണ്ട് കാലു ആകെ മൂടി കെട്ടിയിരുന്നു . പഴുപ്പോ മുറിവില്‍ നിന്നൂറിയ വെള്ളമോ എന്തോ ആ തുണി നനഞ്ഞിരുന്നു .രോഗത്തെക്കുറിച്ചു പറയാന്‍ അവര്‍ മടികാണിച്ചു ഒടുവില്‍ ഒരുപാട് കാര്യങ്ങള്‍ അവര്‍ പറഞ്ഞു തുടങ്ങി.

എല്ലാ കൊല്ലവും ഉണ്ടാകുന്ന രക്ത ദൂഷ്യം ..ചികിത്സക്കുള്ള ബുദ്ധിമുട്ട് ..മറ്റു കഷ്ട്ടപാടുകള്‍...നിരുത്തരവാദി ആയ മകന്‍ .. ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ അസ്വസ്തയാവുന്ന മരുമകള്‍ ...രണ്ടു പൊടിക്കുഞ്ഞുങ്ങള്‍ ..ആരും കാണാതെ അവരുടെ കൈകളില്‍ രൂപ വച്ചുകൊടുത്തപ്പോള്‍ ആ കണ്ണുകളില്‍ വല്ലാത്ത ചുവപ്പ് പടര്‍ന്നു ..

പിന്നീടുള്ള പല വാരാന്ത്യങ്ങളിലും അവര്‍ വരുമെന്ന് ഞാന്‍ കരുതി. കഴിഞ്ഞ തവണ മാസന്ത്യമയിരുന്നതിനാല്‍ നല്ലൊരു സംഖ്യാ അവര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല .ഇനി കാണുമ്പോള്‍ കൊടുക്കണം എന്ന് കരുതിയിരുന്നു. അതുകൊണ്ടുതന്നെ അവരെക്കുറിച്ച് അമ്മയോടും ചേട്ടത്തി യമ്മയോടും ഒക്കെ തിരക്കി. ആരില്‍നിന്നും വ്യക്തമായ ഒരു മറുപടി കിട്ടിയില്ല. ഒടുവില്‍ സുധേച്ചിയാണ് പറഞ്ഞത് അവര്‍ വീട്ടു തടങ്കലില്‍ എന്നപോലെ ആണെന്ന് .

വടക്കേ പറമ്പിലെ  കാപ്പി തോട്ട ത്തി നപ്പുറത്തുള്ള  അവരുടെ വീട് തേടി പോയാലോന്ന് ആലോചിച്ചു . ഭാതൃ ഭവനത്തില്‍ വന്നിട്ട് ഇന്ന് വരെ ആ കപ്പിതോട്ടം കടന്നു ഞാന്‍ പോയിട്ടില്ല .നല്ല പകല്‍ പോലും വല്ലാത്തൊരു ഇരുളിമ ആഭാഗത്ത്‌ തോന്നിയിട്ടുണ്ട് പലതരം ചീവീടുകളുടെ മൂളലും കരിയില പിടകളുടെ കലപിലയും എപ്പോളും കേള്‍ക്കാം . കുട്ടിക്കാലത്ത് എന്നോ കേട്ട് മറന്ന പഴ ങ്ക ഥ യിലെ യക്ഷിയും ഗന്ധര്‍വന്മാരും അവര്‍ താമസിക്കുന്ന കുടപ്പനയും ഒക്കെ മനസിലേക്ക് തെളിഞ്ഞു വന്നു . ആ കാപ്പി തോട്ടത്തിലെ അപൂര്‍വ്വം ചില വന്മരങ്ങളില്‍ ഒരു ഇലവും കുടപ്പനയും നാട്ടുമാവും കൂഴച്ചക്ക നിറഞ്ഞ ഒരു പ്ലാവും ഉണ്ടായിരുന്നു.

നാണിയമ്മായി യുടെ വീടുതേടി പോകുമ്പോള്‍ ആരെയും ഞാന്‍ കൂട്ട് വിളിച്ചില്ല.ആരോടും അനുവാദം ചോദിച്ചതുമില്ല. കാപ്പി തോട്ടത്തില്‍ കേറിയപ്പോള്‍ വല്ലാത്തൊരു തണുപ്പ്.മഴപെയ്തിട്ട്‌ ദിവസങ്ങള്‍ ആയെങ്കിലും നിലത്തു വീണുകിടക്കുന്ന  ഇലകളില്‍ ഈര്‍പ്പം കാണാം.ഉയര്‍ന്നു നില്‍ക്കുന്ന ചിതല്‍ പുറ്റുകള്‍. ഇഴ ജന്തുക്കള്‍  ഉണ്ടാവണം . പെട്ടന്ന് തന്നെ ഞാന്‍ ജഗരൂകയായി . തറയിലൂടെ എന്തോ പരതിയിട്ടെന്നവിധം നടന്ന ചെങ്കണ്ണന്‍ ഉപ്പന്‍ എന്നെ കണ്ടു തലയുയാര്‍ത്തി നോക്കി . താഴ്ന്നു നില്‍ക്കുന്ന കാപ്പി മര ക്കമ്പുകളില്‍ തട്ടാതെ ചഞ്ഞും ചരിഞ്ഞും ഞാന്‍ മുന്നോട്ടു നീങ്ങി .

ഒരു പ്രേത കഥ വായിക്കുന്ന വിഹ്വലത മനസ്സിലേക്ക് വരുന്നുവോ?..മുകളില്‍ കാപ്പിക്ക മ്പിലിരുന്ന നത്ത് എന്റെ കാലൊച്ച കേട്ട് തല 180 ഡിഗ്രീ തിരിച്ചു എന്നെ നോക്കിയിട്ട് പറന്നു നീങ്ങിയപ്പോള്‍ ആ ചിറകടി ശബ്ദം ഒരു dts തീയട്ടരിലെന്ന  പോലെ കാതില്‍ മുഴങ്ങി.

ഒരുവിധം കാപ്പിതോട്ടം വിട്ടു ഞാന്‍ മറുവശം എത്തി . അവിടെ അഞ്ചു സെന്റു കോളനി പോലെ കുറെ  വീടുകള്‍ . ഞാന്‍ ആകെ കുഴങ്ങി.ഇതിലേതാണ് ഞാന്‍ തിരഞ്ഞെത്തിയ വീട്. .ആരോട് ചോദിക്കും ..പെട്ടന്ന് ആദ്യ നിരയിലെ മൂന്നാം വീടിന്റെ വരാന്തയില്‍ നാണിയമ്മായി യുടെ കൂനിയ രൂപം പ്രത്യക്ഷപെട്ടു.

നീണ്ട പരിശ്രമത്തിനൊടുവില്‍ വിജയം കൈവരിച്ച പരീക്ഷാര്തിയുടെ ഭാവമായിരുന്നു എനിക്ക് അപ്പോള്‍ .നടക്കല്ലുകള്‍ കയറി മുറ്റതെതിയഎന്നെ അവര്‍ സൂക്ഷിച്ചു നോക്കി. കൈപ്പത്തികള്‍ കണ്ണിനു മുകളില്‍ ചരിച്ചു പിടിച്ചു അവര്‍ കഷ്ട്ടപെടുന്നത് പോലെ തോന്നി ."നാണി യമ്മായി ഇത് ഞാന ശ്രീക്കുട്ടന്റെ ...."

"ആഹ ..ബാ..ബാ ...ഇരിക്ക് ...."വരാന്തയില്‍ കിടന്ന ചുവന്ന പ്ലാസ്റ്റിക്‌ കസേരയിലേക്ക് ചൂണ്ടി അവര്‍ പറയുമ്പോള്‍ ഗ്രാമീണതയുടെ ഊഷ്മളതയും ആദിത്യ ബോധവും സ്നേഹവും അവിടെ ഞാനറിഞ്ഞു. ചുവന്ന കസേരക്കപ്പുറം ഒരു കൊച്ചു  ബെഞ്ച് കൂടിയേ അവിടെ ഉണ്ടായിരുന്നുള്ളു. അതിലൊരു ചക്കിപ്പൂച്ച തന്റെ രണ്ടു മക്കളെയും ചേര്‍ത്ത് പിടിച്ചു ഉറങ്ങുന്നു.അവിടെ നടക്കുന്ന സംഭാഷണങ്ങള്‍ ഒന്നും അവരെ ആലോസരപ്പെടുതുന്നില്ലെന്നു എനിക്ക് തോന്നി .പൂച്ചകള്‍ എനിക്ക് എന്നും ദൌര്‍ബല്യമാണ് .വിരല്‍ നീട്ടി തൊട്ടു അവയെ ഉണര്‍ തണോ..ഒരു നിമിഷം ഞാന്‍ ചിന്തിച്ചു. പിന്നെ വേണ്ടാന്നു വച്ചു.

"ക ണ്ണിനാകെ മൂടലാ .."നാണിയമ്മായി പറഞ്ഞു തുടങ്ങി."പഞ്ചസാരേടെ അസുഖമുണ്ടേ ..അതാണെന്ന ഡോക്ടര്‍ പറഞ്ഞത് ..പിന്നെ പ്രഷറും കൂടുതല ..കുറെ ഗുളികകള്‍ കഴിക്കണം...അല്‍പ്പം നടന്നാല്‍ തല കറങ്ങും.അതുകൊണ്ട് ഇപ്പോള്‍ വീട്ടില്‍ ഇരിപ്പ് തന്നെയാ ..എവിടെയെങ്കിലും വീണു കിടന്നാല്‍ മക്കള്‍ക്ക്‌ പാടവും " പ്രായത്തിന്റെ യും അനുഭവത്തിന്റെയും പക്വതയില്‍, വിറയാര്‍ന്ന ആവാക്കുകളില്‍ കുറ്റപ്പെടുത്തലുകളോ പരിഭവങ്ങളോ ഇല്ലായിരുന്നു.

അപ്പോള്‍ തലയില്‍ ഒരു കലത്തില്‍ വെള്ളവുമായി നടക്കല്ലു കയറിവരുന്ന സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത് .തുളുമ്പി തൂവുന്ന വെള്ളം വീണു അവരുടെ ജാകെട്റ്റ് നനഞ്ഞു ഒട്ടിയിരുന്നു .."എന്റെ മകന്റെ ഭാര്യയാ .."നാണിയമ്മായി പരിചയപ്പെടുത്തി. എനിക്ക് അറിയാമായിരുന്നു ആ സ്ത്രീ യെ . പലപ്പോളും അടുക്കള വാതില്‍ക്കല്‍ നിന്ന് അമ്മയോട് സംസാരിക്കുന്നതു കണ്ടിട്ടുണ്ട് . എന്നാല്‍ ഒരിക്കലും നാണിയമ്മായിയുടെ മരുമകളാണ് എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

പ്രതീക്ഷിക്കാതെ കണ്ടതുകൊണ്ടാവാം ആ സ്ത്രീയുടെ മുഖത്ത് വല്ലാത്തൊരു പരിഭ്രമവും ജ്യാള്യതയും ഒക്കെ കണ്ടു. "ഇവിടെ ഉണ്ടാരുന്നോ..ഇന്നലെ കൂടി ഞാന്‍ നിങ്ങളുടെ വീട്ടില്‍ വന്നരുന്നു. കണ്ടില്ല അപ്പോള്‍ ..."അവര്‍ ചോദിച്ചു ."ഇന്നലെ വൈകിട്ടാണ് എത്തിയത് ."ഞാന്‍ പറഞ്ഞു.

അവര്‍ വരാന്തയില്‍ തന്നെ കലമിറക്കി.വെറും തറയിലിരുന്നു. ചീകി ഒതുക്കാത്തമുടിയില്‍ അപ്പോളും ജല കണങ്ങള്‍ മിന്നി നിന്നിരുന്നു."കട്ടന്‍ കാപ്പി കുടിക്കുമോ ..പാലില്ല ഇവിടെ "അല്‍പ്പം കിതപ്പുള്ള ശബ്ധത്തില്‍ അവര്‍ തിരക്കി ."വേണ്ട .ഒന്നും എടുക്കേണ്ട ഇപ്പോള്‍ "ഞാന്‍ പറഞ്ഞു."എന്നാലും ആദ്യമായി ഇവിടെ വന്നിട്ട് ...ജീരക  വെള്ളം ഉണ്ട് ..അതെങ്കിലും കുടിക്കണം ."ആ നിര്‍ബന്ധത്തെ എതിര്‍ക്കാന്‍ എനിക്ക് തോന്നിയില്ല.


അപ്പോള്‍ കഴുകി വെള്ള തുള്ളികള്‍ നില്‍ക്കുന്ന ഗ്ലാസില്‍ ജീരക വെള്ളവുമായി അവരെത്തി.ഇളം ചൂടുണ്ടായിരുന്ന ആ വെള്ളം മുന്‍പെങ്ങും തോന്നാത്ത സ്വാദോ ടെ ഞാന്‍ കുടിച്ചു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ഒന്നും കഴിക്കാതെ പോകുന്നതിലുള്ള പരിഭവം ആ അമ്മായി അമ്മയുടെയും മരുമകളുടെയും മുഖത്തുനിന്നു ഞാന്‍ വായിച്ചു. "അടുത്ത മാസം ചേട്ടന്‍ വരും ..അപ്പോള്‍ ഞങ്ങള്‍ ഒരുമിച്ചു എത്താം "എന്നൊരു ഭംഗി വാചകം പറഞ്ഞു നാണിയമ്മായിയുടെ കയ്യില്‍ ഒരു ചെറു സംഖ്യ തിരുകി വച്ച് ഞാന്‍ വീണ്ടും കപ്പിതോട്ടം ലക്ഷ്യമാക്കി നടന്നു.

തിങ്കളാഴ്ച നടക്കാനിരിക്കുന്ന വീഡിയോ കോണ്ഫെരന്‍സ് മനസിലേക്ക് ഓടിവന്നു. റിപ്പോര്‍ട്ട്‌ ഉം സ്റ്റേറ്റ് മെന്റും ഇന്നേ തയ്യാറാക്കി വയ്ക്കണം .ഞാന്‍ പെട്ടന്ന് നടന്നു .കപ്പിതോട്ടത്തിന്റെ ഒത്ത നടുവിലെതിയപ്പോള്‍ പൊട്ടി വീണപോലെ നാണിയമ്മായിയുടെ മരുമകള്‍ മുന്നില്‍.സത്യത്തില്‍ ഞാന്‍ ഞെട്ടുകയല്ല ,വിറങ്ങലിച്ചു പോയി ഒരു നിമിഷം .ഉന്തി നീളം കൂടിയ പല്ലുകാട്ടി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആ രൂപത്തോട് അല്‍പ്പം ദേഷ്യം തോന്നി അടുത്ത നിമിഷം .എങ്ങനെ ഇവര്‍ ഇത്രവേഗം ഇവിടെ എത്തി എന്ന് എനിക്കൊരു രൂപവും കിട്ടിയില്ല.

"എന്തെ "എന്റെ ചോദ്യം അല്‍പ്പം കനത്തു പോയോ...അറിയില്ല. അവരെന്തോ പറയാന്‍ ബെധപ്പെടുകയാണെന്ന് ആ മുഖം കണ്ടാലറിയാം. രൂപയാവുമോ? ഞാന്‍ ഒന്ന് ശങ്കിച്ചു .ഇപ്പോള്‍ ചെയതതുപോലും ആരും അറിഞ്ഞിട്ടില്ല .'നിന്റെ ശമ്പളം എന്തുചെ യുന്നു എന്ന് വിവാഹത്തിന് മുന്‍പ് അച്ഛനും അമ്മയും ചോദിച്ചിട്ടില്ല.വിവാഹ ശേഷം ഭര്‍ത്താവും .അര്‍ഹിക്കുന്നവര്‍ക്ക് കൊടുക്കാം.പക്ഷെ ബാധ്യത ആവുമോ ?' ഒരുപാട് ചിന്തകള്‍ എന്നിലേക്ക്‌ ഓടിക്കയറി.

"അമ്മ എന്താ പറഞ്ഞത് ?"കിതപ്പ് കലര്‍ന്ന ശബ്ദത്തില്‍ അവര്‍ ചോദിച്ചു. എനിക്ക് അവരോടു വല്ലാത്ത നീരസം തോന്നി. കുശുമ്പിയായ ഒരു നാട്ടുമ്പുറത്ത് കാരി ഞാന്‍ ഓര്‍ത്തു .സുധേച്ചി പറഞ്ഞത് സത്യമായിരുന്നോ അപ്പോള്‍.ബന്ധു വീടുകളില്‍ പോകുന്നതിനു ഇഷ്ട്ടമില്ലാത്തതുകൊണ്ട് നാണിയമ്മായിയെ മുറിയില്‍ അടച്ചിട്ടിരിക്കുകയാണോ ..

എന്റെ ചിന്തകളെ തടസപ്പെടുത്തി അവര്‍ വീണ്ടും ചോദിച്ചു."ഞാന്‍ ഒന്നും കഴിക്കാന്‍ കൊടുക്കുന്നില്ലന്നു അമ്മ പറഞ്ഞോ.? "ഇത്തവണ നീരസം തീഷ്ണ ദേഷ്യമായി എന്റെ മുഖത്ത് നിറഞ്ഞത്‌ ഞാനും അറിഞ്ഞു. എന്റെ കണ്ണുകളെ നേരിടാനാവാത്തത് പോലെ അവര്‍ പെട്ടന്ന് മുഖം കുനിച്ചു .എന്തെങ്കിലും സംസാരിക്കണോ ഇവരോട് ...

ഒരു നേര്‍ത്ത തേങ്ങലോടെ അവര്‍ മുഖമുയര്‍ത്തി .മെലിഞ്ഞുന്തിയ ആ കവിളെല്ലുകള്‍ കടന്നു രണ്ടു തുള്ളി കണ്ണീര്‍ ഒഴുകി വന്നു.

"അമ്മക്ക്  ഒരുപാട് അസുഖങ്ങളാണ് .പഞ്ചസാര വല്ലാതെ കൂടുതലാണ്.മരുന്നുകൊണ്ട് കുറയുന്നില്ലന്നാണ് ഡോക്ടര്‍ പറഞ്ഞത് .എന്തെങ്കിലും ചെറിയ മുറിവുണ്ടായലെ പ്രശ്നമാകും.പഴുപ്പ് കേറിയാല്‍ അപകടമാണ് .അതുകൊണ്ടാ അമ്മയെ ഇപ്പോള്‍ എങ്ങും പോകാന്‍ വിടാത്തത്‌ .അയല്‍ക്കാര്‍ക്കൊക്കെ അമ്മയോട് സഹതാപമാണ്.ഞാന്‍ ഭക്ഷണം കൊടുക്കുന്നില്ലന്നു അമ്മ പറയുമ്പോള്‍ അവരെല്ലാം ചോറും പലഹാരങ്ങളും പഴങ്ങളുമൊക്കെ അമ്മക്ക് കൊടുക്കും .പഴയ ആള്‍ക്കാരല്ലേ നന്നായി കഴിക്കുകയും ചെയ്യും .കഴിഞ്ഞ ദിവസം നിങ്ങടെ അമ്മ വന്നിരുന്നു. 'എനിക്ക് ഏത്തപ്പഴം കഴിക്കാന്‍ കൊതിയാ അമ്മിണീ ' എന്ന് എന്റെ കേള്‍ക്കലാ അമ്മ പറഞ്ഞത്. പിറ്റേന്ന് ഞാന്‍ ആടിന് ചവറു വെട്ടാന്‍ പോയ നേരത്താണ് നിങ്ങളുടെ അമ്മ ഒരു പൊതി ഏത്തപ്പഴം അമ്മക്ക് കൊണ്ടുകൊടുത്തത് . ഞാന്‍ വന്നപ്പോളേക്കും അതുമുഴുവന്‍ കഴിച്ചിരുന്നു.കഴിഞ്ഞാഴ്ച പടിഞ്ഞാട്ടെ പാറു അമ്മേടെ വീട്ടില്‍ പോയി ചക്കപ്പഴം കഴിച്ചു .പാടില്ല എന്ന് പറഞ്ഞാല്‍ അമ്മയ്ക്ക് മനസിലാവില്ല."

രണ്ടു കുഞ്ഞുങ്ങള്‍ക്ക്‌ മൂന്നു നേരം ഭക്ഷണം കൊടുക്കാന്‍ ഞാന്‍ പാടുപെടുകയാണ് .കൈതപ്പറ മ്പിലെ  രാധാമ്മേടെ വീട്ടിലും കളരിക്ക ലെ തോമസ്‌ സാറിന്റെ വീടിലും പണിക്കു പോയാണ് ഞാന്‍ വീട് നോക്കുന്നത് .തോമസ്‌ സാറാണ് മോനെ പഠിപ്പിക്കുന്നത്‌ .അതിനൊക്കെ ഇടയില്‍ അമ്മ കിടന്നു പോയാല്‍ ആത്മഹത്യ അല്ലാതെ മറ്റൊരു മാര്‍ഗമില്ല എന്റെ മുന്നില്‍....ആരും എന്നെ മനസിലാക്കുന്നില്ല.എല്ലാവരും കുറ്റ പ്പെടുത്തുകയാണ് ..ഭര്‍ത്താവ് പണിക്കു പോവും..പക്ഷെ ആരോടും കണക്കൊന്നും പറയില്ല ആരും സഹതാപം കാട്ടാ റുമില്ല..പാവങ്ങള എന്റെ വീട്ടുകാര് .75   ആം  വയസ്സിലും അടുത്ത വീട്ടിലെ റബ്ബര്‍ വെട്ടി കൂലി വാങ്ങി കഴിയുന്നവരാ എന്റെ അച്ഛനും അമ്മയും. ഒരു ആങ്ങള ഉള്ളത് ഭാര്യ വീട്ടിലാണ്. കൂലി വേലതന്നെയ അവനും "


"പത്യപ്പിഴ കാട്ടുമ്പോള്‍ അമ്മയോട് ഞാന്‍ വഴക്കിടാറുണ്ട്.അതിര് വിട്ടു സംസാരിക്കാറുണ്ട്. ഒക്കെ എന്റെ നിവൃത്തി കേടുകൊണ്ടാണ് .ആരും ഒരു സഹതാപ വാക്ക് പോലും എന്നോട് പറയാറില്ല."

എപ്പോളോ അവര്‍ എന്റെ മുന്നില്‍ നിന്ന് പോയി .എന്റെ പ്രജ്ഞക്കും കാലുകള്‍ക്കും ചലന ശേഷി കിട്ടിയത് പിന്നീട് എത്രയോ നേരം കഴിഞ്ഞാണ് .കാപ്പിതോട്ടം വിട്ടു പുറത്തു വരുമ്പോള്‍ കളിവീട് കെട്ടി കളിക്കുന്ന കുറെ കൊച്ചു പെണ്‍കുട്ടികള്‍ .കളി തൊ ട്ടിലില്‍പാവക്കുട്ടിയെ വച്ച് താരാട്ട് പാടി ഉറക്കുന്ന ചേട്ടത്തി യമ്മയുടെ മകള്‍ ..ചിരട്ട യിലെ മണലും വെള്ളവും കലത്തിലെ ചോറെന്ന ഭാവേന കമ്പുകൊണ്ടിളക്കി വേവുനോക്കുന്ന സുധേച്ചിയുടെ മകള്‍..ചുവന്ന കോഴിവാലന്‍ പൂവിനെ ഇലച്ചീന്തില്‍ നുറുക്കിയിടുന്ന കിഴക്കേലെ കുഞ്ഞേച്ചിയുടെ മകള്‍..മണ്‍ കട്ട കുഴച്ചു ചിരട്ടയില്‍ നിറച്ചു മണ്ണപ്പം ഉണ്ടാക്കുന്ന മേലെ വീട്ടിലെ ബിന്ദുവേച്ചിയുടെ മകള്‍ ..പിന്നെയും ഞാനറിയാത്ത രണ്ടു മൂന്ന് പെണ്‍കുട്ടികള്‍ ..അവരിലെ സന്തോഷം , ചിരി , സംസാരം,അഭിനയം,....അവിടെ ആസ്വാദനം മാത്രം ..ആകുലതകളില്ല ..ഭയങ്ങലില്ല...

എന്താ ചി റ്റെ ? ആരോ ചോദിച്ചു "ഒന്നുമില്ല നിങ്ങള്‍ കളിച്ചോ "...ഞാന്‍ നടന്നു .പോകുമ്പോള്‍ ഒന്നുകൂടി ഞാന്‍ തിരിഞ്ഞു നോക്കി  ആ കുരുന്നുകളെ ..അവരുടെ ചിരിയെ ..സന്തോഷത്തെ ...

2 comments:

  1. നന്നായി എഴുതി...
    കൂടുതല്‍ എഴുതുക... ആശംസകളോടെ....:)
    അബസ്വരങ്ങള്‍.com

    ReplyDelete
  2. നന്നായിരിക്കുന്നു !!

    ReplyDelete