Friday, June 24, 2011

ഗൃഹാതുരത്വം

നാട്ടിലേക്കുള്ള യാത്രയില്‍ മനസ്സ് നിറയെ അമ്മയുടെ തറവാട് ആയിരുന്നു.ബാല്യവും കൌമാരവും  ചെലവിട്ട ആ വീടിനോട് യൌവ്വനത്തിന്റെ പടവുകളിറങ്ങുന്ന ഈ കാലത്ത് വല്ലാത്തൊരു ഗൃഹാതുരത്വം .നനുത്ത ഗന്ധമുള്ള വെണ്‍ ചെമ്പക പൂക്കള്‍ വീണ വഴിയും വേരോളം പൂക്കുന്ന അശോക മരത്തിന്റെ തണലും ചെങ്കണ്ണന്‍ ഉപ്പാന്റെ കൂടുള്ള ജാതിമരവും മുറ്റത്തേക്ക് മാങ്ങകളുമായി ചരിഞ്ഞെത്തി നില്‍ക്കുന്ന മൂവാണ്ടന്‍ മാവും ഒക്കെ സുഖമുള്ള ഓര്‍മ്മകള്‍ക്ക് അപ്പുറം ശക്തമായ നഷ്ട്ട ബോധത്തിന്റെ നീറ്റലുംതേങ്ങലുമായി എന്നെ ഉലയ്ക്കാന്‍ തുടങ്ങിയിട്ട് നാളേറെ ആയി.

ബാല്യത്തിന്റെ സമ്പന്നത തിരിച്ചറിയുവാന്‍ ഒരുപാട് വൈകി.കൈയെത്തും ദൂരത്തെന്നു തോന്നിയ എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള പാച്ചിലില്‍ പലതും മറന്നു.ചിലത് കണ്ടില്ലെന്നു നടിച്ചു.വീണ്ടും നടക്കുമ്പോള്‍ വള്ളിപ്പടര്‍പ്പുകളായി കാലില്‍ ചുറ്റിയ ഓര്‍മ്മപ്പെടുത്തലുകളെ നിര്‍ദ്ദയം പൊട്ടിച്ചകറ്റി .ഒടുവിലെപ്പോളോ ആരോ ഉണര്‍ത്തിയ പോലെ ഒരു മാത്ര നിന്നപ്പോള്‍ .....തിരിഞ്ഞു നോക്കി...നേടിയത് തുച്ഛം....നഷ്ട്ടപെടുതിയതോ .....ഒരു കണക്കെടുപ്പിനു തന്നെ ധൈര്യം പോരാ .


ആ അധൈര്യത്തിന്റെ തിക്കുമുട്ടലില്‍ നിന്നായിരുന്നു ഈ യാത്രയുടെ ആലോചന ഉയര്‍ന്നത് .മറ്റാരെയും ഒപ്പം കൂട്ടാന്‍ തോന്നിയില്ല.ഭര്‍ത്താവിനും മകള്‍ക്കും അതിലല്‍പ്പം പരിഭവം ഉണ്ടെന്നറിയാം . എങ്കിലും വേണ്ടാ ..ഈ യാത്രയില്‍ ഒറ്റയ്ക്ക് മതി . എന്റെ ബാല്യത്തെ അറിയുന്ന ആ മണ്ണില്‍ അല്‍പ്പനേരം ചെലവഴിച്ചോട്ടെ എന്ന് അനുവാദം ചോദിയ്ക്കാന്‍ ഇന്നത്തെ അവകാശികളുടെ മുറ്റത്ത്‌കാത്തു നില്ക്കാന്‍ അവര്‍ക്ക് ക്ഷമ കിട്ടീന്നു വരില്ല.ആ മണ്ണില്‍ ഉറങ്ങുന്ന പൂര്‍വ്വീകരുടെ ആത്മാക്കള്‍ എന്നെ ആശ്ലേഷിക്കുമ്പോള്‍  എനിക്ക് പൊട്ടിക്കരയണം .ഉറക്കെ ഉറക്കെ മാപ്പിരക്കണം. അപ്പോള്‍ മറ്റൊരു സാന്നിധ്യം എന്റെ കപട അഭിമാന ഭാവത്തെ ഉണര്‍ത്തും .

വര്‍ഷകാലത്ത് ശബ്ദമുണ്ടാക്കി ഒഴുകുന്ന പൊയ്കയില്‍ ഇപ്പോള്‍ നീരോഴുക്കുണ്ടാവുമോ ?..അതിലെ പരല്‍ മീനുകള്‍ എന്നും എനിക്ക് ഹരമായിരുന്നു .ആഴ്ച്ചപ്പതിപ്പുകളുടെ പിന്നുകളി ളക്കി ഉണ്ടാക്കുന്ന ചൂണ്ടയുമായി അവധി ദിവസങ്ങളില്‍ ആ പോയ്കയുടെ വശങ്ങളില്‍ എത്രനേരം ചിലവഴിച്ചിട്ടുണ്ട് .

നാടാകെ മാറിയിരിക്കുന്നു. മുന്‍പ് മഴച്ചാലുകള്‍ ചെറു കുഴികള്‍ തീര്‍ത്ത ചെമ്മണ്‍ പാത ഇന്ന് ടാറിളകി കല്‍ചീളുകളാല്‍ ദുര്‍ഘടമായിരിക്കുന്നു. ഒരു പാട് പുതിയ വീടുകള്‍ ...പരിചയമില്ലാത്ത മുഖങ്ങള്‍ . റബ്ബര്‍ മരങ്ങളുടെ നീലിമയാര്‍ന്ന തണല്‍ പാതയോരത്തുനിന്നു പോയ്‌ മറഞ്ഞിരിക്കുന്നു.

പണ്ട് സ്കൂള്‍ വിട്ടു കൂട്ടുകാരുമോന്നിച്ചു വീട്ടിലേക്കു നടന്നു വന്നിരുന്ന പാത .മൂന്നു കിലോ മീറ്റര്‍ നീളുന്ന ആ യാത്രകള്‍ ഒരിക്കലും മടുപ്പുണ്ടാക്കിയിരുന്നില്ല.വര്‍ഷവും വെയിലും ഒന്നും ആ യാത്രകളെ അലോസരപ്പെടുത്തിയിട്ടില്ല. .അന്നി  വീഥി യോരത്തെ എല്ലാ വീടുകളും സുപരിചിതമായിരുന്നു.പലതും കൂടെ പഠിക്കുന്നവരുടെയോ അതേ സ്കൂളില്‍ പഠിക്കുന്നവരുടെയോ ആയിരുന്നു. ഇപ്പോള്‍ അവരൊക്കെ എവിടെയാവും.

വണ്ടി എവിടെയെങ്കിലും ഒതുക്കി നിര്‍ത്തി  നടന്നു പോകണം എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്.കാലം തലയില്‍ വെള്ളിവരകള്‍ വീഴ്ത്തിയ എന്നെ തിരിച്ചറിയുന്നവരോടൊക്കെ കുശലം പറഞ്ഞു തറവാട്ടിലേക്ക് നടന്നു പോകണം .ആ പഴയ നാട്ടുംപുറത്തുകാരിയായി മണ്ണിന്റെയും മരങ്ങളുടെയും ഗന്ധമാസ്വതിച്ചു  പോകണം .പക്ഷെ വെയിലിന്റെ ചൂടും മെറ്റലിളകിയ പാതയും തീരുമാനത്തെ തിരുത്തി.

ഒടുവില്‍ തറവാട്ടിലേക്കുള്ള സ്വകാര്യ വഴിയിലേക്ക് വണ്ടി തിരിഞ്ഞപ്പോള്‍ വല്ലാത്തൊരു വിഹ്വലത .അപരാധം ചെയ്തു പിടിക്കപ്പെടുമെന്നു ഭയപ്പെടുന്ന കുട്ടിയെപ്പോലെ മനസ് വിറപൂണ്ടു. വണ്ടി ഒതുക്കി നിര്‍ത്തി കുറച്ചു നേരം വെറുതെ ഇരുന്നു.

ഒരുപാട് മാറിയിരിക്കുന്നു . ആളനക്കം ഏല്‍ക്കാത്ത പോലെ ആകെ കാടുപിടിച്ച് ...തിരിച്ചറിയാനാവാത്ത വിധം ആയിരിക്കുന്നു. അല്ലെങ്കില്‍ തന്നെ ഈ മണ്ണും മരങ്ങളും അറിയുന്ന ഞാന്‍ ഒരു പാവാടക്കാരി പെണ്ണായിരുന്നല്ലോ .ചാഞ്ഞു നില്‍ക്കുന്ന കശുമാവിന്‍ കൊമ്പുകളില്‍ വലിഞ്ഞു കേറി ,തുഞ്ചത്ത് തൂങ്ങുന്ന ഏറ്റവും നല്ല കശുമാങ്ങ കൈയെത്തി പറിച്ചു ,അവിടെയിരുന്നു തന്നെ തിന്നുന്ന മരംകേറി പെണ്ണ്.

പുല്ലും തൊട്ടാവാടിയും നിറഞ്ഞു വഴി നടക്കാന്‍ പോലും പറ്റാത്ത വിധമായിരിക്കുന്നു.പണ്ട് ഓണത്തിനും വിഷുവിനും ചെത്തി ഒരുക്കി വെടിപ്പാക്കിയിരുന്ന വഴി.മുന്‍പ് ഈ വഴിക്ക് ഇരുവശവും കപ്പകൃഷി ആയിരുന്നു. കാലാ ഒരുക്കലും കപ്പ നടീലും പിന്നെ കപ്പ വാട്ടലും ഉണങ്ങലും ഒക്കെ ഒരുതരം ആഘോഷം ആയിരുന്നു. രാവെളുക്കോളം നീളുന്ന കപ്പവാട്ടലില്‍  ചുറ്റൊട്ടുംഉള്ളവര്‍ കൂടുമായിരുന്നു.ചെമ്പടുപ്പിലിട്ടു ചുട്ടെടുത്ത കപ്പയും, ചുട്ടഉണക്ക മീനും കാന്താരിമുളകും ചേര്‍ത്ത് ചതച്ച ചമ്മന്തിയും കഴിച്ചു പനമ്പിലോ ചാക്കിലോ ഒക്കെ ചുരുണ്ട് കൂടി ഉറങ്ങുന്ന കുട്ടികളെ പണി തീരുവോളം ആരും ശല്യപ്പെടുത്തില്ല. ഓര്‍ക്കുമ്പോള്‍ എത്ര രസമായിരുന്നു ആ കാലം .ഇപ്പോഴുള്ള കുട്ടികള്‍ വിശ്വസിക്കുമോ ഇതൊക്കെ.

വിശ്വസിക്കാതിരിക്കാന്‍ എന്താ ...കഴിഞ്ഞ ഡിസംബറിലും അവിടെ മരുഭൂമിയിലെ ഉള്‍ പ്രദേശത്ത് ടെന്റ് കെട്ടി താമസിച്ചതും മസാല പുരട്ടിയ ചിക്കനും വഴുതനങ്ങയും ഉള്ളിയുമൊക്കെ ബാര്‍ബിക്യു ചെയ്തു കഴിച്ചതും ആസ്വതിച്ച മകള്‍ക്ക് അമ്മയുടെ ഈ ഓര്‍മ്മകളെ ആ രീതിയിലെങ്കിലും  കാണാ നായേക്കും

കണ്ണുകള്‍ ഏറെ ആവേശത്തോടെ പരതിയത് ചമ്പകം നിന്നിടത്തേക്കാണ്. കത്തി നോവേല്‍ക്കാതെ എന്നും ഗര്‍വ്വോടെ തലയുയര്‍ത്തി അതിഥികള്‍ക്ക് പൂ പാത ഒരുക്കിയിരുന്ന എന്റെ വെണ്‍ ചെമ്പകം തലയറ്റു,...ആരും രക്ഷിക്കനില്ലാത്ത അഗതിയുടെ കൈയ്യുയര്‍ത്തല്‍ പോലെ ...ആരോഗ്യമില്ലാത്ത ചെറു നാമ്പുകള്‍ ഉയര്‍ത്തി നില്‍ക്കുന്നു. താഴെ വഴിയരുകില്‍ കൂട്ടിയിട്ടിരിക്കുന്ന ഉണങ്ങിയതും ഉണങ്ങാത്തതുമായ ശേഷിപ്പ്...ഒരു ശവപ്പറമ്പിലെ അസ്ഥി ക്കൂട്ടം പോലെ ....എന്നിട്ടും അതിനിടയിലെ പച്ചനാമ്പില്‍ ഒരുകുലപ്പൂവ് ..കാണാന്‍ കൊതിച്ചു ഓടിയെത്തിയ എന്നെ കാത്തു 'ഇപ്പോളെങ്കിലും വരാന്‍ തോന്നിയല്ലോ 'എന്ന് ചോദിക്കും പോലെ ....
ഈ  മണ്ണില്‍ മുട്ടുകുത്തി ഇരുന്ന് ഈ  പൂക്കളെ ഒന്ന് വാസനിക്കാതിരിക്കാന്‍ ആവുന്നില്ല. രണ്ടു തുള്ളി കണ്ണീര്‍  പൂക്കുലയില്‍ അടര്‍ന്നു വീണപ്പോള്‍ എന്നെ പൊതിഞ്ഞ ഇളം കാറ്റിനു എന്നോ കൈമോശം വന്ന ബാല്യത്തിന്റെ സുഖമുണ്ടായിരുന്നു. അശോക മലരിന്റെ ഗന്ധമുണ്ടായിരുന്നു .

എന്റെ വരവ് മുന്‍കൂട്ടി അറിഞ്ഞിരിക്കുന്നു അശോകവും.കടയ്ക്കല്‍ വരെ പൂക്കുലകള്‍ .തേന്‍ ഉണ്ണുന്ന ചിത്ര ശലഭങ്ങള്‍ ,തേനീച്ചകള്‍ , പൂക്കുലകള്‍ക്കിടയില്‍ ചെറു പുഴുക്കളെ തപ്പുന്ന കുരുവികള്‍ ......അശോക മര  തണലിനു എന്നും സുഗന്ധമുള്ള കുളിര്‍മ്മയാണ്‌ .അടര്‍ന്നു വീണ പൂക്കള്‍ ഒരു പൂമെത്ത പോലെ . എത്ര തവണ വെട്ടിമാറ്റാന്‍ തീരുമാനിക്കപ്പെട്ടതായിരുന്നു
ഈ വൃക്ഷത്തെ ....സീതയുടെ ഭാതൃ വിരഹത്തിനു സാക്ഷിയാവേണ്ടി വന്ന ഈ പാവം വൃക്ഷത്തെ 'സ്ത്രീ ദുഃഖ 'കാരണമായി കണ്ടെത്തിയ ഏതോ കുബുദ്ധിയുടെ പിന്‍ഗാമി മുത്തശ്ശിയെയുംസ്വാധീനിച്ചു .ചെറുപ്പത്തിലെ വിധവ ആയ മുത്തശ്ശി ഭയപ്പെട്ടത്തില്‍ അത്ഭുതമില്ല . അന്ന് അമ്മയുടെ ധൈര്യവും അച്ഛന്റെ പിന്‍തുണയും ഈ മരത്തെ രക്ഷിച്ചു .അതിന്റെ സ്നേഹമാവും ഇന്നീ പൂച്ചെണ്ടുകള്‍ നീട്ടി എനിക്കുള്ള സ്വീകരണം. പിന്നീടൊരിക്കല്‍ ഒരു നാട്ടു വൈദ്യന്റെ വേഷത്തിലും മരണം അശോക മരത്തിന്റെ നേരെ അടുത്തു. ആയുര്‍ ദൈര്‍ഘ്യം അന്നും ഇതിനെ രക്ഷിച്ചു .ഇന്നും രക്ഷിക്കുന്നു.ഇനിയും രക്ഷിക്കട്ടെ.......

മഴക്കാലത്ത്‌ വഴുക്കലുണ്ടാകാറുള്ള റോഡിലെ ചരിവ് ഇറങ്ങി മുറ്റത്തെത്തിയപ്പോള്‍ മനസ് വീണ്ടും ഒരു കൊച്ചു കുട്ടിയെ പോലെ പതറാന്‍ തുടങ്ങി .മണല്‍ വിരിച്ച മനോഹരമായ മുറ്റത്തിന്റെ സ്ഥാനത് നിറയെ കളകള്‍. ഈ വീടിന്റെ യവ്വന കാലത്ത് എത്ര പ്രൌടമായിരുന്നു ഈ മുറ്റം ....ഓരം ചേര്‍ന്ന് ചെടിത്തടങ്ങള്‍..എന്നും പൂക്കുന്ന അതുല്യ ഗന്ധമുള്ള പനിനീര്‍ ചെടികള്‍ ,പത്തുമണി ചെടികള്‍ നിറഞ്ഞ ചെടിച്ചട്ടികള്‍...ഒക്കെ നശിച്ചു പോയിരിക്കുന്നു .കാട്ടു വള്ളികള്‍ കയറി മൂടിയ ചാമ്പ മരങ്ങള്‍..മാമ്പഴങ്ങളുമായി മുറ്റത്തേക്ക് കുനിഞ്ഞെത്തുമായിരുന്ന മൂവാണ്ടന്‍ മാവെവിടെ ?...ചെങ്കണ്ണന്‍ ഉപ്പാന്റെ കൂടുള്ള ജാതിമരം എവിടെ ?.....

ഇല്ല.... ഒക്കെ ശിഖരങ്ങള്‍ അറുത്തു തായ് മരങ്ങളായി ...രക്ത സാക്ഷി സ്തൂപങ്ങള്‍ പോലെ ....ചില്ലകള്‍ വിരിച്ചു മുറ്റത്തിന്റെ ഒരു കോണ് മുഴുവന്‍ തണല്‍ വിരിച്ചിരുന്ന ജാതിമരം .ബാല്യത്തില്‍ കൂട്ടുകാരുമൊത്തു ഈ ജാതിമരത്തിന്റെ ചില്ലകളില്‍ കയറി ഇരുന്നു മതിവരുവോളം ജാതിക്ക ഉപ്പും ചേര്‍ത്ത് തിന്നിട്ടുണ്ട്. അന്നീ ജാതിമാരത്തില്‍ കൂട് കൂട്ടുമായിരുന്ന ചെങ്കണ്ണന്‍ ഉപ്പന്റെ മുഖ്യ ശത്രു ഞാന്‍ തന്നെ ആയിരുന്നു. 'ഉപ്പന്റെ കൂട്ടില്‍ നീലക്കൊടുവേലി ഉണ്ടാകും 'എന്ന മുത്തശ്ശി പറഞ്ഞ കഥയെ വിശ്വസിച്ചു ആ പാവം പക്ഷിയോട് എത്ര തവണ വഴക്ക് കൂടിയിരിക്കുന്നു . അപ്പോളൊക്കെ ആ പക്ഷി എന്നെ ശപിച്ചിട്ടുണ്ടാവുമോ?..ഉണ്ടാവും തീര്‍ച്ച ...വിരിയാറായ മുട്ടകള്‍ എന്റെ കരസ്പര്‍ശം ഏറ്റ തിന്റെ പേരില്‍ അവ താഴെയിട്ടു പൊട്ടിച്ചിരു ന്നു.അന്നൊന്നും ആ ഉപ്പന്റെ മാതൃ ഭാവം എനിക്ക് മനസ്സിലാക്കാനായില്ല .


ഇടിഞ്ഞു വീണ പശുക്കൂടും വക്കടര്‍ന്ന കിണറും വള്ളികള്‍ പടര്‍ന്ന വീടും .........എന്തിനായിരുന്നു ഞാന്‍ വന്നത്...മനസ്സിലെ ഓജസ്സും തേജസ്സും ഉണ്ടായിരുന്ന എന്റെ തറവാടിന്റെ ചിത്രത്തിന് മേല്‍ നിരാശയുടെയും വേദനയുടെയും ശവക്കല്ലറ തീര്‍ക്കാനോ?..........ഉറക്കമില്ലാത്ത രാത്രികളില്‍ വെറുതെ ഓര്‍ത്തോര്‍ത്തു കിടക്കാന്‍ ഇന്നലെ വരെ കുറച്ചു നല്ല ഓര്‍മ്മകള്‍ ഉണ്ടായിരുന്നു ...ഇനിയെന്ത് ?....................


Posted on: 23 Sep 2011
www.mathrubhumi.com
Mathrubhumi NRI: NRI News, Pravasi Bharatham News,Gulf News, America News,Europe News, Australia and Oceania News, Africa News

1 comment:

  1. വളരെ നന്നായിരിക്കുന്നു... ഇനിയെന്ത് ?

    ReplyDelete