Wednesday, August 6, 2014

ശേഷിപ്പ്

ഞാനോ നീയോ തർക്കത്തിൽ
 തകർന്നടിഞ്ഞോരു കെട്ടിട-
പാളികൾക്കിടയിൽ
ചത്തോരിളം കൈയിൽ
ഇനിയുമെന്തിനെന്ന് 
 അറിയാതൊ രു
ചായ പെൻസിൽ  

Friday, November 29, 2013

റേപിസ്റ്റിന്റെ പെങ്ങൾ

ഒരു രാത്രി വെളുക്കവെ
കറുത്ത് പോയവൾ
കരയിലകപ്പെട്ടു പോയ
പെണ്‍ മീനവൾ

നാലാൾ കൂടുമിടങ്ങളിൽ
തോലുരിഞ്ഞു
നാവുകളാൽ  വരഞ്ഞ്
ഉപ്പും മുളകും പുരട്ടപ്പെടുന്നവൾ

നടവഴികളിലെ
എതിർ മിഴികളാൽ
കനലിലാവോളം
ചുട്ടെടുക്കപ്പെടുന്നവൾ

ഉൾവേവും  ആവിയിൽ
സ്വയം ഉരുകവേ
സ്വാതറിയുവാൻ വിലപറയുവാൻ 
അണയുവോരെ  ഭയപ്പവൾ

ഇന്നലയോളം
ഭയന്നോരാ ഇരുളിൽ
ഇന്നു മുഖം പൂഴ്ത്തി നിൽപ്പവൾ
അവളുമൊരു  പെണ്ണ്
ഒരു പെണ്ണുടൽ മാത്രം

Monday, April 15, 2013

വിഷു പിറ്റേന്ന്

വിഷു പിറ്റേന്ന്
 
തൊടിയിലൊരു കോണിൽ
ആരാലും നോക്കാതെ
കമ്പോടിഞ്ഞു തോലുരിഞ്ഞു
കൊല്ലാതെ കൊന്നൊരു കണിക്കൊന്ന
കുറിഞ്ഞിയും മക്കളും നക്കിയിട്ടും
ബാക്കിയാമിലയിൽ എന്തോ തിരയും
ബാലിക്കാക്കയോടോതി
കടൽ കടന്നെൻ മക്കളും ,
നിന്റേതു പോലെ

Saturday, April 13, 2013

വിവാഹം എന്നത്

വിവാഹം എന്നത്
---------------------------------
പകൽക്കിനാക്കളിൽ പരിണയമൊരു
പൂവായ് പൊന്നായ്
പുടവയായ് വന്നനാൾ
... മനസ്സിലൊരു കുളിരായ്
ഉടലിലൊരു ഉഷ്ണമായ്
ഞാൻ അറിഞ്ഞു വിവാഹത്തെ

ആദ്യമായ് കണ്ട ചെക്കൻ
മുടി പോര മുഖം പോര
നിറം പോരാന്നു പറയവെ
ഞാനറിഞ്ഞു വിവാഹം
'സൌന്ദര്യമെന്നു '

പണം പോരാ പണ്ടവും പാടവു-
മെന്നു രണ്ടാമൻ പറയവേ
ഞാനറിഞ്ഞു വിവാഹം
'ധനമിടപാടെന്ന് '

നെയ്ത്തിരി വിളക്കുനല്കി
"ഇനിയീവീടിൻ വിളക്കു നീ"ചൊല്ലവേ
ഞാനറിഞ്ഞു വിവാഹമൊരു
വീടിൻ വെളിച്ചവും മറ്റൊന്നിൻ ഇരുട്ടുമാണെന്ന്

പ്രാതലിന് ഉച്ചയ്ക്ക് അത്താഴത്തിന്
തൂക്കാൻ തുടയ്ക്കാൻ തുണിയലക്കാൻ
വിവാഹം പകലന്തിയോളമൊരു
പണിതന്നെയെന്നു അറിഞ്ഞു

മടുപ്പാർന്ന ദേഹത്തിൽ
ശൂന്യമായ മനമോടുറങ്ങവെ
'ശവ 'മെന്ന പിറുപിറുക്കലിൽ
ഞാനറിഞ്ഞു വിവാഹം
വികാരത്തള്ളലിൽ നിറയേണ്ട എന്തോ ഒന്ന്

ഒടുവിലൊരുപിടി ചാരമായ് ദേഹം
കാറ്റിൽ പറന്നു യരവേ
ചുറ്റും നിന്നാരൊക്കെയോ പുലമ്പുന്നു
'ഇനിയെനിക്കാരുണ്ട് '
ഞാനറിഞ്ഞു വിവാഹം ആർക്കൊക്കെയോ വേണ്ടി

Monday, March 4, 2013

വീട് പറഞ്ഞു തരുന്നത്

വീട് പറഞ്ഞു തരുന്നത്

 ചെറുതാണ് ചെറുതാണീവീടെന്നു
ഞാന് പറഞ്ഞപ്പോഴോക്കെയും ‍
"ധാരാളം ധാരാളം "
നീ ആവര്‍ത്തിച്ചു .

ഇല്ലയ്മയിലതു നിന്റെ ‍
നന്മയായും
നിറവിലതു നിന്റെ ‍
എളിമയായും
മനസ്സിലന്നു ഞാന്‍
കുറിച്ചിരുന്നെ ങ്കിലും
എനിക്കെന്നുമിതു
ചെറുതായിരുന്നു .

ഇന്ന് നീ കാണാ മറയത്ത്
ഒഴിഞ്ഞു നില്‍ക്കെ
അടുക്കള ചോദിപ്പൂ

'എന്തേ നീ കിതയ്ക്കുന്നു
തളരുന്നു
ഒരു കാപ്പിയുണ്ടാക്കവേ'

"എന്തിനീ കിടക്ക ഇത്ര വലുതായ് '
അടക്കം പറയുന്നു കിടപ്പറ

നിരതെറ്റി കിടന്നൊരാ ഇരിപ്പിടങ്ങള്‍
ഇനിയുമേറെ ചോദി ക്കുംമുന്പേ
ഇരുചെവിയും പൊത്തി ഞാന്‍ ചൊല്ലി

"എന്തിനാണെനിക്കീ വലിയ വീട് ...".

Thursday, February 28, 2013

തിരിച്ചറിവുകള്

തിരിച്ചറിവുകള്
-------------------------
നിന്‍ ഉയിര്‌തൊട്ടെഴുതിയൊരാ
പ്രണയ ലേഖനം ഇന്ന്
കാലപ്പഴക്കത്താല്‍ പിഞ്ഞി
വാക്കുകള്‍ മുറിഞ്ഞു പൊയ്

മോഹ മുത്തുകള്‍ ചേര്‍ത്തു
ഞാന്‍ ചാര്‍ത്തിയോരാ മാലയും
നിറം മങ്ങി , നൂല്‍ പൊട്ടി
മണികളൂര്‍ന്ന് അനാഥമായ്

Tuesday, February 5, 2013

പെണ്ണെഴുത്ത്‌

പെണ്ണെഴുത്ത്‌.

അകമുറിയില്‍ അടുക്കളയില്‍
ഉമ്മറക്കോലായില്‍ പിന്നെ
പൈതങ്ങള്‍ പണിയാളര്
ഒക്കെയ്ക്കുമൊടുവില്‍
ഒരുവരി കുറിക്കില്‍
അത് പെണ്ണെഴുത്ത്‌.

പ്രത്യേകം അറ കെട്ടി
അകക്കാമ്പ് തോണ്ടി
'കഴമ്പില്ല ,ഉയിരില്ല '
പതംപറഞ്ഞു
കൊട്ടിയടയ്ക്കും പടികള്‍ ‍ക്കുമ പ്പുറം
ഒരു ചെറു പഴുതിലൂടെ
ഉഴറി നോക്കും കണ്ണില്‍
"ഇവളിതെങ്ങോട്ടീശ്വരാ "
എന്നാ ഭാവം