Sunday, November 13, 2011

നിലാമഴ...: അവള്‍......അവള്‍മാത്രം....

നിലാമഴ...: അവള്‍......അവള്‍മാത്രം....:
ഇരുളിന്റെ  മറപറ്റി  വന്ന  ഒടുവിലത്തെ ആളും  വാതില്‍ചാരി  ഇറങ്ങിയപ്പോള്‍  നേരം  പാതിരാത്രി  കഴിഞ്ഞിരുന്നു . കൈ നീട്ടി മൂലക്കിരുന്ന റാന്തലിന്റെ  തിരി  ഉയര്‍ത്തിഅവള്‍ മുറിയില്‍ മഞ്ഞ വെട്ടം നിറച്ചു. അഴിഞ്ഞുലഞ്ഞ മുടി വരിക്കെട്ടികൊണ്ട് പായയില്‍ ഒട്ടുനേരം വെറുതെ ഇരുന്നു . പിന്നെ റാന്തല്‍ വിളക്കിനോടു ചേര്‍ന്നിരുന്ന മുറുക്കാന്‍ ചെല്ലം വലിച്ചെടുത്തു പതിയെ തുറന്നു. അമര്‍ത്തി വച്ചതിന്റെ ദേഷ്യത്തിലെന്നോണം ഒരു 100 രൂപ നോട്ട് പുറത്തേക്കു ചാടി .ചെല്ലം കമഴ്ത്തി സൂക്ഷിച്ചിരുന്ന മുഴുവന്‍ രൂപയും പയയിലിട്ടു എണ്ണി നോക്കി .ആവശ്യങ്ങളുടെ മുന്നില്‍ നിരാശയുടെ ദീര്‍ഘ നിശ്വാസങ്ങളില്‍ ആ കണക്കെടുപ്പ് അന്നും അലിഞ്ഞു പോയി .


          റാന്തല്‍ വിള ക്കുമായി  അവള്‍ അടുക്കളയില്‍  എത്തി. അടുപ്പില്‍ ചാരം മൂടിയ കനലുകള്‍ക്ക് മേലെ ആവി പറന്നിരുന്ന   വെള്ളക്കലം ചരിച്ചു ബക്കെട്ടിലേക്ക്  പകര്‍ന്നു .പിന്നെ ആയാസപ്പെട്ട്‌ റാന്തലും ആയി കുളിമുറിയിലെത്തി വാതില്‍ ചാരി . ചുവരില്‍ പതിച്ച പഴയ നിലക്കണ്ണാടിയില്‍ അവള്‍ സ്വയം കണ്ടു .എപ്പോളോ കുടുക്കുകള്‍ അഴിക്കപെട്ട ജാക്കെടിന്റെ ഉള്ളില്‍ അപമാനം പൂണ്ടു കുനിഞ്ഞ പെണ്ണിനെ പോലെ ഇടിഞ്ഞ വെളുത്ത മാറില്‍ ചുവന്നു  തി ണ് ര്‍ത്ത അടയാളങ്ങള്‍ ............ മിഴിനീര്‍ കാഴ്ചയെ മറച്ചപ്പോള്‍ അവള്‍ പെട്ടന്ന് ടെടോളിന്റെ കുപ്പി തുറന്നു ചൂടുവേല്ലതിലേക്ക് ഒഴിച്ചു. പിന്നെ മലിനമായ എന്തോ ഒന്ന് കഴുകി വൃത്തിയാക്കുന്ന വ്യഗ്രതയില്‍ ചൂടേറിയ വെള്ളം ദേഹത്തേക്ക് ഒഴിച്ചു . ശരീരത്തിലവിടവിടെ തോന്നിയ നീറ്റലുകള്‍ വെള്ളത്തിന്റെ ചൂട് മായിച്ചു കളഞ്ഞു. വാസന സോപ്പ് തേച്ചു ഇനിയും ബാക്കിയായ മാലിന്യത്തെ അകറ്റി യിട്ടാണ് മുടിയിലേക്ക് വെള്ളം തൂവിയത് . മാറോടൊട്ടി ക്കിടന്ന  കറുത്ത മുടിയിഴകളെ അവള്‍ തല ചരിച്ചു മൂക്കെത്തി മണത്തു നോക്കി . വൃത്തികെട്ട ചുരുട്ട് ബീഡി യുടെ മണം. അവള്‍ക്കു അറപ്പു തോന്നി  . "ഇതാരുടെ ഗന്ധമാണ് " ഒരു നിമിഷം അവള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. പെട്ടന്ന് തലയ്ക്കടിച്ചു സ്വയം തിരുത്തി. മറക്കണം. ഷാമ്പൂ വില്‍ പത പ്പിച്ചു ആ വെറു ക്ക പെട്ട  ഗന്ധത്തെ അവള്‍ മറന്നു. ആ ഗന്ധമിറങ്ങിയ ശരീരത്തെ വീണ്ടും വാസന സോപ്പില്‍ പതപ്പിച്ചു ടെടോള്‍ ഒഴിച്ച വെള്ളത്തില്‍ കഴുകി തൃപ്തി വരുത്തി.
     കാലം നിറം കുറച്ചതെങ്കിലും അലക്കി കഞ്ഞിവെള്ളം മുക്കി വെയിലത്ത്‌ ഉണങ്ങിയ കോട്ടന്‍ സാരി വൃത്തിയായി ഉടുത്ത്, നെറ്റിയില്‍ പൊട്ടുവച്ച്,കണ്ണില്‍ കരിമഷി എഴുതി കണ്ണാടിയില്‍ അവള്‍ സ്വയം നോക്കിനിന്നു. സിന്തൂര രേണുക്കള്‍ പടരാത്ത സീമന്ത രേഖയില്‍ മിഴികളുടക്കി. നുള്ളിയെടുത്ത സിന്തൂരം നെറ്റിയില്‍ ചേര്‍ത്തപ്പോള്‍ മൂക്കിലേക്ക് തൂവി വീണു. അതൊരു ഐശ്വര്യ സൂചകമായി മുത്തശ്ശി പണ്ടെങ്ങോ പറഞ്ഞത് അവളോര്‍ത്തു. ആ ഓര്‍മ്മ അര്‍ത്ഥങ്ങളുറങ്ങുന്ന ചിരിയായി മുഖത്ത്   നിറഞ്ഞപ്പോള്‍ അവള്‍ കിടപ്പ് മുറിയിലേക്ക് നടന്നു.

      മുറിയില്‍ തിരി താഴ്ത്തി കത്തിച്ചു വച്ചിരുന്ന
വിള ക്കു എപ്പോളോ അണഞ്ഞിരുന്നു. ഏട്ടന്‍ ഉറങ്ങിയോ? റാന്തല്‍ ഉയര്‍ത്തി അവള്‍ കട്ടിലിലേക്ക് നോക്കി. ശൂന്യതയിലെങ്ങോട്ടോ എന്നവണ്ണം നോക്കി കിടക്കുന്ന ആ കണ്ണുകള്‍. റാന്തല്‍ വെളിച്ചത്തില്‍ മിഴിനീര്‍ ചാലുകള്‍ തിളങ്ങി. അവളുടെ ഉള്ളം വല്ലാതെ  പിടഞ്ഞു. പൊങ്ങി വന്ന തേങ്ങല്‍ മിഴികളടച്ചു ഉള്ളിലേക്ക് ആഞ്ഞെടുത്ത ശ്വാസത്തില്‍ അമര്‍ത്തി ക്കളഞ്ഞു .

     തറയില്‍ വിരിച്ച തഴപ്പായില്‍ മകന്‍. അവളുടെ ദേഹത്തെന്നോണം തലയിണയില്‍ കാലുയര്‍ത്തി വച്ച് വിരലുകുടിച്ചു മാതൃത്വത്തിന്റെ സുരക്ഷിതത്വം സ്വയം കണ്ടെത്തി ഉറങ്ങുന്നു. .

       റാന്തല്‍ കട്ടിലിനോട് ചേര്‍ന്ന് കിടന്ന മേശയില്‍ വച്ച് തിരി താഴ്ത്തി അവള്‍ കട്ടിലില്‍ വന്നിരുന്നു. കുനിഞ്ഞപ്പോള്‍ മുന്നോട്ടു വീണ മുടിയില്‍ ഷാമ്പൂവിന്റെ വാസന . പ്രണയകാലത്ത് തന്റെ ഇഷ്ട്ടക്കെടിനെ മാനിച്ചു ബീഡി വലി നിര്‍ത്തിയ തന്റെ പതിയെ അവള്‍ പെട്ടന്ന് നോക്കി. തണുത്ത സ്നിഗ്തത മാറാത്ത വിരലുകള്‍ നീട്ടി ആ മിഴിനീര്‍ ചാലുകള്‍ അവള്‍ തുടച്ചു. പിന്നെ പാതി ചത്ത ആ ദേഹത്തെ തന്റെ വശത്തേക്ക് ചരിച്ചു കിടത്തി അവള്‍ ചേര്‍ന്ന് കിടന്നു . പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ ഒരുപാടിഷ്ട്ടപ്പെട്ടിരുന്ന പ്രണയ ഗാനം അവള്‍ പാടിത്തുടങ്ങി. അവന്റെ ഏറിയ ശ്വാസഗതിയില്‍  ആ  മനസ് അവളറിഞ്ഞു. ഒടുവില്‍ അത് നേര്‍ത് നേര്‍ത് ഉറക്കത്തിലെത്തിയപ്പോള്‍ അവള്‍ പട്ടു നിര്‍ത്തി. അല്ലെങ്കില്‍തന്നെ ഇനിയൊരു വാക്കും പുറത്തു വരാത്ത വിധം അവളുടെ കണ്ഠം ആത്മ നോവിന്റെ മുള്ളു കള്‍ കൊണ്ട് വേദനിച്ചിരുന്നു .

     അവള്‍ മനസുകൊണ്ട് അയാളുടെ കാല്‍ക്കല്‍ വീണു. ഞാന്‍ എന്നും ഏട്ടന്റെ മാത്രം പെണ്ണാണ്‌. വിപ്ലവം പാടിയ, വിപ്ലവം എഴുതിയ , പറഞ്ഞ , പ്രചരിപ്പിച്ച ഈ വിപ്ലവ കാരിയുടെ കരവലയത്തില്‍ ഒതുങ്ങി , ഈ നെഞ്ചിന്റെ ചൂടേറ്റു ജീവിക്കാന്‍ കൊതിച്ച ഏട്ടന്റെ മാത്രം പെണ്ണ്.
    വിവാഹ നിശ്ചയ തലേന്ന് സുഹൃത്തുക്കളുമായി വന്നു അയാള്‍  ജീവിതത്തിലേക്ക് കൈ പിടിച്ചു നടന്നപ്പോള്‍ പിന്നിലുയര്‍ന്ന നിസ്സഹായതയുടെ തേങ്ങലുക ളോ  ശാപ വര്‍ഷങ്ങളോ  അവളെ തളര്‍ത്തി യില്ല. വിവാഹ പത്രികയില്‍ ഒപ്പുവച്ചപ്പോള്‍ ഭാവി മന്ത്രി പത്നിയെന്നു പലരും ആശംസിച്ചു. വാടകയ്ക്കെടുത്ത കൊച്ചുവീട്ടില്‍ എത്തുമ്പോള്‍ എന്തിനും ഏതിനും ഓടിനടന്നു സഹായിക്കുന്ന ചങ്ങാതിമാര്‍ .. സഹപ്രവര്‍ത്തകര്‍..അവര്‍ വീടോരുക്കിയിരുന്നു..സദ്യ ഉണ്ടാക്കിയിരുന്നു ..മുല്ലമാലകളാല്‍ മണിയറ ഒരുക്കിയിരുന്നു... ഒടുവില്‍ കാച്ചി മധുരം ചേര്‍ത്ത് ഒരു ഗ്ലാസ്‌ പാല് അവളുടെ കൈകളിലെല്‍പ്പിച്ചതും അവരായിരുന്നു. അന്ന് അയാള്‍ അവളെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു.."നിന്നെ തള്ളിയത് രണ്ടു സഹോദരന്മാരെങ്കില്‍ ഇവിടെ നിനക്കൊരുപാട് സഹോദരന്മാരുണ്ട്.

    ശരിയായിരുന്നു. ആ സഹോദരന്മാരുണ്ടായിരുന്നു ജീവിത ഘട്ടങ്ങളില്‍ ഓരോന്നിലും . മോനുണ്ടായപ്പോള്‍.. അയാളുടെ  പേര് നിയമ സഭ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വന്നപ്പോള്‍..ഒടുവില്‍ നാമനിര്‍ദ്ദേശ പത്രിക കൊടുക്കും തലേന്ന് പാഞ്ഞു വന്ന കാര്‍ അയാളെ മാത്രം ഇടിച്ചു തെറിപ്പിച്ചപ്പോള്‍..ആശുപത്രി കിടക്കയില്‍ മരണത്തോട് മത്സരിച്ചു ജയിച്ചപ്പോള്‍..ആറു മാസത്തെ ആശുപത്രി വാസത്തില്‍..ഒക്കെ താങ്ങായി ഉണ്ണാതെ ഉറങ്ങാതെ അവര്‍ ഒപ്പം ഉണ്ടായിരുന്നു..

മകന്‍ ആദ്യമായി അച്ഛാ എന്ന് വിളിച്ചപ്പോള്‍ അയാള്‍ ആശുപത്രി കിടക്കയില്‍ ആയിരുന്നു
അന്ന് സന്തോഷവും ദുഖവും കലര്‍ന്ന വികാരത്തള്ളലില്‍ അയാള്‍ അവളോട്‌ പറഞ്ഞു.
"നീ മോനെ നന്നായി വളര്‍ത്തണം എനിക്ക് ഭേതമവും വരെ നീ എല്ലാം സഹിക്കണം ..എന്തവശ്യമു ണ്ടേ ലും നീ നമ്മുടെ സുഹൃത്തുക്കളോട് പ്രത്യേകിച്ചും ആത്മ മിത്രത്തോട് പറയണം . കൂടപ്പിറപ്പിനെപ്പോലെ  നിന്നെ അവന്‍ നോക്കും.  എനിക്ക് ഉറപ്പാണ്‌ "

      എല്ലാവരെയും വേദനിപ്പിച്ചു കൊണ്ട് അന്ന് അവളുടെ ഏട്ടന്റെ ശരീരവും നാവും തളര്‍ന്നു.ഒടുവില്‍ ഡോക്ടര്‍ പ്രതീക്ഷ കൈവിട്ടപ്പോള്‍ അയാളെ ഈ കട്ടിലിലേക്ക് എത്തിച്ചതും അവരായിരുന്നു ..പിന്നെയും അവര്‍ വന്നു ..സഹതാപത്തില്‍.. സഹായത്തില്‍... ക്രമേണ പലരും വരാതെ ആയി.  വാടക കുടിശിക കുടിയൊഴിപ്പിക്കലില്‍ എത്തിയപ്പോള്‍ ഒരുദിവസം അയാളുടെ ആത്മ മിത്രം അവളെ സഹായിച്ചു. ആറ് മാസത്തെ കുടിശികക്ക് ഒപ്പം ഒരു ആറു മാസത്തെ വാടക മുന്‍‌കൂര്‍ അടച്ചു അവളുടെ നിസ്സഹായതയ്ക്ക്‌ ആദ്യ വിലയിട്ടു .അന്നവളെടുത്ത വിഷക്കുപ്പിയില്‍ മൂന്നാള്‍ക്കും തികയുവോളം ഉണ്ടായിരുന്നു. പക്ഷെ മരുന്ന് കഴിക്കാന്‍ മടിയുള്ള മകന്‍ അലറിക്കരഞ്ഞുകൊണ്ട് തട്ടി തെറുപ്പിച്ചത് എന്നെന്നേ ക്കുമായുള്ള രക്ഷപെടാനുള്ള  അവളുടെ  തീരുമാനത്തെ കൂടെ ആയിരുന്നു. അവന്റെ കുഞ്ഞു തുടയില്‍ അന്നവള്‍ ആഞ്ഞടിച്ചു. അയാളുടെ നെഞ്ചില്‍ മുഖം ചേര്‍ത്ത് പൊട്ടിക്കരഞ്ഞു. ഒടുവിലെപ്പോളോ  മകനെ എടുക്കുമ്പോള്‍ അവന്‍ തളര്‍ന്നു ഉറങ്ങിയിരുന്നു. നാല് വിരലുകളുടെ തി ണ് ര്‍ത്ത പാടുകള്‍ അപ്പോളും ആ തുടയില്‍ ഉണ്ടായിരുന്നു.


        ഒരുദിവസം അയാള്‍ എഴുനേല്‍ക്കും എന്നവള്‍ സ്വപ്നം കണ്ടു . ആ സ്വപ്നത്തിന്റെ ഊര്‍ജ്ജ ത്തില്‍ അവള്‍ ജീവിച്ചു. അവളുടെ നിസ്സഹായതയില്‍ ജീവ
രേണുക്കള്‍ തൂവിയ ആരെയും അവള്‍ കണ്ടില്ല. അറിഞ്ഞില്ല.അയാള്‍ക്കല്ലാതെ ആ മനസിന്റെ വാതില്‍ തുറക്കപെട്ടില്ല .അപരിചിതങ്ങളായ ഒരു ജീവരേണു വിനും  അവളിലെ ജീവബിന്ദു കീഴ്പെട്ടില്ല. ചൂട് വെള്ളവും ടെട്ടോലും ഷാമ്പൂവും വാസന സോപ്പും ചേര്‍ത്ത് അവള്‍ മലിനമായ ശരീരത്തെ ശുദ്ധി വരുത്തി കാത്തിരുന്നു. ഒരിക്കലും മാലിന്യ മേല്ക്കാത്ത മനസ്സോടെ ... ആത്മവോടെ ....

No comments:

Post a Comment