Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, August 6, 2014

ശേഷിപ്പ്

ഞാനോ നീയോ തർക്കത്തിൽ
 തകർന്നടിഞ്ഞോരു കെട്ടിട-
പാളികൾക്കിടയിൽ
ചത്തോരിളം കൈയിൽ
ഇനിയുമെന്തിനെന്ന് 
 അറിയാതൊ രു
ചായ പെൻസിൽ  

Friday, November 29, 2013

റേപിസ്റ്റിന്റെ പെങ്ങൾ

ഒരു രാത്രി വെളുക്കവെ
കറുത്ത് പോയവൾ
കരയിലകപ്പെട്ടു പോയ
പെണ്‍ മീനവൾ

നാലാൾ കൂടുമിടങ്ങളിൽ
തോലുരിഞ്ഞു
നാവുകളാൽ  വരഞ്ഞ്
ഉപ്പും മുളകും പുരട്ടപ്പെടുന്നവൾ

നടവഴികളിലെ
എതിർ മിഴികളാൽ
കനലിലാവോളം
ചുട്ടെടുക്കപ്പെടുന്നവൾ

ഉൾവേവും  ആവിയിൽ
സ്വയം ഉരുകവേ
സ്വാതറിയുവാൻ വിലപറയുവാൻ 
അണയുവോരെ  ഭയപ്പവൾ

ഇന്നലയോളം
ഭയന്നോരാ ഇരുളിൽ
ഇന്നു മുഖം പൂഴ്ത്തി നിൽപ്പവൾ
അവളുമൊരു  പെണ്ണ്
ഒരു പെണ്ണുടൽ മാത്രം

Monday, April 15, 2013

വിഷു പിറ്റേന്ന്

വിഷു പിറ്റേന്ന്
 
തൊടിയിലൊരു കോണിൽ
ആരാലും നോക്കാതെ
കമ്പോടിഞ്ഞു തോലുരിഞ്ഞു
കൊല്ലാതെ കൊന്നൊരു കണിക്കൊന്ന
കുറിഞ്ഞിയും മക്കളും നക്കിയിട്ടും
ബാക്കിയാമിലയിൽ എന്തോ തിരയും
ബാലിക്കാക്കയോടോതി
കടൽ കടന്നെൻ മക്കളും ,
നിന്റേതു പോലെ

Saturday, April 13, 2013

വിവാഹം എന്നത്

വിവാഹം എന്നത്
---------------------------------
പകൽക്കിനാക്കളിൽ പരിണയമൊരു
പൂവായ് പൊന്നായ്
പുടവയായ് വന്നനാൾ
... മനസ്സിലൊരു കുളിരായ്
ഉടലിലൊരു ഉഷ്ണമായ്
ഞാൻ അറിഞ്ഞു വിവാഹത്തെ

ആദ്യമായ് കണ്ട ചെക്കൻ
മുടി പോര മുഖം പോര
നിറം പോരാന്നു പറയവെ
ഞാനറിഞ്ഞു വിവാഹം
'സൌന്ദര്യമെന്നു '

പണം പോരാ പണ്ടവും പാടവു-
മെന്നു രണ്ടാമൻ പറയവേ
ഞാനറിഞ്ഞു വിവാഹം
'ധനമിടപാടെന്ന് '

നെയ്ത്തിരി വിളക്കുനല്കി
"ഇനിയീവീടിൻ വിളക്കു നീ"ചൊല്ലവേ
ഞാനറിഞ്ഞു വിവാഹമൊരു
വീടിൻ വെളിച്ചവും മറ്റൊന്നിൻ ഇരുട്ടുമാണെന്ന്

പ്രാതലിന് ഉച്ചയ്ക്ക് അത്താഴത്തിന്
തൂക്കാൻ തുടയ്ക്കാൻ തുണിയലക്കാൻ
വിവാഹം പകലന്തിയോളമൊരു
പണിതന്നെയെന്നു അറിഞ്ഞു

മടുപ്പാർന്ന ദേഹത്തിൽ
ശൂന്യമായ മനമോടുറങ്ങവെ
'ശവ 'മെന്ന പിറുപിറുക്കലിൽ
ഞാനറിഞ്ഞു വിവാഹം
വികാരത്തള്ളലിൽ നിറയേണ്ട എന്തോ ഒന്ന്

ഒടുവിലൊരുപിടി ചാരമായ് ദേഹം
കാറ്റിൽ പറന്നു യരവേ
ചുറ്റും നിന്നാരൊക്കെയോ പുലമ്പുന്നു
'ഇനിയെനിക്കാരുണ്ട് '
ഞാനറിഞ്ഞു വിവാഹം ആർക്കൊക്കെയോ വേണ്ടി

Monday, March 4, 2013

വീട് പറഞ്ഞു തരുന്നത്

വീട് പറഞ്ഞു തരുന്നത്

 ചെറുതാണ് ചെറുതാണീവീടെന്നു
ഞാന് പറഞ്ഞപ്പോഴോക്കെയും ‍
"ധാരാളം ധാരാളം "
നീ ആവര്‍ത്തിച്ചു .

ഇല്ലയ്മയിലതു നിന്റെ ‍
നന്മയായും
നിറവിലതു നിന്റെ ‍
എളിമയായും
മനസ്സിലന്നു ഞാന്‍
കുറിച്ചിരുന്നെ ങ്കിലും
എനിക്കെന്നുമിതു
ചെറുതായിരുന്നു .

ഇന്ന് നീ കാണാ മറയത്ത്
ഒഴിഞ്ഞു നില്‍ക്കെ
അടുക്കള ചോദിപ്പൂ

'എന്തേ നീ കിതയ്ക്കുന്നു
തളരുന്നു
ഒരു കാപ്പിയുണ്ടാക്കവേ'

"എന്തിനീ കിടക്ക ഇത്ര വലുതായ് '
അടക്കം പറയുന്നു കിടപ്പറ

നിരതെറ്റി കിടന്നൊരാ ഇരിപ്പിടങ്ങള്‍
ഇനിയുമേറെ ചോദി ക്കുംമുന്പേ
ഇരുചെവിയും പൊത്തി ഞാന്‍ ചൊല്ലി

"എന്തിനാണെനിക്കീ വലിയ വീട് ...".

Thursday, February 28, 2013

തിരിച്ചറിവുകള്

തിരിച്ചറിവുകള്
-------------------------
നിന്‍ ഉയിര്‌തൊട്ടെഴുതിയൊരാ
പ്രണയ ലേഖനം ഇന്ന്
കാലപ്പഴക്കത്താല്‍ പിഞ്ഞി
വാക്കുകള്‍ മുറിഞ്ഞു പൊയ്

മോഹ മുത്തുകള്‍ ചേര്‍ത്തു
ഞാന്‍ ചാര്‍ത്തിയോരാ മാലയും
നിറം മങ്ങി , നൂല്‍ പൊട്ടി
മണികളൂര്‍ന്ന് അനാഥമായ്

Tuesday, February 5, 2013

പെണ്ണെഴുത്ത്‌

പെണ്ണെഴുത്ത്‌.

അകമുറിയില്‍ അടുക്കളയില്‍
ഉമ്മറക്കോലായില്‍ പിന്നെ
പൈതങ്ങള്‍ പണിയാളര്
ഒക്കെയ്ക്കുമൊടുവില്‍
ഒരുവരി കുറിക്കില്‍
അത് പെണ്ണെഴുത്ത്‌.

പ്രത്യേകം അറ കെട്ടി
അകക്കാമ്പ് തോണ്ടി
'കഴമ്പില്ല ,ഉയിരില്ല '
പതംപറഞ്ഞു
കൊട്ടിയടയ്ക്കും പടികള്‍ ‍ക്കുമ പ്പുറം
ഒരു ചെറു പഴുതിലൂടെ
ഉഴറി നോക്കും കണ്ണില്‍
"ഇവളിതെങ്ങോട്ടീശ്വരാ "
എന്നാ ഭാവം

Monday, February 4, 2013

വാക്ക്

വാക്ക് -1
----------

എന്റെ ചരമ വാര്‍ത്തയ്ക്കൊടുവില്‍ നീ
കുറിച്ചിട്ടൊരാ പ്രണയ വാക്കുകള്‍
ഒരുവേള മുന്നേ പറഞ്ഞിരുന്നെങ്കില്‍
ഞാനും പ്രാര്തിക്കുമായിരുന്നു ദീര്‌ഘായുസ്സിനായ്

വാക്ക് -2
----------

കണ്ടനാള്‍ മുതല്‍ മനസ്സില്‍ പ്രണയമായിരുന്നെങ്കിലും
തൊണ്ടയില്‍ കുരുങ്ങി പറയാഞ്ഞ വാക്കിന്റെ
തിരുശേഷിപ്പായി ഇന്നുമെന്‍ ഇടത്തിടം
ശൂന്യമായ് കിടക്കുന്നീ ജീവിതം പോലെ ..

വാക്ക് -3
------------
ഇന്നലെവരെ പലവാക്കിലവള്‍
മകള്‍ ,
പെങ്ങള്‍ ,
കൂട്ടുകാരി,
ശിഷ്യ ,
കാമുകി

ഇന്ന് പത്രത്തില്‍
ടി വി യില്‍
നാലും കൂടും കവലകളില്‍
അകത്തള ചര്‍ച്ചകളില്‍
ഒരു വാക്കില്‍ മാത്രം
"ഇര "
പീഡന കേസിലെ ഇര

Friday, January 20, 2012

ഭാഗ്യവാന്‍

ഭാഗ്യവാന്‍


അന്ത്യ ശ്വാസത്തിനാര്‍ത്തിയില്‍  പൊങ്ങിയ

നെഞ്ചിനുള്ളില്‍ വലിഞ്ഞു കുറുകിയ കഫസ്വരം

'അച്ഛനെന്നെ പേര്‍ ചൊല്ലി വിളിച്ചല്ലോ 'ന്നു -

ച്ചത്തില്‍ പേര്‍ക്കുന്നു പെണ്ണൊരുത്തി.


തല്ക്കീഴു കരുതിയ ഒട്ടുമൊന്തയില്‍ നീര്‍ തേടി

നീണ്ട വലംകൈ  നെഞ്ചോട്‌ ചേര്‍ത്തി -

'ട്ടെത്തി  ഞാനച്ചാ'എന്ന് പുലമ്പുന്നോരുത്തന്‍


കുടഞ്ഞു വലിക്കാന്‍ ത്രാണി പോരാഞ്ഞി -

ട്ടിടംകൈ  പൊന്തിച്ചതും പിടിച്ചിടത്തിരുന്നോന്‍


ഒടുക്കം നീര്‍ വറ്റി ഒട്ടിയ തൊണ്ടയില്‍

ഒടുക്കത്തെ ചലനം പിടഞ്ഞു നീങ്ങെ

കോടിയ ചുണ്ടുകണ്ടോതി  മാലോകര്‍

ഭാഗ്യവാന്‍ ,

ചിരിച്ചുകൊണ്ടാന്ത്യം വരിച്ചവന്‍

Monday, December 12, 2011

പെണ്‍കിടാവ്

പെണ്‍കിടാവ്


കൈവിട്ടു മെല്ലെ ഒഴുകി നീങ്ങുന്നോരാ
കടലാസ്സു വള്ളത്തെ ഉറ്റു നോക്കീട്ട -
അയ്യയ്യോ പോയല്ലോ അച്ഛായെന്നിങ്ങനെ
അഴലില്‍ ചിണുങ്ങുന്ന പെണ്‍കിടാവ്

ചാരത്തണച്ചു തഴുകി തലോടിക്കൊണ്ട -
രുമയായ് ചൊല്ലുന്നു കരയരുതേ
തലയിലെ കെട്ടിലായ് തിരുകിയ കടലാസ്സില്‍
വേറെ ചമയ്ക്കുന്നു വള്ളമച്ചന്‍

ഒക്കെയും കണ്ടുകൊണ്ടാരികത്തൊരു പാത്രത്തില്‍
തിരു താളി ഞെരുടി ഒരുക്കുമമ്മ
കോരിയെറി ഞ്ഞൊരു കൈക്കുമ്പിള്‍ നിറയുന്ന
കുളിരോലും അരുവിതന്‍ സ്നേഹ വായ്പ്

പൊട്ടിച്ചിരിച്ചും കഥകള്‍ പറഞ്ഞുമാ
അരുവിതന്‍ കരയിലെ സ്വര്‍ഗ്ഗ സ്നേഹം
ഒരു തെല്ലസ്സൂയയില്‍ കണ്ടു ചിരിച്ചിട്ട -
ടവിയും അരുണനും നോക്കി നിന്നു.

ഛടുതിയില്‍ എത്തിയ കാര്‍മുകില്‍ കൂട്ടങ്ങള്‍
അരുണന്റെ കാഴ്ച മറച്ചു മെല്ലെ
മഴവരുമിനി  വെക്കം വീടണയാമെന്ന്
പലവുരു ചൊല്ലിയാ മാതവപ്പോള്‍

ഇനിയും കളിക്കേണം നീന്താന്‍ പഠിക്കേണം
കൊഞ്ചിപ്പറഞ്ഞവള്‍ പെണ്‍കിടാവ്
ശാട്ട്യം പിടിച്ചും പിണങ്ങിക്കരഞ്ഞുമാ
താതന്റെ കൈകളില്‍ തൂങ്ങും ബാല്യം

ഇനി നാളെ വന്നീടാം ഏറെ ക്കളിചീടാം
ഇന്നുവേണ്ടീ മുകില്‍ പെയ്തെന്നലോ
ഒടുവില്‍ പിണങ്ങി ,ഞാന്‍ മിണ്ടൂലെന്നോതി
ക്കൊണ്ടാച്ചന്റെ കൈ തട്ടി ഓടി പെണ്ണാള്‍

വളവു തിരിഞ്ഞാലോ വയലുകളാണതിന്‍
അപ്പുറത്താണവര്‍ വാഴും ഗ്രാമം
ഉണ്ട് കുറച്ചു നടക്കാനതെങ്കിലും
നിത്യവും ഈ യാത്ര ഉത്സവമേ ..

പെട്ടന്ന് മാനം കറുത്തു  പടിഞ്ഞാറ്
ഉച്ചത്തില്‍ ഗര്‍ജ്ജിച്ചു മേഘനാഥന്‍
മോളെ ന്നു നീട്ടി വിളിച്ചിട്ട താതനും
വെക്കത്തിലോടിയാ വയല്‍ വരമ്പില്‍

കാണാവും ദൂരത്തെ വയല്‍ വാര വീഥിയില്‍
കാണാനേ ഇല്ലല്ലോ പെണ്‍ കിടാവ്
എവിടെയെന്‍ പൊന്മകള്‍ എന്ന് കേണിട്ടാ
അമ്മയും ആകെ പരവശയായി

വീശിയടിച്ച മഴക്കാറ്റിലാവാര്‍ത്ത
ദൂരത്താ ഗ്രാമത്തില്‍ ആര്‍ത്തു പെയ്തു
കേട്ടവര്‍ കേട്ടവര്‍ തേടാന്‍ ഇറങ്ങീട്ടും
കണ്ടീല പെണ്ണാളെ അന്തി വരേം

ആ ദുഃഖം കണ്ടിട്ടുരുകും മനമോടെ
അരുണനും വെക്കം മിഴിയടച്ചു
ഓര്‍ത്ത്‌ പറഞ്ഞും സ്വയം പഴിച്ചും
പിന്നെ ദൂരത്തെക്കാശയാല്‍ നോക്കുന്നമ്മ

കറ്റകള്‍ തോറും പകര്‍ന്നൊരു തീയിനാല്‍
ആ ഗ്രാമം രാവിലുണര്‍ന്നു തേടി
തീ പകര്‍ന്നോരോരോ  കറ്റയും നീങ്ങുമ്പോള്‍
ആ കനല്‍ ചൂടമ്മ ഏറ്റു വാങ്ങി .

കഥയുലെ പൂതമിറങ്ങി മറച്ചതോ
കളികാട്ടാന്‍ മിണ്ടാതെ മൂലയ്ക്കൊളിച്ചതോ
എങ്ങുപോയ് ഓമലേ ഈ നൊടി നേരത്തില്‍
ഒന്നു നീ  വെക്കത്തില്‍ വന്നുവെങ്കില്‍

പിറ്റേന്ന്

മഴയില്‍ കുതിര്‍ന്നോരാ ഗ്രാമത്തിന്‍ നെഞ്ചി -
ലെക്കരുണനും മെല്ലെ മിഴിതുറന്നു.
കാറ്റും കിളികളും കൊച്ചുമരങ്ങളും
ആ വാര്‍ത്ത ചൊല്ലാന്‍ അറച്ചു നിന്നു.

വയലുകള്‍ക്കരുകിലെ കൈതോല കാട്ടിലായ്‌
ഒടുവിലാ പൂമേനി കണ്ടെടുത്തു
കൊഞ്ചല്‍ നിലച്ചോര പിഞ്ചുടല്‍ ചേര്‍ത്തുകൊണ്ട -
ലറി ക്കരഞ്ഞച്ച്ചന്‍ വീണു പോയി.

കൈ തട്ടി എന്തിനെ ഈ വഴി ഓടി നീ
കല്‍ വഴുതും വഴി ചൊല്ലീതല്ലേ
ഇനിയച്ച്ചന്‍ തീര്‍ക്കുന്ന കടലാസ്സു വള്ളങ്ങള്‍
നീരണിയാത്തവ ആര്‍ക്കു വേണ്ടി .

മക്കള്‍ വിയോഗങ്ങള്‍ കാണുന്നതാണഹോ
ഏറ്റവും ദുര്‍ഘടം ഈ ഉലകില്‍
പേര്‍ത്തും പറഞ്ഞും വിതുമ്പിക്കരഞ്ഞുമ
അമ്മതന്‍ പ്രജ്ഞ ഉരുകിടുന്നു .

ദുഖക്കടലിനു ആഴങ്ങള്‍ ഏറ്റിക്കൊണ്ട്
ഒടുവിലായ് ആ വാര്‍ത്ത പാഞ്ഞു വന്നു.
കാമം പെരുത്തേതോ ഭ്രാന്ത മനുജന്റെ
ക്രൂര നഖത്താല്‍ പൊലിഞ്ഞ പുഷ്പ്പം

കേട്ടവര്‍ കേട്ടവര്‍ ഞെട്ടിത്തരിച്ചുപോയ്‌
ആരയ്യോ ചെയ്തതീ കൊടിയ പാപം
വിടരാന്‍ കൊതിച്ചൊരാ കൊച്ചു മുകുളത്തെ
പുലരിക്കു മുന്നേ ഇറുത്തിതയ്യോ

ദുഃഖ കടലൊരു കോപ ത്തിരയായി
ദിക്കുകള്‍ തോറും അലരിയിരമ്പവേ
അമ്മ മനസ്സുകള്‍ താത ഹൃദയങ്ങള്‍
നാളയെ ഓര്‍ത്ത്‌ ഭയന്നിടുന്നു

ചേല വിടര്‍ത്തി മറച്ചമ്മ പെണ്‍ മുഖം
ചേലേറ്റും കണ്മഷി തൂത്തെറിഞ്ഞു
പിച്ച നടക്കാന്‍ പഠിക്കുന്ന പെണ്മക്കള്‍
പിച്ചള പൂട്ടിട്ടോളിപ്പിച്ചു താതന്മാര്‍

റാഞ്ചിപ്പറക്കുവാന്‍ തക്കം പാര്‍ത്തില -
ചാര്‍ത്തിലൊളിച്ചൊരു പ്രാപ്പിടിയന്‍
ഏതു നിഴല്‍ പറ്റിപറന്നിറങ്ങും , ചിന്ത
ചിത്തം തകര്‍ന്നവര്‍ പാര്‍ത്തിടുന്നു ...

9.dec.2011
dubai gramika

Wednesday, September 28, 2011

പാഴ് ഭൂമി



മൂടുക മൂടുക വെക്കമീ പാഴ്ഭൂമി
മല ചെത്തി മണ്ണിട്ട്‌ മൂടീടുക
മൂടിയ മണ്ണിനെ ഊക്കൊടുറപ്പിച്ച്‌
മേളില്‍ പണിയുക കെട്ടിടങ്ങള്‍
മണ്ണോട്ടും കാണാതെ പാദം പതിയാതെ
പാകി മറയ്ക്കുക മുറ്റമാകെ
ഭംഗിയില്‍ ഓരത്തായ് പണിയുക  ചാലുകള്‍
മഴവെള്ളം മൊത്തത്തില്‍ വാര്‍ന്നു പോകാന്‍
എന്നിട്ടോടുക്കമീ അമ്മതന്‍ നെഞ്ചിലെ -
ക്കാഴത്തില്‍ കുഴല്‍ താഴ്ത്തൂ കുടിനീരിനായി
ഇത്രയുമൊക്കെ കഴിഞ്ഞാലിനി വരും
വെക്കത്തില്‍ പട്ടണ ച്ഛായ പോലും
പകലന്തിയോള മീ മണ്ണില്‍ പണിതോരാ
അച്ഛന്റെ മക്കള്‍ക്കും ജോലിയാകും
കറ്റയറുത്തും മെതിച്ചും തളര്‍ന്നൊരാ
അമ്മതന്‍ മക്കള്‍ക്കും ജോലിയാകും
കൂമ്പാള തൊപ്പിയും ചുട്ടിമുണ്ടും പിന്നെ
കന്നും കലപ്പയും കാഴ്ച വസ്തു
മോടിയില്‍ ചെര്‍തീടാം ചില്ലുകൂട്ടില്‍ ...നാളെ
ചൊല്ലിക്കൊടുതീടാം പൈതങ്ങള്‍ക്ക്

Tuesday, August 16, 2011

മഴക്കാഴ്ച

തോരാതെ പെയ്യുന്ന മാരി കാണാനിന്നു

മുറിവിട്ടു ഞാനും പുറത്തു വന്നു
ഉമ്മറക്കോണിലെ ചാരു ബെഞ്ചില്‍ 
എന്റെ കട്ടി കരിമ്പടം പുതച്ചിരുന്നു.


കുളിരേറ്റിയെത്തുന്ന കാറ്റിലെന്‍ കണ്‍ പീലി
ചെറുകണം മേടിച്ചു ചാര്‍ത്തി നിന്നു
തൂലിക തേടിയെന്‍ വിരലുകള്‍ നീങ്ങവേ
ഹൃദയത്തില്‍ തുടിതാളം പൊങ്ങിവന്നു

വെള്ളം നിറഞ്ഞൊരു പാട വരമ്പത്തു
തലയേന്തി നില്‍ക്കുന്ന പുല്‍ തുരുത്തില്‍
തോരാ മഴയെ ,യറിഞ്ഞോരു പറവകള്‍
പഞ്ഞമകറ്റാന്‍ നനഞ്ഞിറങ്ങി

കാണാം വരമ്പുകള്‍ക്കപ്പുറം പുഴയൊരു
മേദസ്സു മുറ്റിയ പെണ്ണിനെപ്പോല്‍
കരകവിഞ്ഞാ രൂപം ശോഭകെട്ടി,
ട്ടതി ദ്രുതം ആരെയോ തേടി പോണൂ


'തുള്ളിക്കൊരുകുട' മെന്നപോല്‍ പെയ്യുമീ
മഴയില്‍ , പെയ്യുന്ന കൂരയ്ക്കുള്ളില്‍
പുകയുമടുപ്പിന്റെ ഓരം പറ്റി , ഒരു
ചെറുമനും മക്കളും ചേര്‍ന്നിരിപ്പൂ.

പശിയാറ്റാന്‍   പാവത്താന്‍ പാട്ട് പാടി , ഒപ്പം
പശിയോടെ പൈതങ്ങള്‍ ഏറ്റു പാടി
"പകലോ നൊന്നിനി വന്നിരുന്നേല്‍ , ഏന്‍
പാടത്തും പറമ്പിലും പോയിടുമേ .....
കനിയും കിഴങ്ങും  എടുത്തിടുമേ..
പഞ്ഞ വയറൊന്നു നിറച്ചിടുമേ"..
ചെറുമന്റെ പെണ്ണുമതേറ്റു പാടി
കാറ്റും മഴയും മറിച്ചു പാടി

ചെറുമ ക്കുടിലിന്റെ ഉമ്മറത്ത്‌
ചാവാലി പട്ടി ചുരുണ്ടുകൂടി
കത്തും വയറിന്റെ ആന്തലിലാ
പട്ടിതന്‍ മൂളലും പാട്ടുപോലെ

ആര്‍ത്തു ചൊരിയുന്ന വാനമിന്നു
ചെറുമ ക്കുടിലിലോ ആധി പാകി
കാതം അകലത്തെന്‍ ഉമ്മറത്തോ
'തുള്ളിക്കൊരുകുടം'   കവിതയായി ...



Saturday, July 2, 2011

ഒരു ചെടിയുടെ നൊമ്പരം

ഒരു ചെടിയുടെ നൊമ്പരം 

എന്റെ    പ്രണയ   മലര്‍വാടിയില്‍ പൂക്കള്‍  കരിഞ്ഞതും

                             ഇലകള്‍ വിളര്‍ത്തതും കൂട്ടുകാരാ നീ അറിഞ്ഞതില്ലേ

നിന്‍ ഉയിരിന്‍ ഉയിരായ്‌ കാത്തിടാമെന്നു-

                             പല കാലവും നീ പറഞ്ഞതല്ലേ

നിന്നിലര്‍പ്പിച്ചോരെന്‍     നിനവിന്റെ   മുകുളങ്ങള്‍

                            പാതിയും   പുഴുക്കള്‍   കാര്‍ന്നു   തിന്നു  

കുടിനീര് തേടി ചരിഞ്ഞോരാ തളിരിളം നാമ്പുകള്‍

                          ക്രൂരമായ്‌ നഖം ചേര്‍ത്ത് ഇറുത്തതെന്തേ

പുലരികാണാന്‍ വെമ്പി വിടര്‍ന്നൊരാ പൂക്കളെ

                           ഏറെ പുലര്ച്ചയ്ക്കെ നീ അറുത്തു വിറ്റു

നിണമൂറി നിന്നൊരാ മുറിവേറ്റ നാമ്പുകള്‍

                           ഇളം കാറ്റു വന്നൂതി  തലോടി നീങ്ങെ

വീണ്ടുമെന്‍ ഉള്ളിലെ കാതര മോഹങ്ങള്‍

                          നിന്നുയിര്‍ സാമീപ്യം തേടിടുന്നു ............

Thursday, June 16, 2011

പൊന്‍ താലി


ചിരകാല സ്വപ്നത്തിന്‍ കതിര്‍ക്കുല തുമ്പിലായ്‌
പോന്നുഷസ്സിന്‍ കുളിര്‍ തീര്‍ഥ മൂറി വീഴ്കെ
മിഴികളില്‍ സുഖ സ്വപ്ന ലാസ്യത്തില്‍
കണ്ടു ഞാന്‍ നിന്‍ കൈയില്‍ പൊന്നിലത്താലി

പൊന്നിന്‍ പ്രഭയേറും നെയ് വിളക്കിന്‍ ചാരെ
നല്ലോമല്‍ കോടിയില്‍ നീ എന്റെ വരനായ്
അഷ്ട മംഗല്യതിനകമ്പടിയോടെ വലം വച്ച്
ചാരത്തണഞ്ഞു ഞാന്‍ , നാദസ്വര മുണര്‍ന്നു .

നമ്ര മുഖിയായ് നില്‍ക്കുമെന്‍ കര്‍ണങ്ങള്‍
മന്ത്രാക്ഷരങ്ങളാല്‍ വിശുദ്ധി നേടി
അനുഗ്രഹ വര്‍ഷത്തിന്‍ നടുവില്‍ നിന്ന് നീ
ചേര്‍ത്തെന്റെ  കഴുത്തിലാ  പൊന്‍ ഇലത്താലി.

നീ ചാര്‍ ത്തിയോരാ സിന്ദൂരം ഒരു നൂറു ജന്മങ്ങള്‍
എന്നിലെ സ്ത്രീ ത്വത്തെ ധന്യമാക്കാന്‍
എന്നും ഞാന്‍ നോമ്പുകള്‍ നോറ്റിരിക്കും
പിന്നെ നിന്നിലെ നിന്നില്‍ ഞാന്‍ അലിഞ്ഞു ചേരും

Saturday, May 14, 2011

അന്നും..... ഇന്നും...



അന്ന് ...

അന്ന് ഞാന്‍ കാണുമ്പോള്‍ അവളുടെ പുഞ്ചിരി
ആരാമം പിന്നിട്ട തെന്നല്‍ പോലെ
ആ ചിരിയൊന്നു കാണാന്‍ , മിഴികളാല്‍ മിണ്ടാന്‍
വഴിയോരതായ് ഞാന്‍ കാത്തു നില്‍ക്കും
ചകിതമാം മിഴികളാല്‍ ചുറ്റോടും നോക്കിയി -
ട്ടതി വേഗം  നടന്നവള്‍ പോയിടുമ്പോള്‍
നേര്‍ത്തൊരു നൊമ്പരം ബാക്കിനില്‍ക്കും , പിന്നെ
നാളെയീ നേരത്തിനായി കാത്തിരിക്കും .
ഒരുപാട് നേരം കാത്തിരുന്നി
ട്ടോരുമാത്ര കണ്ടവള്‍ പോയിടുമ്പോള്‍
പതിയെ ഇഴയുന്ന ഘടികാര സൂചികള്‍
കഠിനമാം രോഷമുണര്‍ത്തി  വിട്ടു .
ഒരുപാട് സ്വപ്‌നങ്ങള്‍ നെഞ്ചിലേറ്റി  ഞങ്ങള്‍
ഒരുപാടൊരുപാട് അടുത്ത് വന്നു...
ഒരു നോക്ക് കാണാതൊരു വാക്ക് മിണ്ടാതെ
ഒരു മാത്ര ഞങ്ങള്‍ക്ക് വയ്യെന്നതായ്.....

ഇന്ന് ...

ചിരിക്കാന്‍ മറന്നിന്നവളുടെ വദനം
ചിരിപ്പിക്കും വഴികളും മറന്നെന്‍ ഹൃദയവും
ചകിതമാം ഭാവം മറഞ്ഞൊരാ മിഴികളിന്ന -
ജ്ഞനമെഴുതുന്നതോ  നിസ്സംഗ ഭാവം
ഒരു കൂരയ്ക്ക്ള്ളില്‍ ഇരിപ്പൂ ഞങ്ങള്‍  പക്ഷെ
ഇരു ലോകത്തായി വസിപ്പൂ ഞങ്ങള്‍
ഒരു വാക്ക് മിണ്ടാന്‍ കൊതിച്ച കാലം ഇന്ന്
ഒരുവാക്കും മിണ്ടാതെ പോയ്മറ ഞ്ഞു
വാക്കുകള്‍ക്ക് അര്‍ഥം കൊളുത്തി ഞങ്ങള്‍
പിന്നെ പടവാള് വീശി മിഴികളാലും
അകലുവാനില്ലിനി ദൂരം അറിയാം
ഞങ്ങള്‍ക്ക് അടുക്കുവാന്‍ ആവാത്തയത്രയായി

Thursday, April 21, 2011

മഴയ്ക്ക് ശേഷം

മഴയ്ക്ക് ശേഷം

മഴ പെയ്തു തോര്‍ന്നയീ  മണ്ണിന്‍റെ ചൂരേറ്റു

പതിയെ നടക്കണം ഏറെ നേരം

പൊട്ടിച്ചെറിയണം പരിഷ്ക്കാര പാദുകം

അമര്‍ത്തി ചവുട്ടണം ഈ  നനുത്ത മണ്ണില്‍

ഇമ പൂട്ടി നിന്നിട്ടു യിരിലേക്കേറ്റണം

"ഞാനുമീ മണ്ണിന്‍റെ രൂപമാറ്റം "


ജലഭാരമേറി കുനിഞ്ഞൊരാ മരച്ചോട്ടില്‍

മരപ്പെയ്തിനായിനി കാത്തുനില്‍ക്കാം

കുളിരേറ്റിഎത്തുന്ന കാറ്റിന്‍റെ വികൃതിയില്‍

മനസുമെന്‍ ആത്മാവും  തുറന്നു വയ്ക്കാം

ചേമ്പില താളില്‍ മിന്നി ക്കളിക്കുന്ന

ചെറു തുള്ളി വെള്ളത്തെ കൈയിലേല്ക്കാം

ജീവിതോഷ്ണത്തിന്‍ ചൂളയിലുരുകുന്ന

മനസിലേക്കായിട്ടു പകര്‍ന്നു നല്‍കാം
--
SangeethaSumith

ഉറക്കം

 


ഉറങ്ങു നിങ്ങളീ  രാത്രിയില്‍ ദീര്ഘമായ് , സ്വസ്ഥമായ്


ഉറങ്ങതിരിപ്പൂ   ഈ ഹതഭാഗ്യ  ഞാന്‍

ബാല്യതിലേറെ ഉറങ്ങി , ഉണരുവാന്‍

പൂങ്കോഴി കൂവലും അമ്മതന്‍  ചൂരലും

എങ്കിലും പുതപ്പിന്റെ സുഖമേറും ചൂടിലേ-

ക്കാണ്ടിറങ്ങുവാന്‍ ഒന്നുടുറങ്ങുവാന്‍

വല്ലാതെ മോഹിച്ച മനസേ എന്തുനീ

ഇ ന്നെനിക്കുറങ്ങുവാന്‍ പുതപ്പു നല്കാത്തൂ


മെഴുകുതിരി




ഒരു മെഴുകു തിരിയാവാം

നിനക്കായ്  ഞാന്‍

എന്‍ വെളിച്ചം 

നിന്‍ മുന്നില്‍ ഇരുള്‍ മായ്ക്കട്ടെ

എന്‍ ചെറു ചൂട്

നിനക്ക് ഉണര്‍വ് ഏകിടട്ടെ

ഒടുവിലെന്‍  ഒടുക്കത്തെ ആളലില്‍ നീ

ഊതി കേടുത്തിടുക ,

ചൂടാറി ഉറഞ്ഞു കൂടിയ

ഓര്‍മതന്‍ മെഴുകു ബാക്കിയെ 

ചുരണ്ടി എറിഞ്ഞിടുക

വലെന്ടിന്‍സ് ഡേ

കൗമാരം സിരകളില്‍ പ്രണയം നിറയക്കവേ

ഞാനും ആഘോഷിച്ചു വാലന്റൈന്‍സ് ഡേ

യവ്വനം ചായക്കൂട്ടല്‍ പ്രണയചിത്രങ്ങള്‍ വരക്കേ

വീണ്ടും ആഘോഷിച്ചു വലെന്ടിന്‍സ് ഡേ

കാലത്തിന്‍ വെയിലേറ്റു നരപടര്‍ന്നോരെന്മുന്നില്‍

കുഞ്ഞു മോള്‍ ചോദിപ്പു 'എന്തമ്മേ വാലന്റൈന്‍സ്  ഡേ '

ഞെട്ടിയോ ?, നിശ്ചയം ഞെട്ടി ഞാന്‍

വറ്റിയ തൊണ്ട നനച്ചേറെ പണിപ്പെട്ടു

' സ്നേഹിക്കുന്നവര്‍ക്ക് ഒരു ദിനമെന്നു '

സ്നേഹമായ് ഓതി നീങ്ങാന്‍ ശ്രമിക്കവേ

ആരോ പറഞ്ഞൊരു വാക്കിന്റെ ബാക്കിപോല്‍

അവളും മോഴിഞ്ഞിന്നു ' ഹാപ്പി വലെന്ടിന്‍സ് ഡേ '...........
--

തറവാട്



നിശബ്ദം ഇരുള്‍ വീണ പുല്‍ പാതയിലൂടെ

ആരോ നടന്നടുക്കുന്നതും കാത്ത്, കാത്തു -

വെച്ചോരു വെന്ചെമ്പക പൂക്കളിന്നീ

കാറ്റത്തുതറി വീഴവെ

മങ്ങിയ കുമ്മായ കൂട്ടടരും ചുവരുകള്‍ കാറ്റിനെ

മെല്ലെ മെല്ലെയെന്നു ശാസിക്കെ ,

ശീഘ്രമോടിയ  പല്ലിതന്‍ കാല്‍തട്ടി ,

വാല്‍തട്ടി അടരുന്നു ചുവരുകള്‍

കരയുന്നു തറവാട്

അന്തിക്ക് നല്ലെണ്ണ തിരി തെളിയതെയീ 
 
ഊജസു ചത്തൊരു   ഉമ്മറ പടവുകള്‍

ഉടയോനുപേക്ഷിച്ച  ചാവാലി പട്ടിക്കു

അന്തിയുറങ്ങുവാന്‍  പിന്നയും ബാക്കി

വരുമവര്‍ ഓണത്തിന്

നിശ്ചയം വിഷുവി -

നെന്നു ഓര്‍ത്തോര്‍ത്തു കാത്തു നില്‍ക്കുന്നു

കാതം കടന്നെതും കാറ്റിനിന്നാവതില്ലീ

കാത്തിരിക്കും  തറവാടിനോടോതുവാന്‍  സത്യമൊന്നും


മുറ്റത്തു  മാവില്‍ പടര്‍ന്നൊരു മുല്ലയും

പരിഭവം ഓതാതെ പൊഴിക്കുന്നു പുവുകള്‍

ഇനിയുമൊരു കാലം വരുമത് നിശ്ചയം

ടിയണയും കുരുന്നുകള്‍ മാല  തീര്‍ക്കുമീ പുക്ക ളാലേ


കളിവീട്‌ കെട്ടി കളിച്ചൊരാ   പൈതങ്ങള്‍

കടല്‍ കടന്നേറെ  അകന്നു പൊയ്

അറിയുന്നതെങ്കിലും അറിയാതെ മനതാരില്‍

വീണ്ടും വസന്തങ്ങള്‍ കാത്തിരിപ്പൂ


തൊട്ടി തുടിച്ചൊന്നു വെള്ളം വലിക്കുവാന്‍

തുരുമ്പ് ഊറി  നില്‍ക്കുന്ന  കപ്പിയും കൊതിക്കുന്നു

കാത്തുവച്ചൊരു  കുടിനീര്‍ കൊടുക്കുവാന്‍

കാത്തു കിടക്കുന്നീ കിണര്‍ തറവാടിന്‍ മക്കളെ


എവിടെയാണ് എവിടെയാണീ നിങ്ങളിനി

എന്നാണണയുക , ചോദിക്കുന്നിതേവരും

മണ്ണും മരങ്ങളും കാറ്റുമീ ന്ധ്യ യും

വിങ്ങും മനസോടെ   കാത്തിരിക്കുന്നീ    തറവാടും ...................



സംഗീത സുമിത്