Saturday, April 13, 2013

വിവാഹം എന്നത്

വിവാഹം എന്നത്
---------------------------------
പകൽക്കിനാക്കളിൽ പരിണയമൊരു
പൂവായ് പൊന്നായ്
പുടവയായ് വന്നനാൾ
... മനസ്സിലൊരു കുളിരായ്
ഉടലിലൊരു ഉഷ്ണമായ്
ഞാൻ അറിഞ്ഞു വിവാഹത്തെ

ആദ്യമായ് കണ്ട ചെക്കൻ
മുടി പോര മുഖം പോര
നിറം പോരാന്നു പറയവെ
ഞാനറിഞ്ഞു വിവാഹം
'സൌന്ദര്യമെന്നു '

പണം പോരാ പണ്ടവും പാടവു-
മെന്നു രണ്ടാമൻ പറയവേ
ഞാനറിഞ്ഞു വിവാഹം
'ധനമിടപാടെന്ന് '

നെയ്ത്തിരി വിളക്കുനല്കി
"ഇനിയീവീടിൻ വിളക്കു നീ"ചൊല്ലവേ
ഞാനറിഞ്ഞു വിവാഹമൊരു
വീടിൻ വെളിച്ചവും മറ്റൊന്നിൻ ഇരുട്ടുമാണെന്ന്

പ്രാതലിന് ഉച്ചയ്ക്ക് അത്താഴത്തിന്
തൂക്കാൻ തുടയ്ക്കാൻ തുണിയലക്കാൻ
വിവാഹം പകലന്തിയോളമൊരു
പണിതന്നെയെന്നു അറിഞ്ഞു

മടുപ്പാർന്ന ദേഹത്തിൽ
ശൂന്യമായ മനമോടുറങ്ങവെ
'ശവ 'മെന്ന പിറുപിറുക്കലിൽ
ഞാനറിഞ്ഞു വിവാഹം
വികാരത്തള്ളലിൽ നിറയേണ്ട എന്തോ ഒന്ന്

ഒടുവിലൊരുപിടി ചാരമായ് ദേഹം
കാറ്റിൽ പറന്നു യരവേ
ചുറ്റും നിന്നാരൊക്കെയോ പുലമ്പുന്നു
'ഇനിയെനിക്കാരുണ്ട് '
ഞാനറിഞ്ഞു വിവാഹം ആർക്കൊക്കെയോ വേണ്ടി

3 comments:

  1. vivaham ennathu oru nashtakkachavadam thanne..

    ReplyDelete
  2. വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്ന ഒരു കച്ചോടമാണത്രെ

    ReplyDelete
  3. പ്രണയവും,പരിണയവും വ്യാപാരം....

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete