Sunday, July 31, 2011

നിഴല്‍ ജീവിതങ്ങള്‍


നിഴല്‍  ജീവിതങ്ങള്‍

അമ്മ പറഞ്ഞാണ് അറിഞ്ഞത് ഗ്രാമത്തിലെ ചെറിയ അമ്പലം പുനരുദ്ധരിക്കപ്പെട്ടു    എന്ന് . ഒന്ന് കാണണം ഒപ്പം പഴയ പരിചയങ്ങള്‍ ഒക്കെ ഒന്ന് പുതുക്കണം. 

തറവാട്ടിലെത്തിയ ഒരു ഒഴിവു ദിവസം അഞ്ചുമണിക്ക് മകളെയും കൂട്ടി നാട് കാണാനിറങ്ങി.  ഓരോ കാഴ്ചയും അവളിലുണര്‍ത്തിയ ആവേശം എന്നിലേക്കും പടര്‍ന്നു . "എന്ന് വന്നു ...........എന്ന് പോകും .........."എന്നീ  ചോദ്യങ്ങള്‍ക്ക് ആവര്‍ത്തിച്ചു മറുപടി പറയുമ്പോള്‍ അവള്‍ ചിരിക്കുന്നത് ഞാന്‍ അറിഞ്ഞു. ഓരോ വീടിനെക്കുറിച്ചും പറയുവാന്‍ ബന്ധങ്ങളുടെ വഴിതിരുവുകള്‍ ഉണ്ടായിരുന്നു 

."ഇത്രയും ബന്ധുക്കളോ  അമ്മയ്ക്ക് ? ............."നിഷ്കളങ്കമായ ചോദ്യം . ജനിച്ചു വളര്‍ന്ന ഈ നാടിനെക്കുറിച്ച് പറയാന്‍ സ്വന്തവും ബന്ധവും സൌഹൃതവും മാത്രമേ ഉള്ളു ....അതാണല്ലോ ഗ്രാമത്തിന്റെ ചൈതന്യം ..


വളവു തിരിഞ്ഞു അമ്പലത്തിനു അടുതെത്തിയപ്പോഴേ കണ്ടു ഉയരത്തിലൊരു ചുറ്റുമതില്‍ . അതിനു മുകളിലൂടെ ശ്രീ കോവിലിന്റെ ഓടു പാകിയ മേല്‍ക്കൂര .....ശിവ പഞ്ചാക്ഷരിയുടെ നേര്‍ത്ത കേള്‍വി ....കര്‍പ്പൂരത്തിന്റെയും ചന്ദനത്തിരികളുടെയും വാസന....ശരിക്കും ഒരു അമ്പല ഗന്ധം ഞാന്‍ അറിഞ്ഞു.  മുന്‍പ്  കാറ്റേറ്റ് അണയുന്ന കല്‍വിളക്കിലെ പാതി കത്തിയ തിരികളുടെ ഗന്ധമായിരുന്നു ഈ പ്രകൃതിക്ക് .

പടവുകള്‍ക്കു താഴെ മൈതാനത്തു  കെട്ടിയൊരുക്കിയ ആല്‍ത്തറയില്‍ നേര്‍ത്ത സുഗന്ധമുള്ള കാറ്റേറ്റ് വെറുതെ ഒട്ടു നേരമിരുന്നു. അപ്പുറത്ത് സല്ലപിച്ചിരുന്ന ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ തെല്ലത്ഭുതതോടെ  നോക്കുന്നത് ഞാന്‍ അറിഞ്ഞു . അപരിചിതത്തിനു അപ്പുറം ആല്‍ത്തറയിലിരിക്കാന്‍ ഒരു സ്ത്രീ എത്തിയതിന്റെ അമ്പരപ്പായിരുന്നു ആ നോട്ടമെന്നു തോന്നി. എങ്കിലും ഈ മാറിയ പ്രകൃതിയെ കുറച്ചെങ്കിലും ആസ്വതിക്കാതെ പോകാന്‍ മനസ് വന്നില്ല. പടികള്‍  കെട്ടിയ ചെറിയ കുളത്തിലെ വെള്ളം കോരി ദേഹത്തുതളിച്ച് അമ്പലത്തിലേക്ക് നീങ്ങുന്ന സ്ത്രീ ജനങ്ങളെ മകള്‍ കൌതുകത്തോടെ നോക്കിനിന്നു, മുന്‍പ് ഏതോ ആവശ്യത്തിനു പൊട്ടിച്ചു മാറ്റിയ പാറക്കെട്ടിലെ ഉറവക്കുഴിയാണ് ഇന്ന് കുളമായി പരിണമിച്ചത്‌ ..


ആല്‍ത്തറ വഴി വന്നവരെല്ലാം എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി . ചിലര്‍ പരിചയത്തില്‍ അടുത്ത് വന്നും അകലെ നിന്നും കുശലം പറഞ്ഞു.  ഗ്രാമത്തിന്റെ ആ കുശാല ഭാവം നഗര വാസിയായ എന്റെ മകളെ അലോസരപ്പെടുത്തി തുടങ്ങിയപ്പോള്‍ ഞാനും അമ്പല പ്പടവുകളിലേക്ക് നടന്നു 

ഭക്തിക്കപ്പുറം പുതുമകള്‍ കാണാനുള്ള കൌതുകമായിരുന്നു എന്നിലപ്പോള്‍ .മനോഹരമായ ചായക്കൂട്ടുകളില്‍ തീര്‍ത്ത ചുവര്‍ ചിത്രങ്ങളും ശില്‍പ്പങ്ങളും... മറ്റൊരിടത്തായിരുന്നേല്‍ മകള്‍ അവളുടെ കാമറയില്‍ അവ പകര്‍ത്തിയേനെ ...അത്രയ്ക്ക് സൂക്ഷ്മതയോടെ അവ ളാചിത്രങ്ങളെ നോക്കി നിന്നു.


ആരോ പേരുചൊല്ലി വിളിക്കുന്നത്‌ കേട്ടാണ് തിരിഞ്ഞു നോക്കിയത്. കറുത്ത് വണ്ണമുള്ള ഒരു സ്ത്രീ . കണ്ടു മറന്ന മുഖം ..എങ്കിലും ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല .അവരുടെ ചെമ്പന്‍ മുടി എണ്ണമയം ഏല്‍ക്കാത്തതും അഴകില്ലാത്തതും ആയിരുന്നു. ഞാന്‍ കണ്ട നഗര വാസികളായ പെണ്ണുങ്ങളൊന്നും  മുടിയില്‍ എണ്ണ വയ്ക്കുന്നവരായിരുന്നില്ല .എന്നിരുന്നാലും അവരുടെ മുടിയിഴകള്‍ നല്ല ബലവും തിളക്കവും ഉള്ളവയായിരുന്നു.

"ഞാന്‍ രമയാണ് ..."അവര്‍ സ്വയം പരിചയപ്പെടുത്തി. "ഓര്‍ക്കുന്നുണ്ടോ  എന്നെ ?.....മുന്‍പ് നമ്മള്‍ ഒരുമിച്ചു പൊറംപാറ സ്കൂളില്‍ പഠിച്ചിട്ടുണ്ട് ..."  പൊറംപാറ..ഇന്നും പാറപ്പുറത്തുള്ള ആ സ്കൂളിനെ  അങ്ങനെ വിശേഷിപ്പിക്കുന്നവരുണ്ടോ ?....പഴയ തലമുറയിലെ ആ പേര് പുതു തലമുറ മനപൂര്‍വ്വം ഒഴിവാക്കിയിരുന്നു . എന്റെയും ഓര്‍മ്മയില്‍നിന്ന് ആ സ്ഥല നാമം എന്നേ മറഞ്ഞിരുന്നു.


"ഉവ്വ് ...ഓര്‍ക്കുന്നുണ്ട് ...ഇപ്പോളെവിടെയാണ്..എല്ലാരും സുഖമായി ഇരിക്കുന്നോ ?...കുട്ടികള്‍ എത്രപേരാണ് "?...ഒരു ഓര്‍മ്മ പുതുക്കല്‍ വേളയില്‍ ഏവരും ചോദിക്കുന്ന കുറച്ചു സാധാരണ ചോദ്യങ്ങള്‍ . ചോദ്യകര്‍ത്താവിനും ഉത്തരം നല്‍കുന്നവനും വിരസത ഉണ്ടാക്കാന്‍ ഇടയില്ലാത്തവ.


അമ്പലമുറ്റത്ത്‌ നിന്നുള്ള  സംസാരത്തിലെ ഔചിത്യമില്ലായ്മ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ മകള്‍ കൈത്തണ്ടയില്‍ പതിയെ നുള്ളിയപ്പോള്‍ രമയെയും കൂട്ടി കരിങ്കല്‍ പാളികള്‍ പാകിയ പടവുകളിറങ്ങി. അപ്പോള്‍ സന്ധ്യയുടെ  ശോഭ ചക്രവാളത്തില്‍ പരന്നു തുടങ്ങിയിരുന്നു.


പ്രൈമറി ക്ലാസ്സുകളില്‍ രമ ഒപ്പമുണ്ടായിരുന്നത് ഞാന്‍ ഓര്‍ത്തു. കൂട്ടുകാരില്ലാത്ത..അധികം വണ്ണമുള്ള..ആരോടും സംസാരിക്കാത്ത രമ .പാണ്ടിമാക്കല്‍ എന്നാ വീട്ടുപേര് ലോപിച്ച് പാണ്ടിരമ  എന്നറിയപ്പെട്ട കുട്ടി ...നാട്ടിലെ പല വീടുകളുടെയും പിന്നാമ്പുറങ്ങളില്‍ നിശബ്ദം പാത്രം കഴുകി കുടുംബം നോക്കുന്ന സാവിത്രി എന്ന സാധു സ്ത്രീ യുടെ മകള്‍....ഗ്രാമത്തില്‍ വീടുകള്‍ തോറും മണ്‍ചട്ടികള്‍ വില്‍ക്കാന്‍ വരുന്ന പൊള്ളാച്ചിക്കാരന്‍ മുരുകന്റെ മകള്‍...


പെന്‍സില്‍ കൊണ്ടുവരാത്തതില്‍..തീര്‍ന്ന നോട്ട് ബുക്കുകള്‍ക്ക് പകരം പുതിയവ വാങ്ങാത്തതില്‍ ...ചോദ്യങ്ങള്‍ക്കൊന്നിനും മറുപടി പറയാത്തതില്‍... സ്കൂള്‍ പിരുവുകളില്‍ യഥാ സമയം പണം  അടയ്ക്കാത്തതില്‍ ....അങ്ങനെ അങ്ങനെ പല കാരണങ്ങളിലായി ക്ലാസ്സിനകത്തും പുറത്തും കുനിഞ്ഞ മുഖവുമായി എഴുന്നേറ്റു നില്‍ക്കുന്ന സമയമായിരുന്നു ഇരിക്കുന്ന സമയത്തില്‍ കൂടുതല്‍ രാമയ്ക്കുണ്ടായിരുന്നത്...അപ്പോളൊന്നും അവളുടെ കണ്ണുകള്‍ പെയ്തിട്ടില്ല. മുഖത്ത് കുറ്റബോധം ഉണ്ടായിരുന്നോ? ....അതൊന്നും തിരിച്ചറിയുവാനുള്ള   പ്രായം   എനിക്കും ഉണ്ടായിരുന്നില്ല ..


ഒട്ടും മാര്‍ദ്ദവമില്ലാത്ത ,തഴമ്പുകളുള്ള വലതു കൈകൊണ്ടു എന്റെ കൈത്തണ്ടയില്‍  അമര്‍ത്തിപ്പിടിച്ച്  രമ എന്റെ ഓര്‍മവഴികളില്‍ തടയിട്ടു. 

"എനിക്കൊരു സഹായം ചെയ്യണം .....എന്റെ മോള്‍ നന്നായി വീട്ടുപണിയൊക്കെ  ചെയ്യും .അറിയാവുന്ന ആരുടെയെങ്കിലും വീട്ടിലല്ലാതെ എങ്ങനെയാ പണിക്കു വിടുന്നത്. ശമ്പളം എന്തെങ്കിലും മതി. മൂന്നു നേരം ഭക്ഷണവും സുരക്ഷിതമായ ഒരു താമസവും  മാത്രമേ അവള്‍ക്കു വേണ്ടി ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. " 

ഞാന്‍ ആര്‍ദ്രതയോടെ ആ കണ്ണുകളിലേക്കു നോക്കി .....


"രമയ്ക്ക്‌  എത്രപേരാണ് കുട്ടികള്‍ ?.." ഞാന്‍ ആ ചോദ്യം ആവര്‍ത്തിച്ചു.
""അവള്‍ക്കു താഴെ ഒരാളുടെ . മോനാണ് ..അവന്‍ പള്ളിക്കലെ  ആശാഭവനിലാണ്..പള്ളിക്കാരാണ് പഠിപ്പിക്കുന്നത്‌ .." രമ പറഞ്ഞു.


ഭര്‍ത്താവ് എവിടെ എന്ന ചോദ്യം അവിടെ അപ്രസക്തമാണ് എന്നെനിക്കു തോന്നി. കുടുംബം അന്വേഷിക്കത്തവനാകാം ..ഭാര്യയെയും കുട്ടികളെയും വിട്ടു ഓടിപ്പോയിരിക്കാം .....മറ്റൊരു സ്ത്രീയില്‍ സുഖം തേടി പോയിരിക്കാം ....രോഗിയായി കിടന്നു പോയിട്ടുണ്ടാവാം .....അതോ ഇനി മരിച്ചു പോയിരിക്കുമോ?...എന്തോ എനിക്ക്  ആ വിഷയം സംസാരിക്കാന്‍ യാതൊരു ആകാംഷയും തോന്നിയില്ല.


എന്റെ നിശബ്ധത രമയില്‍ ആകുലതയായി പടര്‍ന്നെന്നു  തോന്നുന്നു. ആലംബത്തിനെന്നോണം എന്റെ കൈകളില്‍ അമര്‍ന്നിരുന്ന ആ കൈകള്‍ അയയുന്നതും വിട്ടകലുന്നതും അതിന്റെ സൂചന ആയിരുന്നു.


ഒരു സഹായിയെ വീട്ടില്‍ നിര്‍ത്തുക എന്നതിനെക്കുറിച്ച് ഇന്നോളം ചിന്തിച്ചിരുന്നില്ല. ഞാന്‍ കഴിച്ച പാത്രവും ഉടുത്ത വസ്ത്രങ്ങളും ഉപയോഗിച്ച കുളിമുറിയും മറ്റൊരാളെ ക്കൊണ്ട് വൃത്തിയാക്കിക്കാന്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല. പിന്നെ പാചകം ......ഒരു മൂവര്‍ കുടുംബത്തിനു എന്താണ് അധികം  വയ്ക്കാന്‍ ....മുന്‍പൊക്കെ രുചി ഭേതങ്ങളില്‍ പരാതി പറഞ്ഞിരുന്ന ഭര്‍ത്താവ് ഇന്ന് നിശബ്ദനായി ഭക്ഷണം കഴിച്ചു പോകുന്നു. അത് കാലം എന്റെ പാചകവുമായി അദ്ദേഹത്തെ താതാത്മ്യപ്പെടുത്തിയതോ അതോ ഞാന്‍ ആ രുചി സങ്കല്‍പ്പത്തിനൊത്തു ഉയര്‍ന്നിട്ടോ എന്ന് നിശ്ചയം പോരാ....


"അമ്മാ...." ഒരു  കൊച്ചു വിളിയൊച്ച എന്റെ ചിന്തകള്‍ക്ക് തടസ്സമായി  എത്തി . രമയുടെ സാരിത്തലപ്പില്‍ പിടിച്ചു ഒരു കൊച്ചു പെണ്‍കുട്ടി .വിളറി മെലിഞ്ഞ ആ മുഖം പാതിയും സാരിത്തലപ്പില്‍ മറച്ചു എന്നേ ഉറ്റു നോക്കി നില്‍ക്കുന്നു.  ഇതാര് എന്ന എന്റെ ചോദ്യം മനസ്സില്‍ നിന്നു വായിച്ചതുപോലെ രമ പറഞ്ഞു.
 
"ഇതാണ് ഞാന്‍ പറഞ്ഞ ആള്‍ ... പഞ്ചമി ."

അതുവരെ മനസ്സില്‍ ഉണ്ടായിരുന്ന ലാഘവത്വം മാഞ്ഞു പോയി .കൈ നീട്ടി ആ കുഞ്ഞു താടിയില്‍ പിടിച്ചുയര്‍ത്തി എന്ത് പറയണമെന്ന് അറിയാതെ ഞാന്‍ നിന്നു.നനവാര്‍ന്ന ചന്ദനക്കുറി വരച്ച ആ നെറ്റിയില്‍ അറിയാതെ എന്റെ ചുണ്ടുകള്‍ അമര്‍ന്നു.തിരിഞ്ഞു രമയെ നോക്കുമ്പോള്‍ ആദ്യമായി ആ മിഴികളില്‍ നീര്‍ത്തിളക്കം ഞാന്‍ കണ്ടു.


"ഈ കുഞ്ഞിനെ ആണോ രാമ വീട്ടില്‍ സഹായിയായി വിടാമെന്ന് പറഞ്ഞത് " .....
 ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെനിക്ക്. 

ആല്‍ത്തറയില്‍ കത്തുന്ന കര്‍പ്പൂരങ്ങളെ  ഉഴിഞ്ഞു മുഖത്ത് ചേര്‍ത്ത് വാസനിക്കുന്ന മകളുടെ കുഞ്ഞിക്കൈയില്‍ ചൂട് തട്ടുമോ എന്ന് അല്‍പ്പം ആധിയോടെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു ഞാന്‍ .ആ കൈകളുടെ മാര്‍ദ്ദവം ഇല്ലെങ്കിലും എന്റെ കൈക്കുള്ളില്‍ ചേര്‍ന്നിരിക്കുന്ന കുഞ്ഞു കൈകള്‍ക്കും അതേ ചൂട് ....കണ്ണുകളില്‍ അതേ നിഷ്കളങ്കത .......


"വെട്ടിമുറ്റത്തെ ജോസ് ചേട്ടന്റെ മോള്‍ ഗള്‍ഫിലാണ് . അവരുടെ കുട്ടികളെ നോക്കാന്‍ കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നു.അടുത്താഴ്ച വിസ എടുക്കുമെന്ന് അറിയിച്ചു . മോളെ ബന്ധു ക്കളെ ഏല്‍പ്പിച്ചു പോകാന്‍ മനസ്സ് വരുന്നില്ല. അമ്മ രാവിലെ പണിക്കു പോയാല്‍ വൈകിട്ടെ എത്തു .ഇന്നത്തെ കാലമല്ലേ . എവിടെയെങ്കിലും ആക്കാതെ പോയാല്‍ എനിക്കൊരു സമാധാനവും കിട്ടില്ല.  ഇന്നലെ  അംഗനവാടിയില്‍ പോയപ്പോളാ നിങ്ങളൊക്കെ എത്തിയിട്ടുണ്ടെന്നു പറഞ്ഞു കേട്ടത് .അമ്പലത്തില്‍  വരവൊക്കെ  വല്ലപ്പോഴുമാണ് .. ഇന്ന് വന്നതും ഒരു മാര്‍ഗ്ഗം കാട്ടണേ ന്നു  പ്രാര്‍ത്ഥിച്ചു തിരിഞ്ഞപ്പോള്‍ നിങ്ങളെ കണ്ടതും ഒക്കെ ഒരു നിമിത്തം പോലെ തോന്നിച്ചു . അതാണ്‌ ചോദിച്ചത്.  "


ഒറ്റവാക്കില്‍ ഒരുത്തരം നല്‍കി രമയെ ആശ്വസിപ്പിക്കാന്‍ എനിക്കാകുമായിരുന്നില്ല. വിളിക്കാം എന്ന് വാക്കുനല്കി ഫോനെ നമ്പറും വാങ്ങി തിരിഞ്ഞു നടക്കുമ്പോള്‍ എന്നെപ്പോലെ തന്നെ മകളും നിശബ്ധയായിരുന്നു .മനസ് ബന്ധന മുക്തനായ അശ്വത്തെ പോലെ പള്ളിക്കൂട മുറിയിലേക്ക് പാഞ്ഞു.  


അവിടെ നാല് മണി ബെല്ല് മുഴങ്ങുന്നതും ഭയത്തോടെ ....നിസ്സഹായതയോടെ...  ക്ലാസ്സിന്റെ മൂലയിലേക്ക് ഒതുങ്ങുന്ന രമയെന്ന പെണ്‍കുട്ടിയും ....അവളെ നുള്ളിയും അടിച്ചും വേദനിപ്പിച്ചു ഓടിപ്പോകുന്ന സഹപാഠികളും;  അവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. 

നിസ്സഹായയായ  തന്റെ അമ്മയോട് അവള്‍ ആ സങ്കടങ്ങള്‍ പറഞ്ഞിരിക്കുമോ ?....കരഞ്ഞിരിക്കുമോ ?.....


ഒപ്പം നടന്ന മകളെ ചേര്‍ത്ത് പിടിച്ചു ഒരു മാത്ര ഞാന്‍ നിന്നുപോയി. ആ ഭാവപ്പകര്‍ച്ച അവളെ അമ്പരപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും അവള്‍ നിശബ്ധയായിരുന്നു .


"നമുക്ക് പഞ്ചമിയെ നമ്മുടെ വീട്ടിലേക്കു കൊണ്ടുപോയാലോ ?... കളിക്കാനും സ്കൂളില്‍ പോകാനുമൊക്കെ നിനക്കൊരു കൂട്ടുമാവും ....എന്താ ".....


എന്റെ ചോദ്യം കേള്‍ക്കാത്ത പോലെ അവള്‍ നടന്നു. എന്തോ ആ ചോദ്യം ഞാനും ആവര്‍ത്തിച്ചില്ല. 


ഇരുട്ട് പതിയെ കാഴ്ചകളെ അവ്യക്തമാക്കി..ക്രമേണ മനസിലെ ചിന്തകളെയും...


അത്താഴ മേശയിലെ ചര്‍ച്ചക്കൊടുവില്‍ രമയ്ക്ക്‌ ആശ്വാസമാകുന്ന തീരുമാനത്തിലേക്ക് ഞാനും എത്തി. എങ്കിലും മകളുടെ പതിവില്ലാത്ത മൌനം എന്നില്‍ അസ്വസ്ഥത ഉണ്ടാക്കി. കിടക്കയില്‍ അവളുടെ പ്രിയപ്പെട്ട കൊച്ചു ബ്ലാങ്കെട്ടും ചേര്‍ത്ത് കമന്നു കിടന്ന അവള്‍ ഉറങ്ങിയതായി  തോന്നിയില്ല. സാമീപ്യം അറിഞ്ഞു പെട്ടന്നവള്‍ തിരിഞ്ഞു എന്റെ കണ്ണുകളിലേക്കു ഉറ്റു നോക്കി ചോദിച്ചു ..

."അമ്മ എന്നെ ഒറ്റയ്ക്കാക്കി എവിടെയെങ്കിലും പോകുമോ ?...." 

അവളുടെ കൊച്ചു കണ്ണുകളിലും ചുണ്ടുകളിലും തുടുത്ത കവിളുകളിലും എല്ലാം ഭയത്തിന്റെ തിരയിളക്കം ഞാന്‍ കണ്ടു. കാലം കരുതിവച്ചിരിക്കുന്ന മറുപടികള്‍ അറിയാതെ ഞാന്‍ ആ കുരുന്നു ഭയത്തെ നെഞ്ചോടു ചേര്‍ത്ത് 
'ഇല്ല' .....'ഇല്ല' ...എന്ന് പിറുപിറുത്തുകൊണ്ടേയിരുന്നു 

രമയുടെ കൊച്ചു വീട്ടിലേക്കു കയറിചെല്ലുമ്പോള്‍ തറയില്‍ തുറന്നവച്ച  പാഠപുസ്തകത്തിലെ വരികള്‍ വടിവോടെ ഇരട്ട വര ബുക്കിലേക്ക് പകര്‍ത്തി എഴുതുകയായിരുന്നു പഞ്ചമി. തെളിഞ്ഞ പുഞ്ചിരിയോടെ എണീറ്റ്‌ അകത്തേക്ക് നോക്കി "അമ്മാ ...."  നീട്ടിവിളിച്ചു .തിരിഞ്ഞു ചുവരോട് ചേര്‍ന്ന് കിടന്ന കൊച്ചു ബെഞ്ചിലേക്ക് ചൂണ്ടി "ഇരിക്കൂ ...." എന്ന ആദിത്യ മര്യാദ ...
ക്രമേണ പഞ്ചമിയുടെ മുഖം വിഷാദ പൂര്‍ണമാകുന്നത് ഞാന്‍ കണ്ടു. പാഠപുസ്തകങ്ങളും അവശ്യം വേണ്ട തുണികളും പ്ലാസ്റ്റിക്‌ കൂടുകളിലാക്കി രമ എന്നെ ഏല്‍പ്പിച്ചു . അവളുടെ മെലിഞ്ഞ ദേഹത്തിനു പാകമല്ലാത്ത ഒരു വലിയ ടോപും സ്കേര്‍ട്ടും ,  മുറുക്കി പിന്നി ചുവന്ന രിബന്‍ കൊണ്ട് രണ്ടു വശത്താക്കി കെട്ടിയ മുടിയുമായി മുറിയില്‍ നിന്നു പഞ്ചമി ഇറങ്ങി വന്നു. കണ്‍ പീലികളിലെ നനവ്‌ ഞാന്‍ കാണാതിരിക്കാനാവും അവള്‍ കുനിഞ്ഞു നിന്നു. ആ കുഞ്ഞു കൈയില്‍ പിടിച്ചു  തിരിഞ്ഞു നടക്കുമ്പോള്‍ ഭയത്തിന്റെയും നിസ്സഹായതയുടെയും വിറയല്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു . ഇടയ്ക്ക് ഉയര്‍ന്ന അമര്‍ത്തിയ ഒരു തേങ്ങല്‍ എന്റെ മനസ്സിനെ നോവിച്ചു. എങ്കിലും പിന്നില്‍ ഞങ്ങളെ യാത്രയാക്കുന്ന  രമയെന്ന അമ്മയുടെ കണ്ണിലെ ആശ്വാസത്തിന്റെ നീര്‍തിളക്കം എനിക്ക് ഊര്ജ്ജമായി ....








3 comments:

  1. ithrayum prethekshichilaaa...

    ReplyDelete
  2. വായിച്ചപ്പോള്‍ സങ്കടം.
    ഹൃദ്യമായ കഥ.
    നന്നായി .
    ആശംസകള്‍

    ReplyDelete
  3. വല്ലാതെ പിടഞ്ഞു മനസ്സ്.. കൂടുതലൊന്നും പറയാന്‍ തോന്നുന്നില്ല.. എല്ലാ ആശംസകളും നേരുന്നു...

    ReplyDelete