Wednesday, April 11, 2012

പ്രവാസം സമ്മാനിച്ച കുറ്റബോധമേറിയ ഒരോര്‍മ്മ

പ്രവാസം സമ്മാനിച്ച കുറ്റബോധമേറിയ ഒരോര്‍മ്മ

ആ പ്രഭാതവും എനിക്ക് സാധാരണ പോലെ ആയിരുന്നു. സുഖമായ ഉറക്കത്തെ  അലോസരപ്പെടുത്തി ചിലച്ചു തുടങ്ങിയ ചെറിയ ടൈം പീസിനെ സര്‍വ്വ നീരസവും ചേര്‍ത്ത് അമര്‍ത്തി നിശബ്ദയാക്കി കിടക്ക വിട്ടു എണീക്കുമ്പോള്‍ സൂര്യ കിരണങ്ങള്‍  ബാല്‍ക്കണിയില്‍ എത്തിനോക്കിതുടങ്ങിയിരുന്നു. ഏതോ സുഖസ്വപ്നത്തില്‍ ഊറിച്ചിരിക്കുന്ന മകളെയും ഇനിയും പ്രഭാതമായി എന്ന് അറിയാതുറങ്ങുന്ന ഭര്‍ത്താവിനെയും തെല്ല്  അസ്സൂയയില്‍ നോക്കി കിടക്ക വിട്ടു എണീക്കുമ്പോള്‍ ' ഒരു നല്ല ദിനമായിരിക്കണേ ഭഗവാനെ ' എന്ന് മാത്രം ചിന്തിച്ചു. അതും പതിവ് പോലെ ....

കുളിമുറിയുടെ വാതില്‍ തുറന്നപ്പോള്‍ അകത്തു പതിവില്‍ കവിഞ്ഞ പ്രകാശം .അടുത്ത ഫ്ലാറ്റിലെ കുളിമുറിയില്‍ കത്തി നില്‍ക്കുന്ന ലൈറ്റിന്റെ ഒളി ചെറു ജാലക പഴുതിലൂടെ എതുന്നതായിരുന്നു   അത്. അത് പതിവുള്ളതല്ല. അധ്യാപികയായ അമ്മയും ബിസ്സിനസ് കാരനായ അച്ഛനും മൂന്ന് ച്ചുനക്കുട്ടന്മാരും അടങ്ങിയ ഒരു ഇറാനി കുടുംബമാണ് അവിടെ താമസക്കാര്‍. കാണുമ്പോള്‍ ഒരു ചെറു ചിരിയിലൊതുങ്ങുന്ന അയല്‍വക്ക ബന്ധം .

അടുക്കളയില്‍ എന്റെ വായാടി കൂട്ടുകാരിയായ എഫ് എം റേഡിയോ ഒരു വിരല്‍ അമര്‍ത്തലിനായി  കാത്തിരുന്നത് പോലെ പറഞ്ഞുതുടങ്ങി . പ്രഭാത ഭക്ഷണം ,മോള്‍ക്ക്‌ സ്കൂളിലേക്ക് ഉള്ള ഭക്ഷണം ...എന്റെ തിരക്കുകള്‍.....എന്റെ ലോകം .....പ്രവാസത്തിന്റെ ഓരോ ദിനവും പോലെ ആ ദിനവും ധൃതിയില്‍ സായന്തനം തേടി പാഞ്ഞു പോയി. ഒടുവില്‍ മകളുടെ സ്കൂള്‍ ബസ്‌ കത്ത് മുറിവിട്ടു പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു ഫ്ലാറ്റിലെ പെണ്‍കുട്ടിയെ കണ്ടത്. കൊച്ചു വര്‍ത്തമാനങ്ങള്‍ക്കു ഒരാളെ കിട്ടിയ ആവേശമായിരുന്നു അപ്പോളെനിക്ക്.

"എന്നാലും കഷ്ട്ടമായിപ്പോയി ആ 706 ലെ കാര്യം അല്ലെ ?" മുഖവുരയില്ലാതെ ആ കുട്ടി പറഞ്ഞ വാചകത്തില്‍ എനിക്ക് മനസ്സിലാക്കാന്‍ ഒന്നുമില്ലായിരുന്നു. എന്റെ അയല്‍വാസികളാണ് 706  നമ്പര്‍ ഫ്ലാറ്റ്.  'എന്ത് പറ്റി  706  ല്‍' എന്ന് ഞാന്‍ ചോദിക്കും മുന്‍പ് മാഹിക്കരിയായ സുഹൃത്തിന്റെ ചോദ്യം എത്തി. "ഇങ്ങളറിഞ്ഞില്ല അപ്പൊ ?"....ഇല്ല എന്ത് പറ്റി എന്ന് പ്പോള്‍ മാത്രമാണ് ഞാന്‍ ചോദിച്ചത്.

706  ലെ ആള് മരിച്ചു...വെളുപ്പിന്....ഹാര്‍ട്ട്  അറ്റയ്ക്ക്  ആയിരുന്നു. ...പോലീസ്  ഒക്കെ വന്നിരുന്നു. അങ്ങനെ കുറെ വാക്കുകള്‍ ...വാചകങ്ങള്‍...അതിനപ്പുറത്ത് ഒന്നും എന്റെ ചെവികള്‍ക്ക് തിരിച്ചറിയാനായില്ല.

ഒരു ചുമരിനപ്പുറം ഒരു ജീവന്‍ പൊലിഞ്ഞത്, ഒരു ജീവിതം അവസാനിച്ചത്‌ ഞാന്‍ അറിഞ്ഞില്ല. ജീവിതത്തിന്റെ , സുരക്ഷിതത്വത്തിന്റെ  ഹൃദയം വേദനിച്ചു ഒടുങ്ങുന്നതു കണ്ടു നിസ്സഹായതയില്‍ പൊട്ടിക്കരഞ്ഞിരിക്കാം ആ ഭാര്യ ... തണുത്തുറയുന്ന പിതൃ സ്നേഹത്തെ പകപ്പോടെ നോക്കി നിന്നിരിക്കാം ആ കുരുന്നു ബാല്യങ്ങള്‍ .ഒന്നും ഞാന്‍ അറിഞ്ഞില്ല . ഒരു ചുവരിനപ്പുറം എന്റെ കിടപ്പ് മുറിയില്‍ ഒന്നുമറിയാതെ ഞാന്‍ അപ്പോളും ഉറങ്ങുകയായിരുന്നു. ഈ പ്രവാസം സമ്മാനിച്ച ആ കുറ്റബോധത്തെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കും വിധം ആഴ്ചകളോളം  ആ അണയാത്ത ലൈറ്റിന്റെ വെട്ടം എന്റെ കുളിമുറിയിലൂടെ...എന്റെ മനസ്സിലേക്ക്  ........

1 comment:

  1. ഇതു പോലെ ഒരു അനുഭവം എനിക്കും ഉണ്ടായി ചേച്ചീ.

    ReplyDelete