Thursday, February 28, 2013

തിരിച്ചറിവുകള്

തിരിച്ചറിവുകള്
-------------------------
നിന്‍ ഉയിര്‌തൊട്ടെഴുതിയൊരാ
പ്രണയ ലേഖനം ഇന്ന്
കാലപ്പഴക്കത്താല്‍ പിഞ്ഞി
വാക്കുകള്‍ മുറിഞ്ഞു പൊയ്

മോഹ മുത്തുകള്‍ ചേര്‍ത്തു
ഞാന്‍ ചാര്‍ത്തിയോരാ മാലയും
നിറം മങ്ങി , നൂല്‍ പൊട്ടി
മണികളൂര്‍ന്ന് അനാഥമായ്

Tuesday, February 5, 2013

പെണ്ണെഴുത്ത്‌

പെണ്ണെഴുത്ത്‌.

അകമുറിയില്‍ അടുക്കളയില്‍
ഉമ്മറക്കോലായില്‍ പിന്നെ
പൈതങ്ങള്‍ പണിയാളര്
ഒക്കെയ്ക്കുമൊടുവില്‍
ഒരുവരി കുറിക്കില്‍
അത് പെണ്ണെഴുത്ത്‌.

പ്രത്യേകം അറ കെട്ടി
അകക്കാമ്പ് തോണ്ടി
'കഴമ്പില്ല ,ഉയിരില്ല '
പതംപറഞ്ഞു
കൊട്ടിയടയ്ക്കും പടികള്‍ ‍ക്കുമ പ്പുറം
ഒരു ചെറു പഴുതിലൂടെ
ഉഴറി നോക്കും കണ്ണില്‍
"ഇവളിതെങ്ങോട്ടീശ്വരാ "
എന്നാ ഭാവം

Monday, February 4, 2013

വാക്ക്

വാക്ക് -1
----------

എന്റെ ചരമ വാര്‍ത്തയ്ക്കൊടുവില്‍ നീ
കുറിച്ചിട്ടൊരാ പ്രണയ വാക്കുകള്‍
ഒരുവേള മുന്നേ പറഞ്ഞിരുന്നെങ്കില്‍
ഞാനും പ്രാര്തിക്കുമായിരുന്നു ദീര്‌ഘായുസ്സിനായ്

വാക്ക് -2
----------

കണ്ടനാള്‍ മുതല്‍ മനസ്സില്‍ പ്രണയമായിരുന്നെങ്കിലും
തൊണ്ടയില്‍ കുരുങ്ങി പറയാഞ്ഞ വാക്കിന്റെ
തിരുശേഷിപ്പായി ഇന്നുമെന്‍ ഇടത്തിടം
ശൂന്യമായ് കിടക്കുന്നീ ജീവിതം പോലെ ..

വാക്ക് -3
------------
ഇന്നലെവരെ പലവാക്കിലവള്‍
മകള്‍ ,
പെങ്ങള്‍ ,
കൂട്ടുകാരി,
ശിഷ്യ ,
കാമുകി

ഇന്ന് പത്രത്തില്‍
ടി വി യില്‍
നാലും കൂടും കവലകളില്‍
അകത്തള ചര്‍ച്ചകളില്‍
ഒരു വാക്കില്‍ മാത്രം
"ഇര "
പീഡന കേസിലെ ഇര

Wednesday, April 11, 2012

പ്രവാസം സമ്മാനിച്ച കുറ്റബോധമേറിയ ഒരോര്‍മ്മ

പ്രവാസം സമ്മാനിച്ച കുറ്റബോധമേറിയ ഒരോര്‍മ്മ

ആ പ്രഭാതവും എനിക്ക് സാധാരണ പോലെ ആയിരുന്നു. സുഖമായ ഉറക്കത്തെ  അലോസരപ്പെടുത്തി ചിലച്ചു തുടങ്ങിയ ചെറിയ ടൈം പീസിനെ സര്‍വ്വ നീരസവും ചേര്‍ത്ത് അമര്‍ത്തി നിശബ്ദയാക്കി കിടക്ക വിട്ടു എണീക്കുമ്പോള്‍ സൂര്യ കിരണങ്ങള്‍  ബാല്‍ക്കണിയില്‍ എത്തിനോക്കിതുടങ്ങിയിരുന്നു. ഏതോ സുഖസ്വപ്നത്തില്‍ ഊറിച്ചിരിക്കുന്ന മകളെയും ഇനിയും പ്രഭാതമായി എന്ന് അറിയാതുറങ്ങുന്ന ഭര്‍ത്താവിനെയും തെല്ല്  അസ്സൂയയില്‍ നോക്കി കിടക്ക വിട്ടു എണീക്കുമ്പോള്‍ ' ഒരു നല്ല ദിനമായിരിക്കണേ ഭഗവാനെ ' എന്ന് മാത്രം ചിന്തിച്ചു. അതും പതിവ് പോലെ ....

കുളിമുറിയുടെ വാതില്‍ തുറന്നപ്പോള്‍ അകത്തു പതിവില്‍ കവിഞ്ഞ പ്രകാശം .അടുത്ത ഫ്ലാറ്റിലെ കുളിമുറിയില്‍ കത്തി നില്‍ക്കുന്ന ലൈറ്റിന്റെ ഒളി ചെറു ജാലക പഴുതിലൂടെ എതുന്നതായിരുന്നു   അത്. അത് പതിവുള്ളതല്ല. അധ്യാപികയായ അമ്മയും ബിസ്സിനസ് കാരനായ അച്ഛനും മൂന്ന് ച്ചുനക്കുട്ടന്മാരും അടങ്ങിയ ഒരു ഇറാനി കുടുംബമാണ് അവിടെ താമസക്കാര്‍. കാണുമ്പോള്‍ ഒരു ചെറു ചിരിയിലൊതുങ്ങുന്ന അയല്‍വക്ക ബന്ധം .

അടുക്കളയില്‍ എന്റെ വായാടി കൂട്ടുകാരിയായ എഫ് എം റേഡിയോ ഒരു വിരല്‍ അമര്‍ത്തലിനായി  കാത്തിരുന്നത് പോലെ പറഞ്ഞുതുടങ്ങി . പ്രഭാത ഭക്ഷണം ,മോള്‍ക്ക്‌ സ്കൂളിലേക്ക് ഉള്ള ഭക്ഷണം ...എന്റെ തിരക്കുകള്‍.....എന്റെ ലോകം .....പ്രവാസത്തിന്റെ ഓരോ ദിനവും പോലെ ആ ദിനവും ധൃതിയില്‍ സായന്തനം തേടി പാഞ്ഞു പോയി. ഒടുവില്‍ മകളുടെ സ്കൂള്‍ ബസ്‌ കത്ത് മുറിവിട്ടു പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു ഫ്ലാറ്റിലെ പെണ്‍കുട്ടിയെ കണ്ടത്. കൊച്ചു വര്‍ത്തമാനങ്ങള്‍ക്കു ഒരാളെ കിട്ടിയ ആവേശമായിരുന്നു അപ്പോളെനിക്ക്.

"എന്നാലും കഷ്ട്ടമായിപ്പോയി ആ 706 ലെ കാര്യം അല്ലെ ?" മുഖവുരയില്ലാതെ ആ കുട്ടി പറഞ്ഞ വാചകത്തില്‍ എനിക്ക് മനസ്സിലാക്കാന്‍ ഒന്നുമില്ലായിരുന്നു. എന്റെ അയല്‍വാസികളാണ് 706  നമ്പര്‍ ഫ്ലാറ്റ്.  'എന്ത് പറ്റി  706  ല്‍' എന്ന് ഞാന്‍ ചോദിക്കും മുന്‍പ് മാഹിക്കരിയായ സുഹൃത്തിന്റെ ചോദ്യം എത്തി. "ഇങ്ങളറിഞ്ഞില്ല അപ്പൊ ?"....ഇല്ല എന്ത് പറ്റി എന്ന് അപ്പോള്‍ മാത്രമാണ് ഞാന്‍ ചോദിച്ചത്.

706  ലെ ആള് മരിച്ചു...വെളുപ്പിന്....ഹാര്‍ട്ട്  അറ്റയ്ക്ക്  ആയിരുന്നു. ...പോലീസ്  ഒക്കെ വന്നിരുന്നു. അങ്ങനെ കുറെ വാക്കുകള്‍ ...വാചകങ്ങള്‍...അതിനപ്പുറത്ത് ഒന്നും എന്റെ ചെവികള്‍ക്ക് തിരിച്ചറിയാനായില്ല.

ഒരു ചുമരിനപ്പുറം ഒരു ജീവന്‍ പൊലിഞ്ഞത്, ഒരു ജീവിതം അവസാനിച്ചത്‌ ഞാന്‍ അറിഞ്ഞില്ല. ജീവിതത്തിന്റെ , സുരക്ഷിതത്വത്തിന്റെ  ഹൃദയം വേദനിച്ചു ഒടുങ്ങുന്നതു കണ്ടു നിസ്സഹായതയില്‍ പൊട്ടിക്കരഞ്ഞിരിക്കാം ആ ഭാര്യ ... തണുത്തുറയുന്ന പിതൃ സ്നേഹത്തെ പകപ്പോടെ നോക്കി നിന്നിരിക്കാം ആ കുരുന്നു ബാല്യങ്ങള്‍ .ഒന്നും ഞാന്‍ അറിഞ്ഞില്ല . ഒരു ചുവരിനപ്പുറം എന്റെ കിടപ്പ് മുറിയില്‍ ഒന്നുമറിയാതെ ഞാന്‍ അപ്പോളും ഉറങ്ങുകയായിരുന്നു. ഈ പ്രവാസം സമ്മാനിച്ച ആ കുറ്റബോധത്തെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കും വിധം ആഴ്ചകളോളം  ആ അണയാത്ത ലൈറ്റിന്റെ വെട്ടം എന്റെ കുളിമുറിയിലൂടെ...എന്റെ മനസ്സിലേക്ക്  ........

Thursday, March 15, 2012

മനുവിനെ തോല്പിച്ചവള്‍

മനുവിനെ തോല്പിച്ചവള്‍
__________________________

പേറ്റു നോവിന്റെ കയറ്റിറക്കങ്ങള്‍ക്കുടുവില്‍ പിറവിയുടെ ആദ്യ കരച്ചില്‍ കേള്‍ക്കുമ്പോള്‍ കിടക്കയുടെ പച്ചക്കളര്‍ റെക്സിനില്‍ ഇറുക്കി പ്പിടിച്ചിരുന്ന അവളുടെ വിരലുകള്‍ സാവധാനം അയഞ്ഞു തുടങ്ങി .മധ്യവയസ്കയായ ഡോക്ടര്‍ കവിളില്‍ തട്ടിക്കൊണ്ടു "തന്നെ പോലെ ഒരു മകള്‍ " എന്ന് പറഞ്ഞു നീങ്ങുമ്പോള്‍ വിയര്‍പ്പു പൊടിഞ്ഞു നിന്ന അവളുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിടര്‍ന്നു. പുറത്തു മൂന്നാമത്തെ കുഞ്ഞും പെണ്‍ കുട്ടിയെന്നു അറിയുമ്പോള്‍ കറുക്കുകയും വലിഞ്ഞു മുറുകുകയും നിരാശയോടെ ദീര്‍ഘ നിശ്വാസം കഴിക്കുകയും ചെയ്യുന്ന മുഖങ്ങളെ അവള്‍ ഓര്‍ത്തു.

"മനൂ നിന്നെ ഞാന്‍ തോല്‍പിച്ചിരിക്കുന്നു ..വാര്‍ധക്യത്തില്‍ ഞാന്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ആവോളം ശ്വസിക്കും ......" എന്ന് പിറു പിറു ത്തുകൊണ്ട് അവള്‍ മയക്കത്തിലേക്ക് വഴുതി വീണു .മയക്കതിലെന്തോ പറയാന്‍ ശ്രമിക്കുന്നു എന്നതിനപ്പുറം മനു സ്മൃതിയിലെ 'പിതാ രേക്ഷിതി കൌമാരേ , ഭക്തൃ രക്ഷിതി യൌവ്വനെ, പുത്രോ രേക്ഷിതി വാര്ധക്യെ ...ന : സ്ത്രീ സ്വാതന്ത്ര്യ മര്ഹതി' എന്നാ പ്രീ ഡിഗ്രി ക്ലാസ്സില്‍ അരുന്ധതി ടീച്ചര്‍ ചര്‍ച്ച ചെയ്ത സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അഴിയാ കുരുക്കുകള്‍ക്കെതിരെ അവളുടെ ഉപബോധ മനസ്സിന്റെ വിളമ്പരം ആണെന്ന് ആരും തിരിച്ചറിഞ്ഞില്ല ......

Friday, January 20, 2012

ഭാഗ്യവാന്‍

ഭാഗ്യവാന്‍


അന്ത്യ ശ്വാസത്തിനാര്‍ത്തിയില്‍  പൊങ്ങിയ

നെഞ്ചിനുള്ളില്‍ വലിഞ്ഞു കുറുകിയ കഫസ്വരം

'അച്ഛനെന്നെ പേര്‍ ചൊല്ലി വിളിച്ചല്ലോ 'ന്നു -

ച്ചത്തില്‍ പേര്‍ക്കുന്നു പെണ്ണൊരുത്തി.


തല്ക്കീഴു കരുതിയ ഒട്ടുമൊന്തയില്‍ നീര്‍ തേടി

നീണ്ട വലംകൈ  നെഞ്ചോട്‌ ചേര്‍ത്തി -

'ട്ടെത്തി  ഞാനച്ചാ'എന്ന് പുലമ്പുന്നോരുത്തന്‍


കുടഞ്ഞു വലിക്കാന്‍ ത്രാണി പോരാഞ്ഞി -

ട്ടിടംകൈ  പൊന്തിച്ചതും പിടിച്ചിടത്തിരുന്നോന്‍


ഒടുക്കം നീര്‍ വറ്റി ഒട്ടിയ തൊണ്ടയില്‍

ഒടുക്കത്തെ ചലനം പിടഞ്ഞു നീങ്ങെ

കോടിയ ചുണ്ടുകണ്ടോതി  മാലോകര്‍

ഭാഗ്യവാന്‍ ,

ചിരിച്ചുകൊണ്ടാന്ത്യം വരിച്ചവന്‍

Monday, December 12, 2011

പെണ്‍കിടാവ്

പെണ്‍കിടാവ്


കൈവിട്ടു മെല്ലെ ഒഴുകി നീങ്ങുന്നോരാ
കടലാസ്സു വള്ളത്തെ ഉറ്റു നോക്കീട്ട -
അയ്യയ്യോ പോയല്ലോ അച്ഛായെന്നിങ്ങനെ
അഴലില്‍ ചിണുങ്ങുന്ന പെണ്‍കിടാവ്

ചാരത്തണച്ചു തഴുകി തലോടിക്കൊണ്ട -
രുമയായ് ചൊല്ലുന്നു കരയരുതേ
തലയിലെ കെട്ടിലായ് തിരുകിയ കടലാസ്സില്‍
വേറെ ചമയ്ക്കുന്നു വള്ളമച്ചന്‍

ഒക്കെയും കണ്ടുകൊണ്ടാരികത്തൊരു പാത്രത്തില്‍
തിരു താളി ഞെരുടി ഒരുക്കുമമ്മ
കോരിയെറി ഞ്ഞൊരു കൈക്കുമ്പിള്‍ നിറയുന്ന
കുളിരോലും അരുവിതന്‍ സ്നേഹ വായ്പ്

പൊട്ടിച്ചിരിച്ചും കഥകള്‍ പറഞ്ഞുമാ
അരുവിതന്‍ കരയിലെ സ്വര്‍ഗ്ഗ സ്നേഹം
ഒരു തെല്ലസ്സൂയയില്‍ കണ്ടു ചിരിച്ചിട്ട -
ടവിയും അരുണനും നോക്കി നിന്നു.

ഛടുതിയില്‍ എത്തിയ കാര്‍മുകില്‍ കൂട്ടങ്ങള്‍
അരുണന്റെ കാഴ്ച മറച്ചു മെല്ലെ
മഴവരുമിനി  വെക്കം വീടണയാമെന്ന്
പലവുരു ചൊല്ലിയാ മാതവപ്പോള്‍

ഇനിയും കളിക്കേണം നീന്താന്‍ പഠിക്കേണം
കൊഞ്ചിപ്പറഞ്ഞവള്‍ പെണ്‍കിടാവ്
ശാട്ട്യം പിടിച്ചും പിണങ്ങിക്കരഞ്ഞുമാ
താതന്റെ കൈകളില്‍ തൂങ്ങും ബാല്യം

ഇനി നാളെ വന്നീടാം ഏറെ ക്കളിചീടാം
ഇന്നുവേണ്ടീ മുകില്‍ പെയ്തെന്നലോ
ഒടുവില്‍ പിണങ്ങി ,ഞാന്‍ മിണ്ടൂലെന്നോതി
ക്കൊണ്ടാച്ചന്റെ കൈ തട്ടി ഓടി പെണ്ണാള്‍

വളവു തിരിഞ്ഞാലോ വയലുകളാണതിന്‍
അപ്പുറത്താണവര്‍ വാഴും ഗ്രാമം
ഉണ്ട് കുറച്ചു നടക്കാനതെങ്കിലും
നിത്യവും ഈ യാത്ര ഉത്സവമേ ..

പെട്ടന്ന് മാനം കറുത്തു  പടിഞ്ഞാറ്
ഉച്ചത്തില്‍ ഗര്‍ജ്ജിച്ചു മേഘനാഥന്‍
മോളെ ന്നു നീട്ടി വിളിച്ചിട്ട താതനും
വെക്കത്തിലോടിയാ വയല്‍ വരമ്പില്‍

കാണാവും ദൂരത്തെ വയല്‍ വാര വീഥിയില്‍
കാണാനേ ഇല്ലല്ലോ പെണ്‍ കിടാവ്
എവിടെയെന്‍ പൊന്മകള്‍ എന്ന് കേണിട്ടാ
അമ്മയും ആകെ പരവശയായി

വീശിയടിച്ച മഴക്കാറ്റിലാവാര്‍ത്ത
ദൂരത്താ ഗ്രാമത്തില്‍ ആര്‍ത്തു പെയ്തു
കേട്ടവര്‍ കേട്ടവര്‍ തേടാന്‍ ഇറങ്ങീട്ടും
കണ്ടീല പെണ്ണാളെ അന്തി വരേം

ആ ദുഃഖം കണ്ടിട്ടുരുകും മനമോടെ
അരുണനും വെക്കം മിഴിയടച്ചു
ഓര്‍ത്ത്‌ പറഞ്ഞും സ്വയം പഴിച്ചും
പിന്നെ ദൂരത്തെക്കാശയാല്‍ നോക്കുന്നമ്മ

കറ്റകള്‍ തോറും പകര്‍ന്നൊരു തീയിനാല്‍
ആ ഗ്രാമം രാവിലുണര്‍ന്നു തേടി
തീ പകര്‍ന്നോരോരോ  കറ്റയും നീങ്ങുമ്പോള്‍
ആ കനല്‍ ചൂടമ്മ ഏറ്റു വാങ്ങി .

കഥയുലെ പൂതമിറങ്ങി മറച്ചതോ
കളികാട്ടാന്‍ മിണ്ടാതെ മൂലയ്ക്കൊളിച്ചതോ
എങ്ങുപോയ് ഓമലേ ഈ നൊടി നേരത്തില്‍
ഒന്നു നീ  വെക്കത്തില്‍ വന്നുവെങ്കില്‍

പിറ്റേന്ന്

മഴയില്‍ കുതിര്‍ന്നോരാ ഗ്രാമത്തിന്‍ നെഞ്ചി -
ലെക്കരുണനും മെല്ലെ മിഴിതുറന്നു.
കാറ്റും കിളികളും കൊച്ചുമരങ്ങളും
ആ വാര്‍ത്ത ചൊല്ലാന്‍ അറച്ചു നിന്നു.

വയലുകള്‍ക്കരുകിലെ കൈതോല കാട്ടിലായ്‌
ഒടുവിലാ പൂമേനി കണ്ടെടുത്തു
കൊഞ്ചല്‍ നിലച്ചോര പിഞ്ചുടല്‍ ചേര്‍ത്തുകൊണ്ട -
ലറി ക്കരഞ്ഞച്ച്ചന്‍ വീണു പോയി.

കൈ തട്ടി എന്തിനെ ഈ വഴി ഓടി നീ
കല്‍ വഴുതും വഴി ചൊല്ലീതല്ലേ
ഇനിയച്ച്ചന്‍ തീര്‍ക്കുന്ന കടലാസ്സു വള്ളങ്ങള്‍
നീരണിയാത്തവ ആര്‍ക്കു വേണ്ടി .

മക്കള്‍ വിയോഗങ്ങള്‍ കാണുന്നതാണഹോ
ഏറ്റവും ദുര്‍ഘടം ഈ ഉലകില്‍
പേര്‍ത്തും പറഞ്ഞും വിതുമ്പിക്കരഞ്ഞുമ
അമ്മതന്‍ പ്രജ്ഞ ഉരുകിടുന്നു .

ദുഖക്കടലിനു ആഴങ്ങള്‍ ഏറ്റിക്കൊണ്ട്
ഒടുവിലായ് ആ വാര്‍ത്ത പാഞ്ഞു വന്നു.
കാമം പെരുത്തേതോ ഭ്രാന്ത മനുജന്റെ
ക്രൂര നഖത്താല്‍ പൊലിഞ്ഞ പുഷ്പ്പം

കേട്ടവര്‍ കേട്ടവര്‍ ഞെട്ടിത്തരിച്ചുപോയ്‌
ആരയ്യോ ചെയ്തതീ കൊടിയ പാപം
വിടരാന്‍ കൊതിച്ചൊരാ കൊച്ചു മുകുളത്തെ
പുലരിക്കു മുന്നേ ഇറുത്തിതയ്യോ

ദുഃഖ കടലൊരു കോപ ത്തിരയായി
ദിക്കുകള്‍ തോറും അലരിയിരമ്പവേ
അമ്മ മനസ്സുകള്‍ താത ഹൃദയങ്ങള്‍
നാളയെ ഓര്‍ത്ത്‌ ഭയന്നിടുന്നു

ചേല വിടര്‍ത്തി മറച്ചമ്മ പെണ്‍ മുഖം
ചേലേറ്റും കണ്മഷി തൂത്തെറിഞ്ഞു
പിച്ച നടക്കാന്‍ പഠിക്കുന്ന പെണ്മക്കള്‍
പിച്ചള പൂട്ടിട്ടോളിപ്പിച്ചു താതന്മാര്‍

റാഞ്ചിപ്പറക്കുവാന്‍ തക്കം പാര്‍ത്തില -
ചാര്‍ത്തിലൊളിച്ചൊരു പ്രാപ്പിടിയന്‍
ഏതു നിഴല്‍ പറ്റിപറന്നിറങ്ങും , ചിന്ത
ചിത്തം തകര്‍ന്നവര്‍ പാര്‍ത്തിടുന്നു ...

9.dec.2011
dubai gramika